Faith And Reason - 2024

മുന്‍പ് 18%, ഇപ്പോള്‍ 63%: കോവിഡ് യൂറോപ്യന്‍ ക്രൈസ്തവരുടെ ബൈബിള്‍ സ്വാധീനത്തെ മാറ്റിമറിച്ചു

പ്രവാചക ശബ്ദം 07-11-2020 - Saturday

ലണ്ടന്‍: മഹാമാരിയുടെ വ്യാപനകാലത്തു ക്രൈസ്തവരുടെ ജീവിതത്തിൽ പ്രതീക്ഷയും പ്രത്യാശയും പകര്‍ന്നത് വിശുദ്ധ ബൈബിളാണെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനഫലം പുറത്ത്. ബൈബിൾ പഠന ആപ്പ് ആയ വേഡ്ഗോ നിയോഗിച്ച പ്രകാരം, സാവന്ത കോംറസ് നടത്തിയ പഠനത്തിലാണ് ആദ്യത്തെ കോവിഡ് ലോക്ക് ഡൌൺ മുതൽ ജീവിതത്തിലുണ്ടായ വിവിധ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിൽ വിശുദ്ധ ഗ്രന്ഥത്തിന് സുപ്രധാന പങ്കുണ്ടെന്നു യുകെയിലെയും അയർലണ്ടിലെയും 63 ശതമാനം ക്രൈസ്തവരും വ്യക്തമാക്കിയതായി പറയുന്നത്. ദൈവവുമായി വ്യക്തിബന്ധം പുലർത്തുന്നതിന് ബൈബിളിനുള്ള പങ്കു വളരെ പ്രധാനപ്പെട്ടതാണെന്ന് 74 ശതമാനം ക്രൈസ്തവരും വിശ്വസിക്കുന്നുവെന്നു പഠനം വെളിപ്പെടുത്തുന്നു.

1905 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, ദേവാലയത്തില്‍ പോകുന്ന വിശ്വാസികളിൽ 60 ശതമാനത്തിലധികം പേർക്ക് പകർച്ചവ്യാധി സമയത്ത് ബൈബിൾ ആശ്വാസവും, പ്രത്യാശയും പകര്‍ന്നെന്ന് കണ്ടെത്തി. കൊറോണ കാലത്തിനു മുൻപ് കഴിഞ്ഞ നവംബറിൽ ഒരു ബൈബിൾ സൊസൈറ്റി നടത്തിയ സർവേയിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും 18 ശതമാനം ആളുകൾ മാത്രമാണ് ബൈബിൾ അവരുടെ വ്യക്തിപരമായ ജീവിതത്തിൽ അത്യാവശ്യമാണെന്ന് രേഖപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ 63 ശതമാനം ആളുകളും ബൈബിളിന് തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ സമയങ്ങളിൽ ബൈബിളിലൂടെ ആളുകൾ ആശ്വാസം കണ്ടെത്തുന്നത് പ്രതീക്ഷ പകരുന്നുവെന്നും ഇത് നമ്മുടെ ജീവിതത്തിൽ ബൈബിളിനുള്ള വലിയ സ്വാധീനം എടുത്തു കാണിക്കുന്നുവെന്നും ഇതുപോലുള്ള അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ യഥാർത്ഥ സമാധാനവും, കാലത്തിനതീതമായ ജ്ഞാനവും ദൈവവചനത്തിന് മാത്രമേ നൽകാൻ കഴിയൂവെന്നും വേഡ്ഗോ ഡയറക്ടർ സൈമൺ ലെനോക്സ് പറഞ്ഞു. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ ദൈവവുമായുള്ള സംഭാഷണത്തിലും, പ്രാർത്ഥനയിലും, തിരുവചനത്തിലും ആശ്രയംവെയ്ക്കുക എന്നതാണ് മാനസികവും ആത്മീയവുമായ ആരോഗ്യത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »