Social Media - 2024

കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ഉപവാസ സമരത്തിന് എസ്‌ഡിപിഐ ഐക്യദാർഢ്യം, ലീഗ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച: വാസ്തവമെന്ത്?

വിജിലന്‍റ് കാത്തലിക് 25-10-2020 - Sunday

ഒന്നാലോചിച്ചാൽ ഓർത്തുചിരിക്കാൻ വകയുള്ള രണ്ട് വിവാദങ്ങൾ കത്തോലിക്കാ സഭയുമായിബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയർന്നുവരികയും വളരെ ഗൗരവതരമായ ചർച്ചകൾ അതേച്ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുകയും ചെയ്യുന്നുണ്ട്. "കേരളകത്തോലിക്കാ സഭ മുസ്ളീം ലീഗും എസ്‌ഡിപിഐയുമായി കൈകോർക്കുന്നു" എന്നുള്ളതാണ് സാരം. ചിലർ നിക്ഷിപ്ത താൽപ്പര്യങ്ങളോടെ വിവാദം സൃഷ്ടിക്കാൻ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത് രണ്ട് വ്യത്യസ്ത സംഭവങ്ങളാണ്. ഒന്ന്, തിരുവനന്തപുരത്ത് വച്ച് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന സമരപരിപാടികളിൽ എസ്‌ഡിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി അവർത്തന്നെ പ്രചരിപ്പിച്ച വാർത്തയാണ്. മുസ്ളീം ലീഗുമായി സഭാനേതൃത്വം ചർച്ച നടത്തി ധാരണയിലെത്തി എന്ന പ്രചരണമാണ് രണ്ടാമത്തേത്.

മുഖ്യധാരാ മാധ്യമങ്ങൾ മുതൽ മഞ്ഞപ്പത്രങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ ചർച്ചനടത്തുകയും, സോഷ്യൽമീഡിയയിൽ അനേകർ തലപുകയ്ക്കുകയും ചെയ്യുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. "മുസ്ളീം ലീഗുമായും എസ്‌ഡിപിഐയുമായും കത്തോലിക്കാ സഭയ്ക്കെന്തിനാണ് പങ്കാളിത്തം?" എന്ന അടിസ്ഥാന ചോദ്യം സ്വയം ചോദിച്ചാൽ തീരുന്ന വിഷയമേ ഇവിടെയുള്ളു. കത്തോലിക്കാ സഭ ഒരു രാഷ്ട്രീയ പാർട്ടിയോ രാഷ്ട്രീയ താല്പര്യങ്ങളുള്ള ഒരു സംഘടനയോ അല്ല എന്ന വാസ്തവം മനസിലാക്കിയാൽ അനേകരുടെ ആശങ്ക അവിടെ അവസാനിച്ചേക്കും. ഇനി കാര്യത്തിലേക്ക് വരാം.

ഒന്നാമത്തെ സംഭവം, എസ്‌ഡിപിഐക്കാരുടെ പ്രചാരണം. ‍

ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദിയാൽ കൊല്ലപ്പെട്ട അദ്ധ്യാപകനോ, ഉത്തരേന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കോ, കേരളത്തിൽ സാമുദായികമായ വിവേചനങ്ങൾ നേരിടുന്ന ക്രൈസ്തവർക്കോ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഈ സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് ലോകത്തെവിടെയുമുള്ള ആർക്കും കഴിയും. അതിനെ ചോദ്യം ചെയ്യുന്നതിൽ വലിയ യുക്തിയില്ല.

തിരുവനന്തപുരത്ത് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ചില ദിവസങ്ങൾ നീളുന്ന ഒരു സമരം നടക്കുന്നു. 2020 ഒക്ടോബർ 20ന് നടന്ന പ്രധാന ഉപവാസ സമരത്തെ തുടർന്ന് ഓരോ ദിവസം ഓരോ രൂപതകളുടെ നേതൃത്വത്തിലാണ് തികച്ചും സമാധാനാന്തരീക്ഷത്തിലുള്ള പ്രതിഷേധ സമരം നടന്നുവരുന്നത്. പ്രത്യേകിച്ച്, ഇലക്ഷൻ അടുത്ത് നിൽക്കുന്നതിനാൽ ഇത്തരമൊരു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പലരുമെത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ അത്തരത്തിൽ വരുന്നവർ പ്രധാന വ്യക്തികൾ (കെസിബിസി ഔദ്യോഗിക പ്രതിനിധികൾ) വേദിയിലുണ്ടായിരിക്കുന്ന അവസരത്തിലാണ് എത്തി പിന്തുണയറിയിക്കുക. എന്നാൽ, സമരത്തിന്റെ മൂന്നാം ദിവസം ഉച്ചയോടടുത്ത സമയത്ത് അന്നത്തെ സമരപരിപാടിക്ക് നേതൃത്വം നൽയിരുന്ന രൂപതയുടെ പ്രതിനിധിയായ വൈദികനും മറ്റ് ചിലരുമൊഴികെ കാര്യമായി ആരുംതന്നെ സ്ഥലത്തില്ലാത്തപ്പോൾ തൊപ്പി ധരിച്ച ഒരു വ്യക്തി വേദിയിലേക്ക് വന്ന് തന്റെ പിന്തുണ വൈദികനെ അറിയിക്കുന്നു.

തുടർന്ന് ഒരു മിനിട്ട് ഒഴിഞ്ഞുകിടന്ന കസേരയിൽ ഇരിക്കുന്നു. പലരും വന്നുപോകുന്നതിനാലും, ഇതൊരു മുതലെടുപ്പ്ശ്രമത്തിന്റെ ഭാഗമാണെന്ന് അറിയാത്തതിനാലും അക്കാര്യത്തെക്കുറിച്ച് അപ്പോഴും പിന്നീടും ആരും ചിന്തിച്ചതുതന്നെയില്ല. എസ്‌ഡിപിഐയുടെ പേരിൽ പ്രചാരണങ്ങൾ പുരോഗമിച്ചപ്പോൾ മാത്രമാണ് അത്തരമൊരു വ്യക്തി വേദിയിലേക്ക് കടന്നുവന്നത് അക്കൂട്ടരുടെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നെന്ന് സംഘാടകർ മനസിലാക്കിയത്. തീവ്ര ഇസ്ലാമിക സ്വഭാവമുള്ള എസ്‌ഡിപിഐ പോലുള്ള സംഘടനകളുടെ പ്രവർത്തനരീതികൾ ഇപ്രകാരമാണെന്ന് മുമ്പേ തിരിച്ചറിഞ്ഞിട്ടുള്ള വിവേകമുള്ള ജനത ഇത്തരം അവകാശവാദങ്ങൾക്ക് ചെവികൊടുക്കാതിരിക്കുകയാണ് യുക്തം.

രണ്ടാമത്തെ സംഭവം, മുസ്ളീം ലീഗിന്റെ സഭാനേതൃത്വവുമായുള്ള ചർച്ച

അനാവശ്യവിവാദമാക്കി മാറ്റാൻ പലരും കിണഞ്ഞ് പരിശ്രമിച്ച ഈ ചർച്ചയെക്കുറിച്ചുള്ള വാസ്തവങ്ങൾ ചിലമാധ്യമങ്ങൾ ശരിയായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. "24 ന്യൂസ്" ഈ വാർത്ത റിപ്പോർട്ട് ചെയ്തത് ഉദാഹരണമാണ്. ഇലക്ഷൻ അടുത്തെത്തുമ്പോൾ, പ്രത്യേകിച്ച് രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങൾ പൊതുസമൂഹത്തിൽ നിലനിൽക്കുമ്പോൾ വിവിധ രാഷ്ട്രീയ നേതാക്കൾ സമുദായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യൂ നിൽക്കുന്ന കാഴ്ച പതിവാണ്. ഇവരെ ഇത്തരത്തിൽ സ്വതന്ത്രമായി മുന്നിൽ കിട്ടാൻ എളുപ്പമല്ലാത്തതിനാൽ തങ്ങൾക്ക് പറയാനുള്ളത് തുറന്നുപറയാനുള്ള അവസരമായി ബുദ്ധിയുള്ളവർ അത്തരം സന്ദർശനങ്ങളെ കാണുകയും വിവേകപൂർവ്വം ഉപയോഗിക്കുകയും ചെയ്യും.

ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. 80 - 20 സംവരണ വിഷയം, സാദിഖ് അലി തങ്ങളുടെ ഹാഗിയ സോഫിയ വിഷയത്തിലെ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾക്കുള്ള അതൃപ്തി മുസ്ളീം ലീഗ് നേതാക്കളെ സഭാനേതൃത്വം വ്യക്തമായി അറിയിച്ചെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വിഷയങ്ങളിലുൾപ്പെടെ മറ്റ് പല കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പും മുഖത്തുനോക്കി പറയാനാണ് ഈ അവസരത്തെ പിതാക്കന്മാർ ഉപയോഗിച്ചത്. ആരോഗ്യകരമായ സംവാദങ്ങളിലൂടെ സമാധാനത്തിനായി പ്രയത്നിക്കാനുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് തുറന്ന ചർച്ച നടത്താൻ യത്നിച്ച പിതാക്കന്മാരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിക്കട്ടെ.

ഇപ്പോഴത്തെ രാഷ്ട്രീയ - സാമൂഹിക പശ്ചാത്തലങ്ങളിൽ തങ്ങൾക്കെതിരെ ജനവികാരം രൂപപ്പെടുന്നത് തിരിച്ചറിഞ്ഞ ചിലർ സഭാനേതൃത്വം തങ്ങളുടെകൂടെയാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതായി ഇത്തരം സംഭവങ്ങളിൽനിന്ന് നമുക്ക് വ്യക്തമാകുന്നു. അതിന്റെഭാഗമായിരുന്നു മേൽപ്പറഞ്ഞ രണ്ട് പ്രചാരണങ്ങളും. ഇത്തരം ശ്രമങ്ങൾക്ക് പുറമെ, ഗൂഢലക്ഷ്യങ്ങളോടെ കത്തോലിക്കാ സഭയെ അപകീർത്തിപ്പെടുത്താനും തെറ്റിദ്ധാരണകൾ പരത്താനും സമൂഹമാധ്യമങ്ങളിലൂടെയും മഞ്ഞപ്പത്രങ്ങളിലൂടെയും ചിലർ കഠിനപ്രയത്നം നടത്തുന്നു. ഒപ്പം, മാധ്യമഭാഷ്യങ്ങളെ മുഖവിലയ്‌ക്കെടുത്ത് സഭാനേതൃത്വത്തെ അകാരണമായി കുറ്റപ്പെടുത്തുന്ന പ്രവണതയും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സത്യമറിഞ്ഞ് പ്രതികരിക്കുക എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.


Related Articles »