Faith And Reason - 2024

ഐ‌എസ് തീവ്രവാദികളുടെ വെടിയേറ്റ കാസ സ്പാനിഷ് ദേവാലയങ്ങളിൽ പ്രദർശനത്തിന്

പ്രവാചക ശബ്ദം 29-08-2020 - Saturday

മാഡ്രിഡ്/ക്വരാഘോഷ്: പീഡിത ക്രൈസ്തവ സമൂഹത്തെ സ്മരിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ വെടിയേറ്റ കാസ സ്പെയിനിലെ മലാഖ രൂപതയുടെ ദേവാലയങ്ങളിൽ പ്രദർശനത്തിന്. ഇറാഖിലെ ക്വരാഘോഷ് നഗരത്തിൽ സ്ഥിതിചെയ്യുന്ന സിറിയൻ കത്തോലിക്ക ദേവാലയത്തിൽ നിന്നാണ് കാസ കണ്ടുകിട്ടിയത്. പിന്നീട് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ശ്രമഫലമായി സ്പെയിനിൽ എത്തിക്കുകയായിരിന്നു. ക്രൈസ്തവർ വിശുദ്ധ വസ്തുവായി കാണുന്ന കാസ തീവ്രവാദികൾ വെടിവെക്കാനുളള പരിശീലന വസ്തുവായി കണക്കാക്കിയെന്ന് മലാഖയിലെ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയുടെ പ്രതിനിധി അന മരിയ അൽഡിയ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങൾ വെടിവെച്ച കാസയുടെ സാന്നിധ്യത്തിൽ വിശുദ്ധ കുർബാനയർപ്പണം നടക്കുമെന്ന് തീവ്രവാദികൾ കരുതിയില്ല. സഭയുടെ ആദ്യ നാളുകൾ മുതൽ വിശ്വാസികൾ അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന മതപീഡനം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു പ്രദർശനം സംഘടിപ്പിച്ചതെന്നും അന പറഞ്ഞു. കർത്താമയിലുളള സാൻ ഇസിദോർ ദേവാലയത്തിലാണ് കാസ ആദ്യമായി വിശുദ്ധ കുർബാനയ്ക്കു ഉപയോഗിച്ചത്. സെപ്റ്റംബർ 14 വരെ മലാഖ രൂപതയിൽ കാസ പ്രദർശനത്തിനുണ്ടാകും. 2014ലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന ഉത്തര ഇറാഖ് കീഴടക്കുന്നത്. പിന്നീട് നിനവേ പ്രവിശ്യയിലേക്കും ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചു.

തീവ്രവാദി സംഘടനയുടെ ആവിർഭാവത്തിനു ശേഷം ഒരു ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളാണ് പ്രവിശ്യയിൽ നിന്ന് പലായനം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് നിരവധി ക്രൈസ്തവ ഭവനങ്ങളും, ദേവാലയങ്ങളും തകർത്തു. ക്രൈസ്തവ വിശ്വാസികളെയും, മറ്റു ന്യൂനപക്ഷങ്ങളെയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലക്ഷ്യം വെക്കുന്നതിനെ വംശഹത്യയോടാണ് 2016ൽ യൂറോപ്യൻ യൂണിയനും അമേരിക്കയും, ബ്രിട്ടണും ഉപമിച്ചത്. 2017ൽ സംഘടനയെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉന്മൂലനം ചെയ്തിരിന്നു. ഇതിനു ശേഷമുള്ള ക്രൈസ്തവരുടെ മടങ്ങിവരവ് മന്ദഗതിയിലാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »