Meditation. - May 2024

പരിശുദ്ധ അമ്മയോടുള്ള ഭക്തി ദൈവ സ്നേഹം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം

സ്വന്തം ലേഖകന്‍ 18-05-2016 - Wednesday

"അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും" (ലൂക്കാ 1:48).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 18

"നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്". ഈ ലോകത്തിലെ വിവിധ കോണുകളിലുള്ളവര്‍, വിവിധ ഭാഷകളില്‍ ഓരോ നിമിഷവും മുഴുക്കി കൊണ്ടിരിക്കുന്ന സ്തുതിവാക്യമാണ് ഇത്. ആഴമായ ക്രിസ്തീയ വിശ്വാസമുള്ള ഓരോരുത്തരും ദൈവമാതാവായ നമ്മുടെ വിശുദ്ധ കന്യകയിലുള്ള ആശ്രയം നിര്‍ത്തിയിട്ടില്ല; സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിശുദ്ധ അമ്മയെ പലരും പല രീതിയില്‍ വിളിക്കുന്നു; ആഹ്ലാദവേളകളില്‍, "ഞങ്ങളുടെ സന്തോഷത്തിന്റെ നിദാനമേ"യെന്നും ദുഃഖത്തിന്റെ വേളകളില്‍ "ദുരിതരുടെ സ്വാന്തനമേ"യെന്നും അപകടത്തിന്റെ വേളകളില്‍, "പാപികളുടെ അഭയമേ"യെന്നും വിളിക്കുന്നു. ഓരോ ജനതയുടെയും സംസ്കാരത്തിലും ജീവിത രീതിയിലും, ചിലപ്പോഴെങ്കിലും വൈകാരിക മാനസികാവസ്ഥയിലും ആഴത്തില്‍ വേരൂന്നിയ ദൈവാന്വേഷണമാണ് ഈ ഭാവപ്രകടനങ്ങള്‍.

പരിശുദ്ധ അമ്മയോടുള്ള ഭക്തി നാം അഭ്യസിക്കേണ്ടതും നയിക്കേണ്ടതും വിശുദ്ധമാക്കേണ്ടതുമാണ്. എന്റെ മുന്‍ഗാമി 'പോള്‍' വിളിക്കാന്‍ ഇഷ്ട്ടപ്പെട്ടിരിന്ന ഭാഷയില്‍ പറഞ്ഞാല്‍ 'എളിയവരുടെയും ദരിദ്രരുടെയും ഈ മാതൃഭക്തി', ദൈവത്തിനായുള്ള ആവേശത്തെയാണ് പൊതുവായി പ്രകടിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍, ഇത് ഒരു അവ്യക്തമായ വികാരമോ, അല്ലെങ്കില്‍ വിലകുറഞ്ഞ മതാചാര പ്രകടനമോ അല്ലാതാകുന്നു. മറിച്ച് പരിശുദ്ധ അമ്മയോടുള്ള ഭക്തി അഗാധമായ ദൈവബോധവും, ദൈവത്തിന്റെ സ്നേഹസാന്നിധ്യവും കാരുണ്യവും തിരിച്ചറിയാനുള്ളു മാര്‍ഗ്ഗമായി മാറുന്നു.

( വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബെലെം, 08.07.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »