Faith And Reason

'ജീസസ് 2020': വാഷിംഗ്ടണില്‍ നടന്ന പ്രാര്‍ത്ഥനാറാലിയില്‍ പങ്കുചേർന്നത് പതിനായിരങ്ങൾ

പ്രവാചക ശബ്ദം 28-09-2020 - Monday

വാഷിംഗ്ടൺ ഡി.സി: രാജ്യത്തിനുവേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന പ്രാര്‍ത്ഥനാറാലിയില്‍ പങ്കുചേർന്നത് പതിനായിരങ്ങൾ. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും പ്രസിഡന്‍റും പ്രശസ്ത വചനപ്രഘോഷകനുമായ ഫ്രാങ്ക്ളിൻ ഗ്രഹാം നേതൃത്വം നൽകിയ പ്രയർ മാർച്ചിലാണ് ആയിരങ്ങള്‍ അണിചേര്‍ന്നത്. 'യേശുവിലാണ് ഞങ്ങളുടെ പ്രത്യാശ', 'ജീസസ് 2020' തുടങ്ങി നിരവധി പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങള്‍ ഒന്നടങ്കം എത്തിയത്.

കൊറോണ വൈറസിൽ നിന്നും രാജ്യത്തിന് മുക്തി ലഭിക്കാനും, ആഭ്യന്തര കലഹങ്ങൾ പരിഹരിക്കപ്പെടുന്നതിനും വേണ്ടിയാണ് പ്രയർ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. "പിതാവേ ഞങ്ങളുടെ രാജ്യം ദുരിതത്തിലാണ്. ഞങ്ങൾക്ക് നിൻെറ സഹായം ആവശ്യമാണ്". സന്ദേശത്തിനിടെ ഫ്രാങ്ക്ളിൻ ഗ്രഹാം പ്രാർത്ഥിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യ കാരനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാൻ എത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. സൈനിക ഉദ്യോഗസ്ഥർക്ക് വേണ്ടിയും, അമേരിക്കൻ കോൺഗ്രസിന് വേണ്ടിയും പെൻസ് പ്രാർത്ഥിച്ചു.

നാഷണൽ മാളിന്റെ എട്ടു ഭാഗങ്ങളിൽ സംഘങ്ങളായാണ് വിശ്വാസികൾ ഒരുമിച്ചു ചേർന്നത്. "ഇവിടെ വന്നിരിക്കുന്ന ജനങ്ങൾ പല സ്ഥലങ്ങളിൽനിന്നും സ്വന്തം ചെലവിൽ രാജ്യം നേരിടുന്ന പ്രശ്നം പരിഹരിക്കാൻ എത്തിയിരിക്കുന്നവരാണെന്ന്" അരക്കാനസ് സംസ്ഥാനത്തെ മുൻ ഗവർണർ മൈക്ക് ഹക്കബി ലൈവ് സ്ട്രീമിംഗ് സന്ദേശത്തിൽ പറഞ്ഞു. അന്‍പതിനായിരത്തോളം ആളുകൾ പ്രയർ മാർച്ചിൽ പങ്കെടുത്തുവെന്ന് സംഘാടകർ കണക്കുകൾ സഹിതം വിശദീകരിച്ചു. പ്രാര്‍ത്ഥനാശുശ്രൂഷ കോവിഡ് കാലത്തെ അമേരിക്കന്‍ ജനതയുടെ ക്രിസ്തീയ സാക്ഷ്യമായാണ് വിലയിരുത്തുന്നത്. അതേസമയം കൊറോണ മഹാമാരി ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് വാഷിംഗ്ടൺ ഡിസിയിൽ ഇത്രയധികം ആളുകൾ ഒരുമിച്ചു കൂടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »