Faith And Reason

ഈ വര്‍ഷം 17 ലക്ഷം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു: ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ വെളിപ്പെടുത്തല്‍

പ്രവാചക ശബ്ദം 04-12-2020 - Friday

വാഷിംഗ്ടണ്‍ ഡി‌.സി: കൊറോണ പകര്‍ച്ചവ്യാധിയ്ക്കിടയിലും ഈ വര്‍ഷം യേശുക്രിസ്തുവിനെ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്ന്‍ ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്ലിന്‍ ഗ്രഹാം. കൊറോണ വൈറസ് ആളുകളിലേക്ക് പടര്‍ന്നതുപോലെ സുവിശേഷവും കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നുവെന്ന്‍ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ബി.ജി.ഇ.എ), സമരിറ്റന്‍ പഴ്സ് എന്നിവയുടെ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. 2020ല്‍ ബി.ജി.ഇ.എയുടെ ഓണ്‍ലൈന്‍ മിനിസ്ട്രികള്‍ വഴി പതിനേഴു ലക്ഷത്തിലധികം ആളുകള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാനുള്ള സന്നദ്ധത കാണിച്ചുവെന്നാണ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തില്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഈ സംഖ്യ ഇരട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“എന്റെ ജീവിതകാലത്ത് നമ്മള്‍ ഒരിക്കലും ഇതുപോലൊരു മഹാമാരിയിലൂടെ കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതും, അവരുടെ കണ്ണുകളെ തുറക്കുന്നതും ദൈവമാണ്. പകര്‍ച്ചവ്യാധിക്ക് അത് തടയുവാന്‍ സാധിച്ചില്ല. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആളുകളെ ക്രിസ്തുവിനോട് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്”. ഫ്രാങ്ക്ലിന്‍ പറഞ്ഞു. ഇതിനു മുന്‍പ് സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ ഇപ്പോള്‍ കേള്‍ക്കുന്നുവെന്നും, സുവിശേഷവത്കരണത്തെ സംബന്ധിച്ചിടത്തോളം 2020 ഒരു നല്ല വര്‍ഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറും ലഭ്യമായ ഒരു സുവിശേഷ ഹോട്ട്ലൈന്‍ സര്‍വീസും ബി.ഇ.ജി.എ കൈകാര്യം ചെയ്യുന്നുണ്ട്.

മഹാമാരിയെത്തുടര്‍ന്ന്‍ ആരാധനകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ദേവാലയങ്ങളില്‍ പോകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഓണ്‍ലൈനില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയ ദേവാലയങ്ങള്‍ നിരവധിയാണെന്നും ഫ്രാങ്ക്ലിന്‍ പറയുന്നു. ബൈബിള്‍ പഠനം സാധാരണപോലെ തന്നെ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവാലയങ്ങളിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞില്ലെങ്കിലും സാധാരണയായി ദേവാലയങ്ങളില്‍ പോയി ആരാധനയില്‍ പങ്കെടുക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലൂടെ ആരാധനയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനെ പിന്തുടരുവാനും , സുവിശേഷമനുസരിച്ച് ജീവിക്കുവാനും വിശ്വാസികളെ പ്രാപ്തരാക്കുവാന്‍ പ്രത്യേക പരിശീലന പദ്ധതിക്ക് തന്നെ സമരിറ്റന്‍ പഴ്സ് രൂപം നല്‍കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »