Meditation. - May 2024

സ്ത്രീകളോടുള്ള യേശുവിന്റെ മനോഭാവം

സ്വന്തം ലേഖകന്‍ 23-05-2016 - Monday

"അവന്റെ ശിഷ്യന്‍മാര്‍ തിരിച്ചെത്തി. അവന്‍ ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല" (യോഹ 4:27).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 23

സ്ത്രീകളോടുള്ള യേശുവിന്റെ സമീപനം ധ്യാനിക്കേണ്ട ഒരു വിഷയമാണ്. സ്ത്രീകളെ അടിച്ചമര്‍ത്തപ്പെട്ടവരായി കാണുന്ന ഒരു കാലഘട്ടമായിരിന്നു അത്. യേശു ജീവിച്ചിരിന്ന കാലത്തെ ബിംബാരധക സംസ്‌ക്കാരം, സ്ത്രീയെ വെറും ആനന്ദത്തിന്റേയും, കൈവശാവകാശത്തിന്റേയും, അടിമപ്പണിയുടേയും ഒരു വസ്തുവായിട്ടാണ് കണക്കാക്കിയിരുന്നത്; യഹൂദമതത്തിലാകട്ടെ, അവള്‍ ആജ്ഞകള്‍ യഥാവിധി അനുസരിക്കേണ്ട ഒരാള്‍ മാത്രമായിരിന്നു. എന്നാല്‍ യേശു എല്ലായ്‌പ്പോഴും ഏറ്റവും മതിപ്പും ഏറ്റവും ബഹുമാനവുമാണ് ഓരോ സ്ത്രീയോടും കാണിച്ചിരുന്നത്. സ്ത്രീകളുടെ ദുരിതങ്ങളോട് അവന്‍ അതിസൂക്ഷ്മ ബോധമുള്ളവനായിരുന്നു.

മര്‍ത്തായും മറിയവും, കിണറ്റിന്‍ കരയിലെ സമരിയാക്കാരിയായ സ്ത്രീ, നൈനിലെ വിധവ, വ്യഭിചാര ക്കുറ്റത്തിന് കല്ലെറിയപ്പെടാന്‍ പിടിക്കപ്പെട്ട സ്ത്രീ, രക്തസ്രാവക്കാരിയായ സ്ത്രീ, എന്നിവരോടുള്ള യേശുവിന്റെ മനോഭാവം നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും. എല്ലാത്തിനുമുപരിയായി, തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊത്ത് സഹകരിക്കുവാന്‍ യേശു കുറെ സ്ത്രീകളെ അനുവദിച്ചതും നമുക്ക് എങ്ങനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും.

അവര്‍ അവനോടൊത്ത് സഞ്ചരിക്കുകയും കുരിശ്ശിലേക്കുള്ള വേദനാജനകമായ വഴിയില്‍ അവനെ ആശ്വസിപ്പിക്കുകയും ചെയ്തു. അവിടുത്തെ മരണത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ യേശു സ്ത്രീകള്‍ക്ക് പ്രത്യക്ഷപ്പെടുകയും, തന്റെ ഉയിര്‍പ്പ് ശിഷ്യന്മാരെ അറിയിക്കാന്‍ മഗ്ദലനമറിയം എന്ന അനുയായിയായ സ്ത്രീയേയാണ് ചുമതലപ്പെടുത്തുകയും ചെയ്തതെന്ന കാര്യം നാം ഓര്‍ക്കണം. തന്റെ കാലത്തെ മതത്തിന്റേയും സമൂഹത്തിന്റേയും വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കിക്കൊണ്ട്, ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും ഒരു മനുഷ്യവ്യക്തിയെന്ന നിലയിലുള്ള സ്ത്രീയുടെ പൂര്‍ണ്ണ അന്തസ് യേശു പുനഃപ്രതിഷ്ഠിച്ചു എന്ന്‍ പറയാന്‍ സാധിയ്ക്കും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 29.4.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »