Youth Zone - 2024

യുവാക്കള്‍ ദേശസ്‌നേഹം ഉള്ളവരാകണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പ്രവാചക ശബ്ദം 22-11-2020 - Sunday

ചേര്‍പ്പുങ്കല്‍: യുവാക്കള്‍ രാജ്യത്തിനായി സേവനംചെയ്ത് ദേശസ്‌നേഹം ഉള്ളവരാകണമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. എസ്എംവൈഎം പാലാ രൂപതയുടെ ചേര്‍പ്പുങ്കല്‍ മാര്‍ത്തോമാ മണ്ഡപത്തില്‍ മാര്‍ത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.

ചരിത്രബോധമുള്ള പുസ്തകങ്ങള്‍ എഴുതിയ പാലാക്കാരെ അനുസ്മരിക്കുകയും പാരന്പര്യ ബോധ്യങ്ങള്‍ ഈട്ടിയുറപ്പിക്കാന്‍ സുറിയാനി ഭാഷാ പഠനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ അതിനെ യൂണിവേഴ്‌സിറ്റിയാക്കി മാറ്റുകയും ചെയ്യണമെന്നും ബിഷപ് അഭിപ്രായപ്പെട്ടു. മാര്‍ത്തോമാശ്ലീഹായുടെ ചെരുപ്പ് വച്ച സ്ഥലം ചേര്‍പ്പുങ്കല്‍ ആയി മാറിയെന്ന പാരന്പര്യം വളരെ ബലവത്താണെന്നും വൈദേശിക ശക്തികള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും ഒന്നിച്ചുനിന്ന കാലത്തെ നിലപാടുകള്‍ െ്രെകസ്തവ സഭകള്‍ക്ക് ഇന്നും ഉണ്ടാകണമെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.

രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, ചേര്‍പ്പുങ്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എസ്എം വൈഎം രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തോമസ് തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, എക്‌സിക്യൂട്ടീവ് അംഗം കെവിന്‍ മൂങ്ങാമാക്കല്‍, ബ്രദര്‍ ജോര്‍ജ് ഞാറ്റുതൊട്ടിയില്‍, ഫെബിന്‍ കാഞ്ഞിരത്താനം, അപ്പച്ചന്‍ മൂന്നുപീടികയില്‍, ജിമ്മി ലിബെര്‍ട്ടി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സഭകളെയും നസ്രാണി കേന്ദ്രങ്ങളെയും പ്രതിനിധീകരിച്ച് യുവജനങ്ങള്‍ പങ്കെടുത്തു.


Related Articles »