Youth Zone - 2024

കുരിശും മാതാവും ജപമാല മണികളും: 2023 ലോകയുവജന സംഗമത്തിന്റെ ലോഗോ പുറത്തിറക്കി

പ്രവാചക ശബ്ദം 17-10-2020 - Saturday

ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ 2023ൽ നടത്താനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോ സംഘാടകർ പുറത്തിറക്കി. ലോക യുവജന സമ്മേളനം ആരംഭിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഇന്നലെ ഒക്ടോബർ 16നാണ് ലോഗോ പുറത്തിറക്കിയതെന്നത് ശ്രദ്ധേയമാണ്. 'മറിയം എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ടു' എന്ന ലൂക്കാ സുവിശേഷത്തിലെ ബൈബിൾ വചനത്തെ പ്രമേയമാക്കിയാണ് ബിയാട്രിസ് റൂക്ക് അൻറ്റൂണിസ് എന്ന പോർച്ചുഗീസ് ഡിസൈനർ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.

പോർച്ചുഗീസ് പതാകയിലെ പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങൾ ലോഗോ രൂപകല്പനയിൽ ഉപയോഗിച്ചിട്ടുണ്ട്. കുരിശാണ് ലോഗോയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഫാത്തിമ മാതാവിനോടുള്ള പോർച്ചുഗീസ് ജനതയുടെ വിശ്വാസത്തെ സൂചിപ്പിക്കാനായി ജപമാല മണികളും ലോഗോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യുവജനങ്ങളുടെ പ്രതീകമായിട്ടാണ് ലോഗോയിൽ പരിശുദ്ധ കന്യകാമറിയത്തെ

ലൂക്കാ 1: 39 വചനത്തെ അടിസ്ഥാനമാക്കി ഒരു യുവതിയായി ചിത്രീകരിച്ചിരിക്കുന്നത്.

ഈ വചന ഭാഗത്ത് പറഞ്ഞിരിക്കുന്നതുപോലെ ദൈവ ഹിതം നിറവേറ്റാനും സഹോദരിയായ എലിസബത്തിനെ ശുശ്രൂഷിക്കാനും മറിയം എപ്പോഴും തയ്യാറായിരുന്നുവെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിച്ചു. 2019ൽ പനാമയിലാണ് ഏറ്റവും ഒടുവിലായി ലോക യുവജന സംഗമം നടന്നത്. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു നീട്ടിവെക്കുന്നതായി വത്തിക്കാന്‍ അറിയിക്കുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »