Faith And Reason

ചുഴലിക്കാറ്റില്‍ ഇളക്കം തട്ടാത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപം: അത്ഭുതം സാക്ഷ്യപ്പെടുത്തി കൊളംബിയന്‍ പ്രസിഡന്‍റ്

പ്രവാചക ശബ്ദം 21-11-2020 - Saturday

ബൊഗോട്ട: കൊളംബിയയിലെ സാന്‍ ആന്‍ഡ്രെസ്, പ്രൊവിഡെന്‍സിയ ദ്വീപുകളെ പിടിച്ചുകുലുക്കിയ അയോട്ട ചുഴലിക്കാറ്റിനു പോലും ഇളക്കുവാന്‍ കഴിയാത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തെ കുറിച്ച് പ്രസംഗിച്ച് കൊളംബിയന്‍ പ്രസിഡന്‍റ് ഐവാന്‍ ഡൂക്ക്. “അത്ഭുതകരവും, ശക്തവും” എന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഐവാന്‍ ഡൂക്ക് രൂപത്തെ വിശേഷിപ്പിച്ചത്. “പ്രിവെന്‍ഷന്‍ ആന്‍ഡ്‌ ആക്ഷന്‍” എന്ന തന്റെ കര്‍മ്മപരിപാടിയുടെ ഭാഗമായി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങള്‍ വിലയിരുത്തുവാനും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാനുമായി നവംബര്‍ 18ന് സാന്‍ ആന്‍ഡ്രെസിലെത്തിയപ്പോഴാണ് കൊളംബിയന്‍ പ്രസിഡന്റ് മാതാവിന്റെ രൂപം സന്ദര്‍ശിച്ച് അത്ഭുതത്തെ കുറിച്ച് രാജ്യത്തോട് പ്രസംഗിച്ചത്.

“ആരുടേയും മതവിശ്വാസത്തെ വൃണപ്പെടുത്താതെ എന്റെ വ്യക്തിപരമായ ഒരു സാക്ഷ്യം പങ്കുവെക്കുകയാണ്. സാന്താ കാറ്റലിനയിലെ സന്ദര്‍ശനത്തിനിടക്ക് ചിലര്‍ എന്നെ ഏറ്റവും ഉയര്‍ന്ന ഒരു പ്രദേശത്തേക്ക് കൊണ്ടുപോവുകയുണ്ടായി. അഞ്ചാം കാറ്റഗറിയില്‍പ്പെട്ട ഒരു ചുഴലിക്കാറ്റ് പ്രൊവിഡെന്‍സിയ ദ്വീപിലൂടെ കടന്നുപോയിട്ടുപോലും സ്വന്തം പാദത്തില്‍ ഉറച്ച് നില്‍ക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപമാണ് അവിടെ എന്നെ ഞെട്ടിച്ച കാഴ്ച”. പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ ദ്വീപിലെ നിരവധി പേരെ മരണത്തില്‍ നിന്നും രക്ഷിച്ച മാതാവിന്റെ അത്ഭുത രൂപമാണതെന്ന് നിരവധി പേര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് മുന്‍പും നിരവധി തവണ തന്റെ മാതൃഭക്തി പരസ്യമാക്കിയ വ്യക്തിയാണ് കൊളംബിയന്‍ പ്രസിഡന്റ്. 2019ല്‍ ചിക്വിന്‍കിര മാതാവിന്റെ സമര്‍പ്പണത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംബന്ധിച്ചപ്പോഴും, ഇക്കഴിഞ്ഞ ജൂലൈ 9ന് നടത്തിയ ട്വീറ്റിലും മാതാവിനോടുള്ള ഭക്തി അദ്ദേഹം പരസ്യമാക്കിയിരുന്നു. രാഷ്ട്രത്തിന്റെ മാധ്യസ്ഥയായി ചിക്വിന്‍കിര മാതാവിനെ അംഗീകരിച്ചതിന്റെ 101-മത് വാര്‍ഷിക ദിനത്തില്‍ എല്ലാ ദിവസവും ഞാന്‍ മാതാവിനോട് നന്ദി പറയുകയും, രാഷ്ട്രത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കാലിയിലെ കോടതി ഈ ട്വീറ്റ് ഡിലിറ്റ് ചെയ്യുവാന്‍ ഉത്തരവിട്ടെങ്കിലും, അപ്പീലിനെ തുടര്‍ന്ന്‍ സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45