Faith And Reason

സുപ്രീം കോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അമിയുടെ പിതാവ് 38 വര്‍ഷമായി സ്ഥിരം ഡീക്കന്‍: വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുന്നു

പ്രവാചക ശബ്ദം 30-09-2020 - Wednesday

വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജി പദവിയിലേക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത അമി കോണി ബാരെറ്റിന്റെ അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രോലൈഫ് പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ചയായിരിന്നു. എന്നാല്‍ രണ്ടു ദിവസമായി ബാരെറ്റിന്റെ പിതാവും കത്തോലിക്ക സഭയിലെ സ്ഥിര ഡീക്കനുമായ മൈക്ക് കോണിയുടെ വിശ്വാസ സാക്ഷ്യമാണ് ഇപ്പോള്‍ ക്രിസ്തീയ മാധ്യമരംഗത്ത് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ 38 വര്‍ഷങ്ങളായി ന്യൂ ഓര്‍ലീന്‍സിന്റെ സമീപത്തുള്ള സെന്റ്‌ കാതറിന്‍ ഓഫ് സിയന്നാ കത്തോലിക്ക ദേവാലയത്തിലെ സ്ഥിര ഡീക്കനായി സേവനം ചെയ്തുവരികയാണ് കോണി. അമി ബാരെറ്റിന്റെ ദൈവ വിശ്വാസത്തിനും കരിസ്മാറ്റിക് ശുശ്രൂഷകളിലുള്ള പങ്കാളിത്തത്തിനും പിന്നില്‍ പിതാവായ മൈക്ക് കോണിയുടെ സ്വാധീനം ചെറുതല്ലായെന്നാണ് വിവിധ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

തീരുമാനങ്ങളായാലും, ജീവിതാനുഭവങ്ങളായാലും തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ദൈവവുമായുള്ള തന്റെ ബന്ധത്തില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞതെന്നു കോണി തന്റെ ഇടവക ദേവാലയത്തിനുവേണ്ടി 2018-ല്‍ എഴുതിയ ഒരു സാക്ഷ്യത്തില്‍ കുറിച്ചിട്ടുണ്ട്. 1962ല്‍ അമ്മ മരിച്ചപ്പോള്‍ ആദ്യം തനിക്ക് ദുഖവും, ദേഷ്യവും തോന്നിയെങ്കിലും പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന സാത്താനാല്‍ പരീക്ഷിക്കപ്പെട്ട ജോബിന്റെ ജീവിതകഥ ദൈവത്തോടുള്ള തന്റെ പരിഭവം മാറ്റിയെന്നും, ജീവിതത്തില്‍ പണം ആവശ്യമാണെങ്കിലും പണമല്ല ദൈവമാണ് പ്രധാനമെന്ന് തന്റെ അമ്മയുടെ മരണം തന്നെ പഠിപ്പിച്ചുവെന്നും കോണി പറയുന്നു.

പില്‍ക്കാലത്ത് ഈശോ സഭയില്‍ ചേരുവാന്‍ തീരുമാനിച്ചയാളാണ് മൈക്ക് കോണി. ഇഗ്നേഷ്യന്‍ ധ്യാനത്തില്‍ പങ്കെടുത്ത അദ്ദേഹം ഒന്നരവര്‍ഷക്കാലം ഈശോ സഭയില്‍ നോവീഷ്യേറ്റായിരുന്നു. പിന്നീടാണ് തന്റെ ദൈവവിളി വിവാഹമാണെന്ന് തിരിച്ചറിഞ്ഞ് ലിന്‍ഡ എന്ന സ്ത്രീയെ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹ ജീവിതത്തിന് ഇടയിലും കര്‍ത്താവിന് വേണ്ടിയുള്ള തന്റെ ശുശ്രൂഷ തുടരണമെന്ന അതിരില്ലാത്ത ആഗ്രഹം മൈക്ക് കോണിയില്‍ വീണ്ടും മൊട്ടിടുകയായിരിന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെയാണ് ദൈവ ശുശ്രൂഷ ചെയ്യുവാനുള്ള ആഗ്രഹം തന്നില്‍ ഉദിച്ചതെന്നും സ്ഥിര ഡീക്കനാകുവാനുള്ള തീരുമാനം താനും ഭാര്യയും ഒരുമിച്ചെടുത്തതാണെന്നും,കോണി പറയുന്നു.

തന്റെ ഭര്‍ത്താവിനെ പ്രതി അത്തരമൊരു തോന്നല്‍ തനിക്കും ഉണ്ടായിരുന്നുവെന്ന് ഭാര്യ ലിന്‍ഡയും സമ്മതിച്ചിട്ടുണ്ട്. ഡീക്കന്‍ പട്ടം സ്വീകരിച്ചതിനു ശേഷമാണ് കോണിയും കുടുംബവും അല്‍മായ സുവിശേഷ കൂട്ടായ്മയായ ‘പീപ്പിള്‍ ഓഫ് പ്രെയിസ്’ല്‍ അംഗമാകുന്നത്. അടിയുറച്ച ക്രൈസ്തവ കുടുംബമായി തുടരുന്നതിന് ഈ കരിസ്മാറ്റിക് കൂട്ടായ്മ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരിന്നു. അമി അടക്കം ഏഴു മക്കളാണ് ഇവര്‍ക്കുള്ളത്. പിതാവിന്റെ മാതൃക പൂര്‍ണ്ണമായും പിന്തുടരുന്ന മകളാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അമി കോണി ബാരെറ്റും. ബാരറ്റിന്റെ കത്തോലിക്കാ വിശ്വാസം തന്നെയാണ് അവരുടെ ജീവിതത്തിന്റെ കേന്ദ്രവും.

ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ അമി കോണി ബാരെറ്റിനെ നാമനിര്‍ദേശം ചെയ്തത്. സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടർന്ന് സെനറ്റും വോട്ടെടുപ്പിലൂടെ നാമനിർദേശം അംഗീകരിച്ചാൽ സുപ്രീംകോടതിയിൽ ഒൻപതാമത്തെ ജഡ്ജിയും ആദ്യത്തെ പ്രോലൈഫ് വനിത ജഡ്ജിയുമായി അമി കോണി ബാരറ്റ് മാറും. ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന ബാരെറ്റ് കുടുംബത്തില്‍ നിന്ന്‍ അമേരിക്കന്‍ സുപ്രീം കോടതിയിലേക്ക് എത്തുന്ന അമി കോണി തന്റെ വിധി പ്രസ്താവങ്ങളിലും ക്രിസ്തീയ ധാര്‍മ്മികത മുറുകെ പിടിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »