Charity

മനോജിന്റെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ സഹായിക്കാമോ?

പ്രവാചക ശബ്ദം 14-09-2020 - Monday

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ നടുവിൽ എന്ന സ്ഥലത്തു താമസിക്കുന്ന മനോജ് എന്ന സഹോദരനും കുടുംബവും ഇന്നു കടന്നു പോകുന്നത് അതികഠിനമായ വേദനകളിലൂടെയാണ്. ഭാര്യയും മൂന്നു പെണ്‍മക്കളും അടങ്ങുന്ന കുടുംബം നെഞ്ചോട് ചേര്‍ത്തു ജീവിച്ചുകൊണ്ടിരിന്ന മുപ്പത്തിയെട്ട് വയസു മാത്രമുള്ള ഈ സഹോദരന്‍ താന്‍ ഒരു രോഗിയായിരിന്നുവെന്ന സത്യം തിരിച്ചറിഞ്ഞത് അല്പം വൈകിയായിരിന്നു. ഓട്ടോതൊഴിലാളിയായി കുടുംബം പോറ്റുന്നതിനിടെ 2016-ലാണ് ശരീരത്തില്‍ നീരു വ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യം അവഗണിച്ചുവെങ്കിലും പിന്നീട് ക്ഷീണം സഹിക്ക വയ്യാതെയായപ്പോള്‍ മംഗലാപുരത്തെ 'യെന്നപോയ' മെഡിക്കല്‍ കോളേജില്‍ നിന്നു അവര്‍ ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു, ഇരു വൃക്കകളും തകരാറിലാണ്.

കുടുംബത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറത്തായിരിന്നു അത്. മൂന്നു പെണ്‍മക്കളുടെ പഠനം, വീട്ടിലെ അനുദിന ജീവിത ചെലവ് തുടങ്ങീ അനേകം ചോദ്യങ്ങള്‍ മാത്രമായിരിന്നു അവര്‍ക്കു കൈമുതലായി ഉണ്ടായിരിന്നത്. അധികം വൈകാതെ തന്നെ ഡയാലിസിസ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസിന് വിധേയനാകുന്ന മനോജിന് അനുദിന മരുന്നിനുള്ള പണം പോലും തികയുന്നില്ല. ഇടവകയിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും ലഭിക്കുന്ന ചെറിയ സംഭാവനകളിൽ നിന്നാണ് ചികിത്സയും കുടുംബത്തിലെ ചെലവുകളും കഷ്ട്ടിച്ചു കഴിഞ്ഞു പോകുന്നത്.

മനോജിന്റെ മൂന്നു പെണ്‍മക്കളില്‍ ഒരാള്‍ സി‌എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് സ്വന്തമാക്കിയ ഈ മകള്‍ക്ക് താഴെ ഒന്‍പതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു പേര്‍ കൂടിയുണ്ട്. ചെറുപ്പമായതിനാലും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിലനില്‍ക്കുന്നതിനാലും വൃക്ക മാറ്റിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ ഒന്നടങ്കം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വൃക്ക പകുത്തു നല്‍കാന്‍ ഭാര്യ ജിഷ തയാറാണെങ്കിലും ചികിത്സയ്ക്ക് വേണ്ട 10 ലക്ഷം രൂപയാണ് ഇവരുടെ മുന്നില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. രോഗത്തിന്റെയും മക്കളുടെ പഠനചിലവിന്റെയും ഭാരം ഒരു വശത്തും അഞ്ചു ലക്ഷത്തോളം രൂപയുടെ ബാങ്ക് ലോണ്‍ മറു വശത്തും നില്‍ക്കുന്ന കുടുംബത്തിന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്താണ് ഈ തുക.

ലോകം മൊത്തം പടര്‍ന്ന മഹാമാരിയുടെ ഞെരുക്കങ്ങളിലൂടെയാകാം നാമും കടന്നു പോകുന്നത്. എന്നിരിന്നാലും നമ്മെ കൊണ്ട് കഴിയുന്ന തുക ഈ കുടുംബത്തിന് നല്‍കുമ്പോള്‍ പുതുജീവിതം ഒരുങ്ങുക അഞ്ചു പേര്‍ക്കാണ്. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും വലിയ ആശ്വാസമാകുമെന്ന് നിസംശയം പറയാം. സഹനത്തിന്റെ കാലയളവില്‍ താങ്ങും തണലുമായി നിലകൊള്ളുന്ന ഭാര്യ ജിഷയേയും പഠനത്തില്‍ മികവുറ്റ മൂന്നു മിടുക്കികള്‍ക്കും വേണ്ടി പുതു ജീവിതം കൊതിക്കുന്ന മനോജിന് കൈത്താങ്ങേകാന്‍ ദയവായി കരുണയുടെ കരം നീട്ടുക. ജിഷയുടെ അക്കൗണ്ട് വിശദാംശങ്ങൾ ചുവടെ നൽകുന്നു.

Name: ‍ Jisha Manoj
Bank: ‍ Kerala Gramin Bank
Bank: ‍ 40724101033856
IFSC: ‍ KLGB0040724

** Mobile Number: +919497764385


Related Articles »