Youth Zone

ഇന്‍ഫോസിസില്‍ നിന്ന് സെലസ്റ്റിന്‍ സെമിനാരിയിലേക്ക്: നിര്‍ണ്ണായകമായത് ജീസസ് യൂത്തും അല്‍ഫോന്‍സ തീര്‍ത്ഥാടനവും

പ്രവാചക ശബ്ദം 24-09-2020 - Thursday

തിരുവനന്തപുരം: ബഹുരാഷ്ട്ര ഐ‌ടി കമ്പനിയായ ഇൻഫോസിസിലെ ഉന്നത ജോലി ഉപേക്ഷിച്ച് തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിൽ പ്രവേശിക്കാന്‍ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം സ്വദേശിയായ യുവാവ്. ടെക്‌നോപാർക്കിലെ സോഫ്ട്‌വെയര്‍ ഡെവലപ്പറും ജീസസ് യൂത്ത് അംഗവുമായ സെലസ്റ്റിൻ ചെല്ലനാണ് യുവ സമൂഹം കൊതിക്കുന്ന ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പൗരോഹിത്യത്തെ പുല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടെക്‌നോപാർക്കിലെ ജോലി ജീസസ് യൂത്ത് പ്രസ്ഥാനവുമായി തന്നെ കൂട്ടിച്ചേർക്കാൻ ദൈവം ഒരുക്കിയ വഴിയായിരുന്നുവെന്നും അതാണ് തന്നെ പൗരോഹിത്യത്തിലേക്ക് നയിക്കുവാന്‍ നിര്‍ണ്ണായകമായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തമിഴ്‌നാട്ടിലെ കുഴിത്തുറൈ രൂപത മേൽപാലൈ ഔവർ ലേഡി ഓഫ് അപ്പാരിഷൻ ഇടവകാംഗങ്ങളായ ചെല്ലൻ- രാജം ദമ്പതികളുടെ മകനാണ് സെലസ്റ്റിൻ. ഐ.ടിയിൽ ബി.ടെക് ബിരുദം നേടിയ അദ്ദേഹം 2014ലാണ് ടെക്‌നോപാർക്കിലെത്തുന്നത്. മൂന്നു വര്‍ഷത്തിന് ശേഷം 2017ലാണ് ഇൻഫോസിസിൽ ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ജീസസ് യൂത്ത് പ്രസ്ഥാനവുമായി അദ്ദേഹം അടുക്കുകയായിരിന്നു. പിറ്റേവര്‍ഷം അതായത് 2018-ല്‍, ജീസസ് യൂത്ത് സുഹൃത്തുക്കളുമായി ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച് മടങ്ങുമ്പോഴാണ് വൈദികനാകണമെന്നുള്ള ആഗ്രഹം ആദ്യമായി സെലസ്റ്റിനില്‍ ഉടലെടുക്കുന്നത്.

വാഹനത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കവേ തോന്നിയ ചിന്ത സഹപ്രവര്‍ത്തകരായ സുഹൃത്തുക്കളോടു പങ്കുവെച്ചു. പിന്നീടുള്ള സമയം ദൈവത്തിന്റെ ഹിതം തിരിച്ചറിയുവാനുള്ള പ്രാർത്ഥനയുടെ സമയമായിരിന്നു. ഒടുവില്‍ പൗരോഹിത്യത്തെ പുല്‍കണമെന്ന ഉറച്ച തീരുമാനം ജനുവരി മാസത്തില്‍ എടുക്കുകയായിരിന്നുവെന്ന് സെലസ്റ്റിന്‍ പറയുന്നു. സെമിനാരിയിലേക്കുള്ള തന്റെ യാത്രയില്‍ ജീസസ് യൂത്ത് കൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ലായെന്ന് ഈ യുവാവ് പറയുന്നു. തിരുവനന്തപുരത്തെ ‘സാധന റിന്യൂവൽ സെന്റർ’ ഡയറക്ടറും ടെക്‌നോപാർക്കിലെ ജീസസ് യൂത്ത് ചാപ്ലൈനുമായ ഫാ. ഡൊമിനിക്ക് കൂട്ടിയാനില്‍ നല്‍കിയ പ്രചോദനവും അദ്ദേഹം സ്മരിച്ചു. നാളെയാണ് (സെപ്തംബർ 25) തിരുവനന്തപുരം അതിരൂപതയുടെ മൈനർ സെമിനാരിയിലേക്ക് സെലസ്റ്റിന്‍ പ്രവേശിക്കുന്നത്. കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച ജീസസ് യൂത്ത്, കത്തോലിക്ക സഭയ്ക്ക് അനേകം വൈദികരെയും സന്യസ്തരേയും മിഷനറിമാരെയും ഇതിനോടകംതന്നെ സംഭാവന ചെയ്തിട്ടുണ്ട്.

ജീവിതത്തിന്റെ ഭൗതീക നേട്ടങ്ങളെ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പൗരോഹിത്യ വഴി തെരഞ്ഞെടുത്ത ഈ യുവാവിന് വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »