Social Media - 2024

പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് 08-09-2020 - Tuesday

"ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു". നിരീശ്വരനായ തത്വചിന്തകൻ ലുഡ് വിഗ് ഫോയർബാകിന്റെ വാക്കുകളാണ്. മറിയം നിത്യ പിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ ദൈവവുമായി അടുപ്പിക്കാൻ അവൾക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താൽ മരിയൻ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോൺഫോർട്ട് പരി. മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു.

നമ്മൾ മറിയത്തെ അറിയാൻ ഇടയായാൽ അവളെ സ്നേഹിക്കും അവളെ സ്നേഹിച്ചാലോ അനുകരിക്കും ആ അനുകരണം അവളെ അറിയിക്കാനുള്ള ആഗ്രഹത്തിലേക്കു നയിക്കും, അവസാനം നമ്മൾ സ്നേഹിച്ചവളെപ്പോലെ ആയിത്തീരും. ആയതിനാൽ പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്ന പത്തു പുണ്യങ്ങൾ നമുക്കനുകരിക്കാം. അമ്മ നമ്മളെ സ്വർഗ്ഗത്തിലേക്കു നയിക്കും. ദൈവമാതാവിൽ വിളങ്ങി ശോഭിച്ചിരുന്ന പത്തു പുണ്യങ്ങളിൽ നിന്നു നമുക്കു പഠിക്കാം അവ ജീവിതത്തിൽ പ്രാവർത്തികമാക്കാം.

1. മഹനീയമായ വിശ്വാസം ‍

ജർമ്മൻ ദൈവ ശാസ്ത്രജ്ഞനായ കാൾ റാനറിന്റെ അഭിപ്രായത്തിൽ വിശ്വാസത്തിന്റെ അർത്ഥം ജീവിതകാലം മുഴുവനും ദൈവത്തിന്റെ അഗ്രാഹ്യതയോടു ചേർന്നു നിൽക്കുക എന്നതാണ്. പരിശുദ്ധമറിയം ജീവിതകാലം മുഴുവനും ദൈവത്തോടു ചേർന്നു സഞ്ചരിച്ച സ്ത്രീ ആയിരുന്നു. ഈശോ കുരിശിൽ മരിച്ചപ്പോൾ അപ്പസ്തോലന്മാരിൽ പലരുടെയും വിശ്വാസം ആടി ഉലഞ്ഞു. മറിയം വലിയ അവർണ്യങ്ങളായ വേദനകളിലൂടെ കടന്നുപോയെങ്കിലും ദൈവപുത്രനിലും അവന്റെ രക്ഷാകര പദ്ധതിയിലുള്ള വിശ്വാസത്തിലും ഒരു നിമിഷംം പോലും ചഞ്ചല ചിത്തയായില്ല. അതിനാൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വലിയ കോലിളക്കങ്ങളിലും കൊടുങ്കാറ്റുകളിലും മറിയത്തിലേക്കു തിരിയാം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭ എന്ന പ്രമാണ രേഖയിൽ മറിയത്തെ യേശുവിന്റെ ആദ്യ ശിഷ്യയും ഏറ്റവും വിശ്വസ്തയായ ശിഷ്യയുമായി അവതരിപ്പിച്ചിരിക്കുന്നു.

പരിശുദ്ധ മാതാവേ, ദൈവ വിശ്വാസത്തിൽ ഞങ്ങളെ വളർത്തണമേ.

2. അചഞ്ചലമായ പ്രത്യാശ ‍

ആഴവും ദൃഢതയുള്ളളതുമായ വിശ്വാസത്തിന്റെ ഉടമ മാത്രമായിരുന്നില്ല മറിയം, അചഞ്ചലമായ പ്രത്യാശയും മറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്നു. ഉത്ഥാനം അറിയുന്ന ഒരുവനും നിരാശപ്പെടാനാവുകയില്ല എന്നു ഡിടിക് ബൊനോഫെർ എന്ന ലൂഥറൻ ദൈവശാസ്ത്രജ്ഞൻ പഠിപ്പിക്കുന്നു ഉത്ഥാനത്തിനു ശേഷം ശിഷ്യന്മാരെ ഒന്നിച്ചു നിർത്തിയ കണ്ണി ഉത്ഥിതനെ പൂർണ്ണമായി അറിഞ്ഞ പരിശുദ്ധ മറിയമായിരുന്നു. നമ്മുടെ ആത്മാവും ശരീരവും ഹൃദയവും നമ്മുടെ ജീവിതത്തെ തന്നെയും ദൈവത്തിങ്കലേക്കും സ്വർഗ്ഗത്തിലേക്കും ഉയർത്താൻ നമ്മളെ സഹായിക്കുന്ന വഴിവിളക്കാണ് മറിയം. മറ്റെന്തിനെക്കാളും ഉപരി നമ്മൾ സ്വർഗ്ഗത്തിലെത്തണം എന്നു മറിയം ആഗ്രഹിക്കുന്നു. ഈ പ്രത്യാശ -മറിയത്തിലൂടെ സുരക്ഷിതമായി നമ്മൾ സ്വർഗ്ഗഭാഗ്യത്തിൽ പ്രവേേശിക്കും- ഒരിക്കലും മറക്കാതിരിക്കാം.

ഭാഗ്യവതിയായ അമ്മേ, ദൈവത്തിലുള്ള പ്രത്യാശയിൽ അനുദിനം എന്നെ വളർത്തണമേ.

3. അലൗകികമായ സ്നേഹവും ഉപവിയും ‍

പരിശുദ്ധ മറിയത്തിന്റെ പക്കൽ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്നേഹവും കടലോളമുണ്ട്. പുണ്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠം സ്നേഹമാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാമാവോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുന്നതാണ് അലൗകികമായ സ്നേഹം. ആരും മറിയത്തെപ്പോലെ ദൈവത്തെയും അയൽക്കാരെയും ഇത്ര ഗാഢമായി സ്നേഹിച്ചട്ടില്ല. ദൈവത്തോടുള്ള അവളുടെ സ്നേഹം ജ്വലിക്കുന്ന അഗ്നി ആയിരുന്നു. ആത്മാക്കളു രക്ഷയ്ക്കു വേണ്ടിയുള്ള അവളുടെ ദാഹത്തിനു അതിർത്തി ഇല്ലായിരുന്നു. ദൈവത്തോടും അയൽക്കാരോടുമുള്ള ഉത്ക്കടമായ സ്നേഹം മൂലം മറിയം നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ തീപ്പൊരി വിതറുന്നു.

മറിയമേ നിന്നെപ്പോലെ സ്നേഹിക്കാൻ , സ്നേഹം കൊണ്ടു മരിക്കുവാൻ എന്നെ പഠിപ്പിക്കണമേ.

4. വീരോചിതമായ ക്ഷമ ‍

മറിയം മനുഷ്യവംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അമ്മയായതിനാൽ അവൾ വീരോചിതമായ ക്ഷമ ജീവിത്തിന്റെ എല്ലാം നിമിഷങ്ങളിലും കാത്തു സൂക്ഷിച്ചു. ദൈവത്തിനു വേണ്ടി മറിയം ക്ഷമയോടെ കാത്തിരുന്നു. അവളുടെ ജീവിതത്തിൽ ദൈവം അനുവദിച്ച സഹനങ്ങളും വിരോദാഭാസങ്ങളും കടന്നു പോകാൻ ക്ഷമയോടെ കാത്തിരുന്നു. യേശുവിന്റെ കുരിശിന്റെ വഴിയേ അവൾ ക്ഷമയോടെ അനുയാത്ര ചെയ്തു. അതിനെല്ലാം ഉപരിയായി കുരിശിന്റെ ചുവട്ടിൽ ലോക രക്ഷയ്ക്കായി യേശുവിനോടൊപ്പം മറിയം വിരോചിതമായ ക്ഷമയോടെ എല്ലാം സഹിച്ചു.

മറിയമേ ക്ഷമയിൽ എന്നെ വളർത്തണമേ.

5. അതുല്യമായ പരിശുദ്ധി ‍

വിശുദ്ധിയെന്നത് കുറച്ചു വ്യക്തികൾക്കു മാത്രമുള്ള ആനുകൂല്യമല്ല ഓരോ വ്യക്തികൾക്കുമുള്ള ലളിതമായ കടമയായി കൽക്കത്തയിലെ വി. മദർ തേരേസാ പറയുന്നു. എല്ലാ വിശ്വാസികളും പരിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. മറിയം അതിനു നമുക്കു ഉദാത്തമായ മാതൃക. ജഡിക പാപങ്ങൾ മൂലമാണ് ധാരാളം ആത്മാക്കൾ നരകാഗ്നിയിൽ നിപതിച്ചതെന്നു പരിശുുദ്ധ മറിയത്തിന്റെ ഫാത്തിമാ സന്ദേശത്തിൽ പറയുന്നു. അതായതു ആറും ഒൻപതും പ്രമാണങ്ങളുടെ ലംഘനം വഴി. പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനു നമ്മളെത്തന്നെ സമർപ്പിക്കലാണ് പുണ്യത്തിൽ വളരാനുള്ള ഏറ്റവും നല്ല മാർഗ്ഗം. മറിയത്തെപ്പോലെ അടക്കത്തോടും ഒതുക്കത്തോടും കുടി ജീവിക്കുക. പരിശുദ്ധിയോടെ മരിക്കുക. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും(മത്തായി 5 : 8 ).

ഏറ്റവും പരിശുദ്ധയും അമലോത്ഭവ യുമായ മറിയമേ ജീവിത വിശുദ്ധിക്കു വേണ്ടിയുള്ള ദാഹം എന്നിൽ വളർത്തണമേ.

6. അളവില്ലാത്ത അനുസരണം ‍

ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണം ഉള്ളവനായിരുന്നു. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. (ഫിലിപ്പി 2 : 8 ). യേശുവിനെപ്പോലെ മറിയവും അനുസരണം എന്ന പുണ്യം ഹൃദയത്തിൽ ഏറ്റുവാങ്ങി . ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1 : 38) എന്ന വാക്കിനാൽ ദൈവഹിതത്തിനു അവൾ സ്വയം കീഴടങ്ങി. അങ്ങനെ മറിയത്തിന്റെ പ്രത്യുത്തരം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കായി മാറി.

മേരി മാതാവേ, ലോകം മുഴുവൻ അനുസരണക്കേടും എതിർപ്പും നാശം വിതയ്ക്കുമ്പോൾ ദൈവത്തെയും ഉത്തരവാദിത്വപ്പെട്ടരെയും അനുസരിക്കാൻ എനിക്കു ബലം നൽകണമേ.

7. നിരന്തരമായ പ്രാർത്ഥന ‍

പ്രാർത്ഥിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തെക്കുറിച്ചു സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. പരിശുദ്ധ കന്യകാ മറിയത്തിനു ദൈവവുമായി എല്ലാ സമയത്തും സ്ഥലങ്ങളിലും സ്ഥിരവും ആഴമേറിയതും ചലനാത്മകമായ ഐക്യം ഉണ്ടായിരുന്നു. പ്രാർത്ഥിക്കുക നിരന്തരം പ്രാർത്ഥിക്കുക മറിയത്തിന്റെ പ്രഥമ സന്ദേശമാണിത്.

മറിയത്തിന്റെ നമുക്കു വേണ്ടിയുള്ള മധ്യസ്ഥം ശക്തമാണ്. കാനായിലെ കല്യാണ വിരുന്നിലെ യേശുവിന്റെ ആദ്യത്തെ അത്ഭുതം മറിയത്തിന്റെ ശക്തമായ മാധ്യസ്ഥ്യം വഴിയാണ് സംഭവിച്ചത്. "മറിയത്തെതെ ഭക്തിയോടെ വിളിച്ചപേക്ഷിക്കുക നിങ്ങളുടെ ആവശ്യങ്ങളിൽ അവൾ ശ്രദ്ധിക്കാതിരിക്കുകയില്ല." എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന രചിച്ച വി. ബർണാഡിന്റെ വാക്കുകൾ നമുക്കു മറക്കാതിരിക്കാം.

പരിശുദ്ധ മറിയമേ, പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണമേ, പ്രാർത്ഥിക്കാനുള്ള വലിയ ആഗ്രഹം എനിക്കു തരണമേ.

8. തീക്ഷണതയേറിയ ഇന്ദ്രനിഗ്രഹവും അനുതാപവും ‍

ലൂർദ്ദിലെയും ഫാത്തിമായിലെയും മരിയൻ സന്ദേശങ്ങളിൽ തീക്ഷ്ണമായ പ്രാർത്ഥനയുടെയും പരിഹാരത്തിന്റെയും ആവശ്യകത സഭ പഠിപ്പിക്കുന്നു. പാപികളുടെ മാനസാന്തരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി പാപപരിഹാരം ചെയ്യാൻ മറിയം നിരന്തരം ഉദ്ബോധിപ്പിക്കുന്നു. ശുദ്ധീകരണസ്ഥലത്തിലെ പല ആത്മാക്കളും നശിക്കാൻ കാരണം അവർക്കു വേണ്ടി പ്രാർത്ഥിക്കാനും പരിഹാരം ചെയ്യാനും ആളുകൾ ഇല്ലാത്തതിനാലാണന്നും പാപികളുടെ മാനസാന്തരത്തിനായി പ്രായശ്ചിത പ്രവർത്തികൾ വഴി പരിഹാരം ചെയ്തു പ്രാർത്ഥിക്കുവാനും ഫാത്തിമായിലെ ഇടയ കുട്ടികൾക്കു നൽകിയ തുടർ സന്ദേശങ്ങളിലൂടെ മറിയം വ്യക്തമാക്കുന്നു.

ദൈവമാതാവേ, എന്റെയും മറ്റുള്ളവരുടെയും പാപങ്ങൾക്കു പരിഹാരം ചെയ്തു പ്രാർത്ഥിക്കാൻ നല്ല മനസ്സ് എനിക്കു പ്രദാനം ചെയ്യണമേ.

9. മാലാഖമാർക്കടുത്ത മാധുര്യവും വിനയവും ‍

പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങിയിരുന്ന മറ്റൊരു സവിശേഷ പുണ്യം മാലാഖമാർക്കടുത്ത മാധുര്യവും വിനയവുമാണ്. മറിയം ദയയും വിനയവും സ്നേഹവും മാധുര്യവും കരുണയും അനുകമ്പയും നിറഞ്ഞവളും എപ്പോഴും ദൈവത്തിങ്കലേക്കും നയിക്കുന്നവളും ആയിരുന്നു എന്നാണ് . മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിൽ അനുകമ്പയും മര്യാദയും വിനയവും ശീലമാക്കാൻ മറിയം നമുക്കു പ്രചോദനമാകട്ടെ. തെയ്സേ എന്ന സഭൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബ്രദർ റോജർ ഷുറ്റ്സ് വാക്കുകൾ ഇവിടെ പ്രസക്തമാണ് : "സഭ തന്റെ ജീവിതം എത്ര കൂടുതൽ മറിയത്തിന്റേതുപോലെയാക്കുന്നുവോ അത്ര കൂടുതൽ അവൾ മാതൃഭാവമുള്ളവളാകുന്നു".

പരിശുദ്ധ മറിയമേ, വിനയ ശീലവും സൗമ്യതയും ഞങ്ങളുടെ സ്വഭാവത്തിതിന്റെ സവിശേഷതകളായി എന്നും മാറ്റണമേ.

10. ആത്മാവിലുള്ള ദാരിദ്ര്യം ‍

ദൈവം സ്വത്തായിരുന്നതിനാൽ ആത്മാവിൽ ദാരിദ്യമനുഭവിച്ചവളാണ് മറിയം. അതിനാൽ അവൾ ശക്തയും അചഞ്ചലയും ആയിരുന്നു. കാലിത്തൊഴുത്തു മുതൽ കാൽവരി വരെ യേശുവിനൊപ്പം സഞ്ചരിക്കാൻ മറിയത്തിനു കരുത്തായത് ഈ സ്വത്വബോധമാണ്. നമ്മുടെ ജീവിതത്തിന്റെ പ്രശ്നസന്ധികളിൽ പ്രത്യകിച്ചു മരണസമയത്തു മറിയത്തിലേക്കു തിരിയാനുള്ള ഒരു കൃപക്കു വേണ്ടി പ്രാർത്ഥിക്കണം.

പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേന്‍.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിൽ നമുക്കു അമ്മയ്ക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അമ്മയെപ്പോലെ പുണ്യത്തിൽ വളരുക എന്നതാണ്. ആയതിനാൽ പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്ന പത്തു പുണ്യങ്ങൾ നമുക്കനുകരിക്കാം. അമ്മ നമ്മളെ സ്വർഗ്ഗത്തിലേക്കു നയിക്കും.

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് ‍

More Archives >>

Page 1 of 20