Thursday Mirror - 2024

ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് 03-10-2023 - Tuesday

ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. " മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ, ഇന്നു തന്നെ പരിശുദ്ധ കന്യകാമറിയവും ജപമാലയും നിങ്ങളുടെ സന്തതസഹചാരിയാകും.

1. നിസ്വാർത്ഥരാകും ‍

നമ്മൾ ആരെയെങ്കിലും എന്തിനെയെങ്കിലും നമ്മുടെ മുഴു ഹൃദയത്തോടെ സ്നേഹിച്ചാൽ, നമുക്കു ആ അവസ്ഥയോടു വലിയ അഭിനിവേശമായിരിക്കും. ജപമാലയുടെ കാര്യത്തിലും ഇപ്രകാരമാണ്. നമ്മൾ ജപമാലയെ സ്നേഹിക്കുന്നുവെങ്കിൽ, അതു ചെല്ലുക എന്നത് നമ്മുടെ ആനന്ദമായി മാറും . അതിന്റെ ശക്തിയെ നമ്മൾ അറിയും. അതിനായി ദിവസത്തിൽ അല്‌പ സമയവും ഊർജ്ജവും നമ്മൾ മാറ്റി വയ്ക്കും. ഇപമാല പ്രാർത്ഥന വഴി യേശുക്രിസ്തുവിലേക്കു നമ്മുടെ ജീവിതം പുനരേകീകരിക്കും നമ്മുടെ അവസ്ഥയെക്കുറിച്ചു സ്വവബോധം ലഭിക്കുന്നതിനും അതുവഴി നിസ്വാർത്ഥനാകുന്നതിനും നമുക്കു കഴിയുന്നു.

2. കൂടുതൽ അച്ചടക്കമുള്ളവരാകും. ‍

ചൊല്ലുംതോറും മാധുര്യം കൂടുന്ന പ്രാർത്ഥനയാണ് ജപമാല. നമ്മൾ ക്ഷീണിച്ചിരിക്കുന്ന സമയത്താണങ്കിലും ജപമണികൾ കൈയ്യിലെടുക്കുമ്പോൾ അച്ചടക്കത്തിന്റെ വലിയ കൃപ നമ്മളെ തേടിയെത്തുന്നു, അതുവഴി നിങ്ങളുടെ ജീവിതത്തിന്റെ സമസ്ഥമേഖലകളിലും നിയന്ത്രിക്കാൻ കഴിയും. ദൈവത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ സഹായിക്കുന്ന ഏറ്റവും നല്ല കുറുക്കുവഴിയാണ് ജപമാല.

3. പുതിയ ഉൾക്കാഴ്ചകൾ ലഭിക്കും ‍

ജപമാല പ്രാർത്ഥന അനുദിനം ജപിക്കുമ്പോൾ മറഞ്ഞു കിടക്കുന്ന പല രക്ഷാകര രഹസ്യങ്ങളും വെളിപ്പെട്ടു കിട്ടും. ജപമാലയിലെ ഓരോ രഹസ്യങ്ങളെക്കുറിച്ചും തുടർച്ചയായി ധ്യാനിക്കുമ്പോൾ പരിശുദ്ധ അമ്മ യേശുവിനെക്കുറിച്ചുള്ള പല രഹസ്യങ്ങളും വെളുവാക്കിത്തരും. ഒരു പക്ഷേ ഇത്തരം ഉൾക്കാഴ്ചകളായിരിക്കാം നമ്മളെ മുമ്പോട്ടു നയിക്കുന്ന ചാലക ശക്തി.

4. കൂടുതൽ ധൈര്യം ലഭിക്കും ‍

ജപമാലയിലൂടെ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു കൊണ്ടു യാത്ര ചെയ്യുമ്പോൾ നമ്മുടെ ജീവിതം മാതൃസംരക്ഷണത്തിന്റെ സുരക്ഷിതമണ്ഡലത്തിലായിരിക്കും. അവളുടെ ഏറ്റവും വലിയ ആഗ്രഹം ക്രിസ്തുവിനെ നമുക്കു തരിക എന്നതു മാത്രമാണ്. മറിയത്തോടു ചേർന്നു നിൽക്കുന്ന ജീവിതങ്ങൾക്കു സ്വഭാവേന തന്നെ ധൈര്യം കൂടുതലായിരിക്കും ഈശോയുടെ മരണശേഷം ശിഷ്യന്മാർക്കു ധൈര്യം നൽകിയതും അവരെ ഒന്നിച്ചു നിർത്തിയതും അമ്മ മറിയമായിരുന്നു. മറിയം നമ്മുടെ കൂടെയുണ്ടെന്ന തിരിച്ചറിവ് മനുഷ്യനു നൽകുന്ന ആത്മധൈര്യം ചെറുതല്ല. മറിയത്തെ കാണുന്ന ഒരു സ്ഥലത്തും ഞാൻ ഒരു പ്രശ്നവും കാണുന്നില്ല എന്ന വി. മാക്സിമില്യാൻ കോൾബേ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

5. ജീവിതം ശാന്തമായി മുന്നോട്ടു നീങ്ങും.

“ജപമാല പ്രാർത്ഥന മറിയത്തിൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ടുള്ള പ്രാർത്ഥന ആയതിനാൽ ദിവസം മുഴുവൻ ശാന്തതയും സുരക്ഷിതത്വം ദൈവസാന്നിധ്യ അവബോധവും എനിക്കു സമ്മാനിക്കും ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തൻ്റെ ഡയറിയിൽ കുറിച്ച വാക്യമാണിത്. ജപമാല പ്രാർത്ഥന ഒരു പക്ഷേ നമ്മുടെ സഹനങ്ങളെ ജീവിതത്തിൽ നിന്നു എടുത്തുകളയുകയില്ലായിരിക്കും എങ്കിലും അതു ജീവിത പോരാട്ടങ്ങളിൽ നമ്മളെ കരുത്തുള്ളവരാക്കുന്ന ആയുധമാണ്.

6. പ്രലോഭന സമയങ്ങളിൽ പുതിയ അവബോധം ലഭിക്കും.

വിശുദ്ധ ഡോമിനിക്കിനു ജപമാല ജപിക്കുന്നവർക്കു പരിശുദ്ധ മറിയം വാഗ്ദാനം ചെയ്ത പതിനഞ്ചു വാഗ്ദാനങ്ങളിൽ മൂന്നാമത്തേതിൽ “ ജപമാല നരകത്തിനെതിരായ ശക്തമായ ഒരു കവചമായിരിക്കുമെന്നും

അതു തിന്മയെ നശിപ്പിക്കുമെന്നും പാപത്തെ ക്കുറയ്ക്കുമെന്നും പാഷണ്ഡതകളെ തോൽപ്പിക്കും എന്നും പറയുന്നു. ജപമാല അനു ദിനം ചൊല്ലി പ്രാർത്ഥിച്ചാൽ നമ്മുടെ അനുദിന പാപങ്ങളുടെ എണ്ണം കുറയുന്നു.പല കാര്യങ്ങളും നീട്ടിവയ്ക്കാനും കിംവദന്തികൾ പറയാനും പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ പരിശുദ്ധ മറിയം അതു വേണോ എന്ന ചോദ്യം നമ്മുടെ മനസാക്ഷിയിൽ തരുന്നു . ജപമാല പ്രലോഭനങ്ങളിൽ വിജയം വരിക്കാനുള്ള ഏറ്റവും നല്ല കുറുക്കുവഴിയാണ്.

7. ലളിത ജീവിതം നയിക്കാൻ ആരംഭിക്കും

ജപമാല പ്രാർത്ഥനയുടെ ശക്തി അതിൻ്റെ ലാളിത്യത്തിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ സങ്കീർണ്ണവും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സങ്കീർണ്ണവും ബുദ്ധിപരവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പലപ്പോഴും നമ്മൾ കരുതുന്നു.

നമ്മുടെ പ്രശ്നങ്ങളുടെ അഗാധതയിലേക്ക് നോക്കി നാം നട്ടം തിരിഞ്ഞിരിക്കുമ്പോൾ , ജപമാല എന്ന എളിയ പ്രാർത്ഥന നമ്മുടെ സഹായത്തിന് എത്തുന്നു. ഏതു സാഹചര്യത്തിലും പ്രാർത്ഥിക്കാൻ കഴിയുന്ന ഈ എളിയ പ്രാർത്ഥന നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ്.

നമ്മുടെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിലും, കുടുംബങ്ങളിലും ഉണ്ടാകുന്ന ഭൗതികവും ആത്മീയവുമായ എന്തു പ്രശ്നങ്ങളുമാകട്ടെ, എത്ര വലിയ പ്രശ്നങ്ങളുമാകട്ടെ ജപമാല വഴി പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമില്ല. എന്നു ഫാത്തിമായിൽ പരിശുദ്ധ മറിയം ദർശനം നൽകിയ ഇടയകുട്ടികളിൽ ഒരാളായ സി. ലൂസി പറയുന്നു.

#Repost


Related Articles »