Faith And Reason

ക്രിസ്തു ആഗതനായത് ചിലർക്കു വേണ്ടിയല്ല, സകലർക്കും വേണ്ടിയാണ്: ഫ്രാൻസിസ് പാപ്പ

പ്രവാചക ശബ്ദം 26-12-2020 - Saturday

വത്തിക്കാന്‍ സിറ്റി: തിരുപ്പിറവിയിൽ നാം ആഘോഷിക്കുന്നത് ക്രിസ്തുവിന്റെ വെളിച്ചം ലോകത്തിലേക്കു വന്നതാണെന്നും അവിടുന്ന് ആഗതനാകുന്നത് ചിലർക്കുവേണ്ടിയല്ല സകലർക്കും വേണ്ടിയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ 'ഊർബി ഏത്ത് ഓർബി' സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജനനം എല്ലായ്പ്പോഴും പ്രതീക്ഷയുടെ ഉറവിടമാണ്. അത് വിടരുന്ന ജീവിതമാണ്, ഭാവിയെക്കുറിച്ചുള്ള വാഗ്ദാനമാണ്. ഈ പൈതൽ, യേശു നമുക്കുവേണ്ടി ജനിച്ചു. കന്യകാമറിയം ബെത്‌ലഹേമിൽ ജന്മം നൽകിയ ശിശു പിറന്നത് എല്ലാവർക്കും വേണ്ടിയാണ്: ദൈവം മാനവരാശിക്ക് നൽകിയ പുത്രനാണ് ഈ പൈതൽ. പാപ്പ പറഞ്ഞു.

ഇന്ന്, മഹാമാരി മൂലമുള്ള അന്ധകാരത്തിൻറെയും അനിശ്ചിതത്വത്തിൻറെയും വേളയിൽ, പ്രതിരോധ കുത്തിവയ്പ് മരുന്നു കണ്ടുപിടിച്ചതു പോലുള്ള പ്രത്യാശയുടെ വിഭിന്നങ്ങളായ വെളിച്ചം കാണപ്പെടുന്നുണ്ട്. ഇത്തരം ദീപങ്ങൾ ലോകം മുഴുവൻ വെളിച്ചം പകരുന്നതിനും പ്രത്യാശ കൊണ്ടുവരുന്നതിനും അവ സകലർക്കും സംലഭ്യമാകണം. നാമായിരിക്കുന്ന യഥാർത്ഥ മാനവകുടുംബം അപ്രകാരം ജീവിക്കുന്നതിന് വിഘാതം സൃഷ്ടിക്കാൻ അടഞ്ഞിരിക്കുന്ന ദേശീയതയെ അനുവദിച്ചുകൂടാ. അതുപോലെ തന്നെ മൗലിക വ്യക്തിമാഹാത്മ്യവാദത്തിൻറെ വൈറസ് നമ്മുടെ മേൽ വിജയം വരിക്കുന്നതിനും മറ്റു സഹോദരീസഹോദരന്മാരുടെ സഹനങ്ങളോട് നിസ്സംഗത പുലർത്തുന്നവരായി നമ്മെ മാറ്റുന്നതിനും അനുവദിക്കാനാകില്ല.

കച്ചവടത്തിന്റെയും കണ്ടുപിടുത്താവകാശത്തിൻറെയും നിയമങ്ങളെ സ്നേഹത്തിൻറെയും നരകുലത്തിൻറെ ആരോഗ്യത്തിൻറെയും നിയമങ്ങൾക്കുമേൽ പ്രതിഷ്ഠിച്ചുകൊണ്ട് അവനവന് മുൻഗണന നല്കാനാകില്ല. മത്സരമല്ല, സഹകരണം പരിപോഷിപ്പിക്കാൻ ഞാൻ എല്ലാവരോടും, രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവരോടും വ്യവസായസ്ഥാപനങ്ങളോടും അന്താരാഷ്ട്രസംഘടനകളോടും ആവശ്യപ്പെടുകയാണ്. പ്രതിരോധ കുത്തിവയ്പ്പ് ലോകമെമ്പാടുമുള്ളവർക്ക് എല്ലാവർക്കും, വിശിഷ്യ, എറ്റം ബലഹീനർക്കും ആവശ്യത്തിലിരിക്കുന്നവർക്കും ലഭിക്കണം. പ്രത്യേകിച്ചു ഏറ്റം ദുർബ്ബലർക്കും ആവശ്യത്തിലിരിക്കുന്നവർക്കും. പാപ്പ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »