Social Media - 2021

ഒരു പുത്തൻ വർഷം, പുതിയ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ!

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഒസിഡി 01-01-2021 - Friday

ചരിത്രത്തിന്റെ ലിപികളിൽ സംഭവബഹുലമായ ഒരു വർഷം കൂടി നമ്മെ കടന്നു പോവുകയാണ്. പ്രപഞ്ചത്തിനും, സകല ചരാചരങ്ങൾക്കും ഒരു വയസ്സ് കൂടി പ്രായം ഏറുന്നു! ഈ വർഷം, അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ, കരയിലും, കടലിലും, കട്ടിലിലും ഒക്കെയായി പലരും കൊഴിഞ്ഞു പോയി. ചിലപ്പോഴൊക്കെ മരണം നമ്മേയും തൊട്ടുരുമി കടന്നുപോയിട്ടുണ്ട്. കണ്ണുനീരിന്റെയും, കനൽവഴികളുടെയും, മരുഭൂമി അനുഭവങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, സന്തോഷങ്ങളുടെയും, സൗഹൃദങ്ങളുടെയും ഒക്കെ രസക്കൂട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടം. അതെ, ദൈവത്തിന്റെ അനന്തപരിപാലനയാൽ, പുതിയ വർഷത്തിലേക്ക് നാം കാലെടുത്ത് വെയ്ക്കുമ്പോൾ, പുത്തൻ പ്രതീക്ഷയോടെ, പുതിയ തീരുമാനങ്ങളോടെ, പ്രാർത്ഥനയോടെ പുതിയ വർഷത്തെ വരവേൽക്കാം, ഒപ്പം കഴിഞ്ഞകാലത്തെ ഓർത്ത് ദൈവത്തിന് നന്ദി പറയാം. ദൈവമേ.. എന്നെ കാത്തുസംരക്ഷിച്ച വഴികളോർത്ത് എല്ലാത്തിനും ഒത്തിരി നന്ദി.

വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു: "സ്നേഹിതാ, ഞാൻമൂലം ഒത്തിരി വിഷമം 2020 ഉണ്ടായിട്ടുണ്ടെങ്കിൽ, 2021ന്നിലും ഒരുങ്ങിയിരുന്നോ, കാരണം എനിക്ക് ഒരു മാറ്റവുമില്ല കലണ്ടർ മാത്രമേ മാറിട്ടുള്ളൂ! ഇങ്ങനെയല്ല നാം ചിന്തിക്കേണ്ടത് പകരം, ഈ വർഷാന്ത്യം നമ്മിൽ ഉണർത്തേണ്ട ചിന്ത, "പ്രായമേറുന്നതനുസരിച്ച് നിന്നിലും ഒരു രൂപാന്തരീകരണം അനിവാര്യമാണ്. "ദൈവമേ, ഈ ജനുവരി ഒന്നുമുതൽ എങ്കിലും നന്നാവാൻ സാധിച്ചിരുന്നെങ്കിൽ..! ഈ കൊറോണ കാലഘട്ടം നമ്മോട് പറയുന്നു,"മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുമ്പോഴും അന്തിമമായ തീരുമാനം കർത്താവിന്റെതാണ്." ആയതിനാൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട മേഖലകൾ തിരിച്ചറിഞ്ഞ്, കർത്താവിങ്കലേക്കു നമ്മുക്ക് കണ്ണുകൾ ഉയർത്താം. സുഹൃത്തേ, കഴിഞ്ഞുപോയ സമയവും സാഹചര്യവും ഓർത്ത് സങ്കടപ്പെട്ടിട്ടു കാര്യമില്ല. കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, പുതിയ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് മുന്നോട്ടു പോവുക. ജീവിതത്തിലെ എല്ലാ മേഖലകളിലും, ജയപരാജയ കണക്കുകൾ എടുത്ത്, കുറവുകൾ നികത്തി, ഭൗതികമായും, ആത്മീയമായും ഉയരുവാനുള്ള സമയമാണിത്. "നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌ ദൈവം അഭിലഷിക്കുന്നത്‌. അസന്‍മാര്‍ഗ്ഗികതയില്‍ നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം" (1 തെസലോനിക്കാ 4 : 3).

തീർച്ചയായും, ഈ കഴിഞ്ഞ വർഷക്കാലം നമ്മുടെ മനസ്സിനെ മുറിവേൽപ്പിച്ചതും കുളിരണിയിപ്പിച്ചതുമായ ഒത്തിരി ഓർമ്മകളും, അവസരങ്ങളും ഉണ്ടാവാം. നമ്മെ സന്തോഷിപ്പിച്ചവരുടെയും സങ്കടപ്പെടുത്തിയവരുടെയും ചിത്രങ്ങൾ. കൂടെനിന്നവരും ഒറ്റപ്പെടുത്തിവരും, പ്രോത്സാഹിപ്പിച്ചവരും നിരാശപ്പെടുത്തിയവരും, നമുക്ക് താങ്ങായിരുന്നവരും നമുക്കിട്ട് താങ്ങിയവരും, അപ്രതീക്ഷിതമായി കണ്ടുമുട്ടിയവരും വേർപിരിഞ്ഞവരും, അതൊക്കെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ആ തിരിച്ചറിവോടെ നല്ല ഓർമ്മകളെ മനസ്സിൽ സൂക്ഷിച്ച്, കയ്പുനിറഞ്ഞ അനുഭവങ്ങളെ മായ്ച്ചുകളയുക. "ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ" (റോമാ 8 : 28).

ഈ പുതിയ വർഷം എന്തൊക്കെ സംഭവിക്കും എന്ന് അറിഞ്ഞുകൂടാ. കഴിഞ്ഞവർഷം, ഒരുവശത്ത് ശാസ്ത്രസാങ്കേതിക, രാഷ്ട്രീയ സാമൂഹിക ആത്മീയ കായിക മേഖലകളിലെല്ലാം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം, ഒത്തിരിയേറെ ഭീകരാക്രമണങ്ങൾ, വിമാനദുരന്തങ്ങൾ, ഭൂകമ്പം, വെള്ളപ്പൊക്കം, കൊറോണപോലുള്ള രോഗങ്ങൾ,... നൊമ്പരങ്ങളുടെ പട്ടിക നീളുന്നു. കൊറോണയുടെ ആശങ്കകൾ വിട്ടുമാറുന്നില്ലെങ്കിലും പ്രതീക്ഷയോടെ, ദൈവ വിശ്വാസത്തോടെ, നമുക്ക് പുതുവർഷത്തെ വരവേൽക്കാം. സുഹൃത്തേ, ഈ ന്യൂ ഇയർ എങ്ങനെ നീ ആഘോഷിക്കും? കൊറോണ കാലഘട്ടമാണെന്നുപോലും ഓർക്കാതെ, പടക്കം പൊട്ടിച്ചും, കരിമരുന്ന് കലാപ്രകടനം നടത്തിയും, നല്ല ഭക്ഷണം ഉണ്ടാക്കി കഴിച്ചും, മദ്യകുപ്പികൾ പൊട്ടിച്ചും ആഘോഷിക്കാനാണോ തീരുമാനം? സാധിച്ചാൽ ദേവാലയത്തിൽ പോയി, പലവിധത്തിൽ കഷ്ടപ്പെടുകയും വേദനിക്കുകയും, വലയുകയും ചെയ്യുന്നവർക്ക് വേണ്ടി ബലിയർപ്പിച്ച് പ്രാർത്ഥിക്കുക, പാലിക്കാൻ പറ്റുന്ന തീരുമാനങ്ങളെടുക്കുക, പരിഭവങ്ങളും പരാതികളും ഹൃദയത്തിൽ സൂക്ഷിക്കാതെ, പിടിവാശികളും സ്വാർത്ഥതയും ഉപേക്ഷിച്ച്, ക്ഷമയുടെ, സ്നേഹത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുക. പ്രാർത്ഥനയിൽ തീക്ഷ്ണതയോടെ, അപരന് നന്മ ചെയ്തുകൊണ്ട്, ത്യാഗങ്ങൾ അനുഷ്ഠിച്ചു കൊണ്ട്, ഈലോക ജീവിതത്തിലെ ചുരുങ്ങിയ നാളുകൾ സ്വർഗ്ഗം സ്വപ്നം കണ്ടുകൊണ്ട് ജീവിക്കുക. അപ്പോൾ നിന്റെ കൂടെയുള്ളവർക്ക്, നീ ഒരു അനുഗ്രഹം ആയി തീരും.

"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌, നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.(ജറെമിയാ 29 : 11). അതേ സുഹൃത്തേ, നീ ഒത്തിരി നൊമ്പരങ്ങളിലൂടെയും, വേദനകളിലൂടെയും, കഷ്ടപ്പാടിലൂടെയുമാണ് കടന്നുപോകുന്നതെങ്കിലും, ഈ പുതിയ വർഷം ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കാൻ പോകുന്നു. ദൈവത്തിൽ വിശ്വസിക്കുക. എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ! പുതിയ വർഷത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, കൃപകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ദൈവനാമത്തിൽ ആശീർവദിക്കുകയും ചെയ്യുന്നു.


Related Articles »