Faith And Reason - 2024

'മലകയറിയും കോടതി കയറിയും' യേശു നാമം ഉരുവിട്ട് അമേരിക്കയിലെ അയ്യായിരത്തോളം വിശ്വാസികള്‍

പ്രവാചക ശബ്ദം 10-10-2020 - Saturday

ടെക്സാസ്: മഹാമാരിയുടെ ദുരിതങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതത്തിനിടെ നന്ദി നിറഞ്ഞ ഹൃദയത്തോടെ മലകയറിയും, ഫെഡറല്‍ കോര്‍ട്ട് ഹൗസിന്റെ പടികള്‍ കയറിയും യേശുവിനെ മഹത്വപ്പെടുത്തി അമേരിക്കയിലെ ആയിരകണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച ടെക്സാസിലെ ഫോര്‍ട്ട്‌ വര്‍ത്തില്‍ നടന്ന ‘ലെറ്റ്‌ അസ്‌ വേര്‍ഷിപ്പ്’ പരിപാടികളില്‍ അയ്യായിരത്തോളം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് വിശ്വാസികള്‍ കെര്‍വില്ലെ മലകയറി 77 അടി ഉയരമുള്ള ശൂന്യമായ കുരിശിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയോടൊപ്പം ഇന്റര്‍നാഷണല്‍ ഔട്ട് റീച്ച് സമൂഹത്തിന്റെ ഡോ. ചാള്‍സ് കാരുകുയുടെ നേതൃത്വത്തില്‍ പ്രോലൈഫ് റാലിയും നടത്തുകയുണ്ടായി.

അമേരിക്കയിലെ ഗര്‍ഭഛിദ്ര അനുമതിക്ക് പിന്നിലെ കാരണമായ റോ വി. വേഡ് കേസ്‌ ഫയല്‍ ചെയ്ത ഡാളസിലെ ഫെഡറല്‍ കോര്‍ട്ട്ഹൗസിനു മുന്നിലെത്തിയപ്പോള്‍ വിശ്വാസികള്‍ ഗര്‍ഭഛിദ്രത്തിന്റെ അന്ത്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടുകൊണ്ട് യേശുവിനെ ആരാധിക്കുക എന്ന ലക്ഷ്യമാണ് ആയിരങ്ങളെ പരിപാടിയിലേക്ക് അടുപ്പിക്കുന്നതെന്നാണ് പരിപാടിയുടെ സംഘടകര്‍ പറയുന്നത്. അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനും, കലാകാരനും, നിരവധി കൂട്ടായ്മകളുടെ സ്ഥാപകനുമായ സീന്‍ ഫ്യൂഷ്റ്റ് ജൂലൈ മധ്യത്തിലാണ് കാലിഫോര്‍ണിയയിലെ ഗോള്‍ഡന്‍ ബ്രിജ്’ല്‍വെച്ചു ‘ലെറ്റ്‌ അസ്‌ വര്‍ഷിപ്പ്’ ടൂറിന് ആരംഭം കുറിച്ചത്. മഹാമാരിയ്ക്കു നടുവിലും ഓരോ ശുശ്രൂഷയിലും പങ്കുചേരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നതു ശ്രദ്ധേയമാണ്.


Related Articles »