Social Media - 2020

ധന്യ പദവിയിലെ ഞങ്ങളുടെ സ്വന്തം അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ

ഡോ. ഡെയ്സൻ പാണേങ്ങാടൻ 11-10-2020 - Sunday

കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യമനുസരിച്ച് ദൈവരാജ്യത്തിന്റെ സംസ്ഥാപനത്തിനും പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരന്റെ ആത്മീയഫലങ്ങള്‍ക്ക് ഭൂമിയില്‍ പ്രായോഗികതയുണ്ടാക്കുന്നതിനും വിശ്വാസ കേന്ദ്രീകൃതമായ ആത്മീയതയോടൊപ്പം സാമൂഹ്യ വീക്ഷണത്തോടെ ഞങ്ങളുടെ നാട്ടിൽ ധീരതയോടെ ജിവിച്ചു മരിച്ച പുണ്യചരിതനായിരുന്നു, 2018 ഡിസംബറിൽ ഫ്രാൻസീസ് പാപ്പ, ധന്യ പദവിയിലേയ്ക്ക് പേരെടുത്തു വിളിച്ച അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്‍.

സത്യത്തിന്റെ ചുവടുപിടിച്ച്, സമൂഹത്തിന്റെ നീതിബോധത്തിന് ജീവനേകി, ധാർമ്മികതയുടെ പടവാൾ കൈകളിലേന്തിയ അദ്ദേഹം ശബ്ദമില്ലാത്തവരുടെ ശബ്ദവും കാഴ്ചയില്ലാത്തവന്റെ കണ്ണും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവന്റേയും മാറ്റി നിറുത്തപ്പെട്ടവന്റേയും വഴികാട്ടിയുമായി മാറുകയായിരുന്നു. ക്രിസ്തുവിന്റെ ചെയ്തികളെയും ചൊല്ലുകളെയും ആത്മീയ സ്വപ്‌നങ്ങളും നിമന്ത്രണങ്ങളുമാക്കിയ അദ്ദേഹം, താമസിക്കുന്ന ഭൂപ്രദേശത്തെ അനേകരില്‍ ഇരുട്ടിന്റെ മറ നീക്കി പ്രകാശത്തിന്റെ പാതയോരങ്ങള്‍ തുറന്നിട്ടു. സഹനങ്ങളെ ഏറ്റുവാങ്ങി, അവ ജീവിതത്തിലും സമൂഹത്തിലുമുണ്ടാക്കിയ നെരിപ്പോടുകള്‍ക്ക് ആത്മീയവും സ്വർഗ്ഗീയവുമായ നിർവചനം നൽകിയ ഊക്കനച്ചന്‍ കാലാതീതനായ കര്‍മയോഗിയും ആത്മിയാചാര്യനേക്കാളുപരി തൃശ്ശിവപേരൂർ പ്രദേശവും വിശിഷ്യ കുന്നംകുളവും കണ്ട മാനവികതയുടെ പര്യായവും ഈ പ്രദേശത്തെ എക്കാലത്തേയും സാമൂഹ്യ പരിഷ്ക്കർത്താവും സഭയിലെ നവോത്ഥാന നായകനുമായിരുന്നു.

അവിഭക്ത തൃശൂര്‍ രൂപതയില്‍, ഞങ്ങളുടെ നാടായ പറപ്പൂര്‍ ഗ്രാമത്തിൽ താമസമാക്കിയ ഊക്കന്‍ അന്തപ്പന്‍ -അന്നമ്മ ദമ്പതികളുടെ ദ്വിതീയ സന്താനമായി 1880 ഡിസംബര്‍ 19ന് ജോണ്‍ ജനിച്ചു. ഇടവകയുടെ പേരിനു തന്നെ കാരണഭൂതനായ വൈദിക തീക്ഷ്ണതയിൽ ജ്വലിച്ചു നിന്നിരുന്ന വി. ജോൺ നെപുംസ്യാൻ്റെ പേരു തന്നെ മാതാപിതാക്കൾ ജോണിനു നൽകിയത് വെറുതെയായില്ല. കുടുംബത്തിലെ ആത്മീയ അന്തരീക്ഷവും പ്രാർത്ഥന ഔൽസുക്യവും അതോടൊപ്പം മാതാപിതാക്കളുടെ നല്ല മാതൃകയും ആ പിഞ്ചുഹൃദയത്തെ ചെറുപ്പത്തില്‍ നന്നേ സ്വാധീനിച്ചിരുന്നുവെന്ന് മാത്രമല്ല; ദൈവകരത്തോട് ഭക്ത്യാധിഷ്ഠിതമായി ഏറെ ചേർത്തു നിറുത്തിയിരുന്നു. നിർഭാഗ്യവശാൽ മാതൃപരിലാളനയുടെ വാൽസല്യകരങ്ങള്‍ ഇളംപ്രായത്തിൽ തന്നെ (രണ്ടര വയസില്‍)അദ്ദേഹത്തെ വിട്ടുപിരിഞ്ഞു.

മാതൃവിയോഗത്തിന്റെ അനാഥത്വമറിയിക്കാതെ വാത്സല്യത്തോടെ കാത്തുസംരക്ഷിച്ച സ്‌നേഹ നിധിയായ പിതാവും രോഗത്തിന്റെ പിടിയിലമര്‍ന്ന് ജോണിന്റെ ചെറുപ്രായത്തിൽ (ആറ് വയസായപ്പോള്‍) യാത്ര പറഞ്ഞു. കുടുംബത്തിന്റെ ആത്മീയാന്തരീക്ഷം, കുഞ്ഞുപ്രായത്തില്‍ തന്നെ അനാഥനായി തീര്‍ന്ന അദ്ദേഹത്തിന്റെ സ്‌നേഹം മുഴുവന്‍ ഈശോയിലും മാതാവിലും നിക്ഷേപിക്കാൻ സ്വാഭാവികമായും അവസരമൊരുക്കി. ക്രിസ്തുവാൽസല്യത്തിലും പരിശുദ്ധ അമ്മയുടെ പരിലാളനയിലും വളർന്ന ജോണിന്റെ മാനസികാവസ്ഥ, അദ്ദേഹത്തെ സമൂഹത്തില്‍ വേദനിക്കുന്ന സഹോദരങ്ങളെ ലാഭേച്ഛയൽപ്പം കൂടാതെ സ്‌നേഹിക്കാനും ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും അവരോടൊപ്പം നിലയുറപ്പിക്കാനുമുള്ള പ്രേരണയേകി. മാതാപിതാക്കൾ നഷ്ടപ്പെട്ട തന്നെ സനാഥയാക്കിയ അമ്മായിയുടെ (പിതൃസഹോദരി) വാത്സല്യപൂര്‍വമായ പരിചരണത്തില്‍, പറപ്പൂരിലെ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാലയ പ്രവേശനം നടത്തിയ ജോണിന് സാഹചര്യവശാൽ മൂന്നാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ദീർഘ വീക്ഷിയും ജോണിന്റെ ആത്മീയതയെ നേരിട്ടറിഞ്ഞിട്ടുള്ളയാളുമായ അന്നത്തെ പറപ്പൂര്‍ പള്ളി വികാരി കുറ്റിക്കാട് ഔസേപ്പച്ചന്‍, സമര്‍ത്ഥനായ ജോണിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു.

ഒരു പക്ഷേ, പറപ്പൂർ പള്ളിയിലെ എക്കാലത്തേയും, വൈദികനല്ലാത്ത ഒരേയൊരു അന്തേവാസി. അച്ചനോടൊപ്പം താമസമാക്കിയ ജോൺ ഇടവകയിലും വിശിഷ്യ കുട്ടികളിലും പ്രാർത്ഥനാ ചൈതന്യവും നല്ല സ്വഭാവവും വളര്‍ത്തിയെടുക്കുവാന്‍ വികാരിയച്ചന്റെ പിന്തുണയോടെ അക്ഷീണം പ്രയത്‌നിച്ചു. ഇടയ സന്ദർശനത്തിനെത്തിയ അന്നത്തെ മെത്രാന്റെ പ്രത്യേക വാത്സല്യവും വികാരിയച്ചന്റെ ദിശ പൂർണ്ണമായ ഒത്താശയും ചേര്‍ന്നപ്പോള്‍ 1898 ഏപ്രില്‍ 17ന് ജോണിനെ കാന്റി സെമിനാരി വൈദികാർത്ഥിയായി സ്വീകരിച്ചു..

”തന്റെ അസ്തിത്വത്തിന്റെയും ജീവിതത്തിന്റെയും സർവ്വോത്മുഖമായ ലക്ഷ്യം ദൈവത്തെ അറിയുകയും സ്‌നേഹിക്കുകയും മറ്റുള്ളവരെ ദൈവത്തിലേയ്ക്കടുപ്പിക്കുകയാണ്” എന്ന് ഗ്രഹിച്ച അദ്ദേഹം പൗരോഹിത്യ രൂപീകരണ പ്രക്രിയയില്‍ തനിക്ക് ലഭിച്ചവയെല്ലാം, ദൈവസന്നിധിയിൽ സ്വര്‍ഗീയ നിക്ഷേപങ്ങളായി സ്വരുകൂട്ടി. അങ്ങനെ 1907 ഡിസംബര്‍ 21ന് വൈദികനായി അഭിഷിക്തനായ ജോണച്ചന്‍ തൃശൂര്‍ സെന്റ് തോമസ് സ്‌കൂളിന്റെ അസിസ്റ്റന്റ് മാനേജരായി നിയമിതനായി. ദൈവത്തിന്റെ വിളഭൂമിയിലേക്ക് ഇറങ്ങിയ അദ്ദേഹം, പതിരുകളെ കതിരുകളാക്കുകയും കതിരുകളെ കനമുള്ള വിളവുകളാക്കാനും തീവ്രയത്‌നം നടത്തി.

എല്ലാ കാര്യങ്ങളിലും പരിശുദ്ധ അമ്മയുമായി ആലോചന നടത്തിയിരുന്ന ഊക്കനച്ചന് എപ്പോഴും ആ മാതൃസഹായം ഉണ്ടായിരുന്നു.

ആലങ്കാരികമായ ഭക്ത്യാഭ്യാസങ്ങൾക്കപ്പുറത്ത് ക്രിസ്തുവിനും തനിക്കുമിടയിലുള്ള പാലമായിട്ടാണ് പരി. അമ്മയെ അഗസ്റ്റിൻ ജോണെന്ന കുട്ടിയും ജോണെന്ന വൈദികാർത്ഥിയും പിന്നിടു ജോണച്ചനും നോക്കിക്കണ്ടത്. അമ്മയുടെ ആശ്രയമില്ലാതിരുന്ന ശൈശവക്കാലത്തും അപ്പനെ നഷ്ടപ്പെട്ട ബാല്യത്തിലും ജോണിനു കൂട്ടായിരുന്നതും പരി.അമ്മ തന്നെ. പുത്രനിർവ്വിശേഷമായ സ്നേഹം പരി. അമ്മയോട് ജോണിന് ഉണ്ടായിരുന്നതുകൊണ്ടാകണം, "പ്രിയപ്പെട്ട മമ്മാ" എന്നാണ് ജോൺ വി.മറിയത്തെ അഭിസംബോധന ചെയ്തിരുന്നത്.

പരി. അമ്മയുടെ ത്യാഗവും വിധേയത്വമുൾപ്പടെയുള്ള വിശുദ്ധ ഗുണങ്ങൾ സ്വാംശീകരിക്കാനും അതനുസരിച്ച് തന്റെ വ്യക്തിത്വം രൂപപ്പെടുത്താനും ജോണച്ചനായിയെന്നതും അദ്ദേഹത്തിന്റെ ജീവചരിതം പരിശോധിച്ചാൽ നമുക്കു ബോധ്യപ്പെടാവുന്നതാണ്. മറിയത്തിലൂടെ ക്രിസ്തുവിലേക്കെന്ന ആപ്തവാക്യം മുറുകെ പിടിച്ചതുകൊണ്ടാകണം തന്റെ ജീവിതത്തിന്റെ സുപ്രധാന അവസരങ്ങളിലും പ്രതിസന്ധികളിലും ജപമാല മുറുകെ പിടിക്കാനും ജപമാല ഭക്തി പ്രചരിപ്പിക്കുന്നതിനും അദ്ദേഹം സദാ ഉൽസുകനായിരുന്നു.ഇതിന്റെ ഉത്തമോദാഹരണമാണ് വൈദികനായതിനു ശേഷം അദ്ദേഹത്തിന്റെ രൂപീകരിച്ച "സൊഡാലിറ്റി " സംഘടന.

പരി. അമ്മയുടെ അമലോൽഭവം ലോകം അംഗീകരിക്കുന്നതിനു മുൻപേ അതിനായി വൈദികാർത്ഥിയായിരുന്ന അഗസ്റ്റിൻ ജോൺ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും മാനസികമായി ഒരുങ്ങുകയും ചെയ്തിരുന്നതായി സെമിനാരിയിലെ അദ്ദേഹത്തിന്റെ സമകാലീനർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നവപൂജാർപ്പണം പരി. അമ്മയുടെ അമലോൽഭവ പ്രഖ്യാപനത്തിന്റെ നന്ദി പ്രകടനമാകണമെന്ന് ഒരു വൈദികാർത്ഥി ആഗ്രഹിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന് "പരി. അമ്മ"യോട് എത്രമാത്രം വിലമതിക്കാനാകാത്ത ആത്മബന്ധം ഉണ്ടായിരുന്നുവെന്നതിന് വേറെന്തു സാക്ഷ്യം വേണം.

വൈദികനായതിനു ശേഷം, മാതാവിനു വേണ്ടി പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ട മാസങ്ങളായ മെയ് - ഒക്ടോബർ മാസങ്ങളിൽ, ഇടവക തലത്തിൽ പ്രത്യേകിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ മാതൃഭക്തി പ്രചരിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചിരുന്നുവെന്നതും പ്രത്യേകം സ്മരണാർഹമാണ്. തന്റെ മുഴുവൻ പ്രവർത്തനമണ്ഡലങ്ങളും പരി. അമ്മയുടെ മാധ്യസ്ഥം നേടുന്നതും തന്റെ എല്ലാ പ്രവർത്തികളും അവസാനിക്കുന്നതിനു മുൻപ് മാതാവിനെ സ്തുതിച്ചു പാടുന്നതും ജോണച്ചന് ഏറെ പ്രിയതരമായിരുന്നു.

മാതാവിനു സമർപ്പിതരായ ഉപവിസന്യാസ സമൂഹത്തിന്റെ രൂപീകരണവും ഇതോടൊപ്പം ചേർത്തു വായിച്ചാൽ പരി. അമ്മയുടെ സ്വാധീനം ആ പുണ്യ പിതാവിന്റെ ജീവിതത്തിൽ എത്രമാത്രം ഉണ്ടായിരുന്നുവെന്നതിന് വേറെന്തു തെളിവു വേണം.

നേരത്തെ പള്ളിയിലെത്തുകയും താമസിച്ച് പള്ളിയില്‍ നിന്നു പോവുകയും എന്ന പതിവ് അദ്ദേഹത്തിനു സ്വന്തമായിരുന്നു. എല്ലാ ദിവസങ്ങളിലും ഒരു മണിക്കൂര്‍ ധ്യാനിക്കുകയും ദൈവിക നിവേശനങ്ങളെ കുറിച്ചുവയ്ക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം തൽപ്പരനും ദത്തശ്രദ്ധനുമായിരുന്നു. ”ഒരു പുരോഹിതന്‍ ക്രിസ്തുവിന്റെ സുഗന്ധ പരിമളമാണെന്ന വീക്ഷണം അദ്ദേഹം മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുകയും അതിനു വേണ്ടി അവതു പരിശ്രമിക്കുകയും ചെയ്തു.

ഉയര്‍ന്ന ചിന്തകളും ആത്മീയ കാഴ്ചപ്പാടുകളും ലാളിത്യത്തിന്റെ മുഖമുദ്രയായ ഊക്കനച്ചനില്‍ നിറഞ്ഞുനിന്നപ്പോള്‍ രൂപതയിലെ ഉന്നതപദവികള്‍ സ്വാഭാവികമായും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ ദൈവം തന്നില്‍ നിക്ഷേപിച്ച ഗാഢമായ സ്‌നേഹം കരകവിഞ്ഞൊഴുകേണ്ടത് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട അവശരും നിരാലംബരുമായ ദരിദ്രസഹോദരങ്ങളിലേക്കാണ് എന്ന തിരിച്ചറിവ്, അദ്ദേഹത്തെ വൈദികരിൽ വേറിട്ടവനാക്കി. അനിതരസാധാരണമായ സ്ഥൈര്യത്തോടെയും അഭിവാഞ്ചയോടെയും, തികഞ്ഞ ആത്മീയ ഉണര്‍വോടെ അദ്ദേഹം തന്റെ കര്‍മഭൂമിയിലേക്കിറങ്ങി. സമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും പാവപ്പെട്ടവരുടേയും അശരണരുടേയും പക്ഷം ചേരുന്ന പ്രവർത്തനങ്ങളിലും ഇടപെട്ട് ആർജിച്ചെടുത്ത ആത്മീയ പ്രചോദനം ഊക്കനച്ചന് കുന്നംകുളം - ചൊവ്വന്നൂർ പ്രദേശത്തെ സാമൂഹ്യ നേതാവാക്കി. ഈ പ്രത്യേക സാഹചര്യം കൊണ്ട്, അദ്ദേഹം ആ പ്രദേശത്തിന്റെ ”അച്ചന്‍ തമ്പുരാനായി”. പൗരോഹിത്യത്തിന്റെ വഴിയിലെ ഈ വ്യത്യസ്ത ശൈലി ‘വില്ലേജ് കോര്‍ട്ട് ജഡ്ജി’ എന്ന സ്ഥാനത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. തൃശ്ശൂർ രൂപതയില്‍ അന്ന് നിലനിന്നിരുന്ന മുഴുവൻ സന്യാസസമൂഹങ്ങളും പ്രാര്‍ഥനയില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ധ്യാനാത്മകതയില്‍ നിന്നു ഉരുതിരിയുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യബോധത്തിലും അധിഷ്ഠിതമായ ഒരു സന്യാസ സമൂഹം രൂപീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹ സാക്ഷാൽക്കാരമായി 1944 നവംബര്‍ 21ന് ഒരു സന്യാസസമൂഹ രൂപീകരണത്തിലേക്ക് നയിച്ചു. അങ്ങനെ ചാരിറ്റി സന്യാസിനി സമൂഹം രൂപീകൃതമായി.1944ൽ മൂന്ന് അംഗങ്ങളുമായി ആരംഭിച്ച ചാരിറ്റി സന്യാസിനി സമൂഹം 1995ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

1956 ഒക്‌ടോബര്‍ 13ന് പരലോകപ്രാപ്തനായ അദ്ദേഹത്തിന്റെ നന്മ പ്രവൃത്തികളുടേയും വിശുദ്ധിയുടെയും നറുമണം ഇന്നും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലവും കബറിടം സ്ഥിതി ചെയ്യുന്നയിടവുമായ ചൊവ്വന്നൂരിനെ വ്യത്യസ്തമാക്കുന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥ ശക്തിയിലൂടെ അനുഗ്രഹവും രോഗശാന്തിയും പ്രാപിച്ചവര്‍ ഇന്ന് കേരളത്തിൽ ധാരാളമുണ്ട്.

2008ല്‍ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തെ, 2018 ഡിസംബറിൽ പരിശുദ്ധ ഫ്രാൻസീസ്‌ പാപ്പ ധന്യ പദവിയിലേയ്ക്കുയർത്തി. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കും വിശുദ്ധപദവിയിലേയ്ക്കും ജോണച്ചന്റെ പേര് വിളിക്കുന്ന സമയം ആഗതമാകുവാന്‍ ജനഹൃദയങ്ങളും വിശ്വാസ സമൂഹവും പ്രാര്‍ഥനയോടും ത്യാഗത്തോടും കാത്തിരിക്കുകയാണ്. ജോണച്ചൻ്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് വീണ്ടുമൊരു ശ്രാദ്ധ ദിനം (ഒക്ടോബർ 13) വന്നെത്തുകയാണ്. ജനകീയനായ ഒരു ആത്മീയാചാര്യൻ; അതായിരിക്കും കാലം ജോണച്ചനു കരുതി വെച്ച നാമകരണം. ഒരു നാടിനു വേണ്ടി ജീവിച്ച്, ആ നാടിൻ്റെ ആത്മീയവും സാമൂഹ്യപരവും വികസനപരവും ആയ കാര്യങ്ങൾക്കു വേണ്ടി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച ജോണച്ചൻ, വൈദിക സമൂഹത്തിന് എന്നുമൊരു വഴിവിളക്കാണ്.

നമുക്കും നമ്മുടെ നാടിന്റെ പുത്രനായ ജോണച്ചന്റെ മധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും അദ്ദേഹം പടുത്തുയർത്തിയ ആത്മീയ സിംഹാസനത്തിൽ അഭിമാനിക്കുകയും ചെയ്യാം.കാരണം അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പതിയാത്ത ഇടനാഴികളും വഴിത്താരകളും ഞങ്ങളുടെ നാടായ പറപ്പൂരിൽ ഉണ്ടാകാനിടയില്ല.

(ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ പറപ്പൂർ സെൻ്റ്.ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെക്രട്ടറിയും കോളേജ് പ്രൊഫസറുമാണ്) ‍


Related Articles »