Social Media - 2021
ജോസഫ്- നാട്യങ്ങളില്ലാത്ത നല്ല മനുഷ്യൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 17-01-2021 - Sunday
തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ നാം സാധാരണ കേൾക്കുന്ന ഒരു പല്ലവിയാണ് നാട്യങ്ങളില്ലാത്ത നാട്ടുകാരൻ എന്നത്. കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമം അർഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിൻ്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക. ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന ജോസഫ് ഒരു തുറന്ന പുസ്തകമായിരുന്നു ജീവിതത്തിലും കർമ്മമണ്ഡലങ്ങളിലും. ദൈവ സ്വരത്തോടു നിരന്തരം തുറവി കാട്ടിയ യൗസേപ്പിനു ഒരു മുഖമേ ഉണ്ടായിരുന്നുള്ളു, ദൈവത്തിൻ്റെ ഛായ പതിഞ്ഞ തിരുമുഖം.
നമ്മുടെ കപടത മറ്റുള്ളവർ അറിയുമ്പോൾ മാത്രം വേദനിക്കുന്ന ഒരു സമുഹത്തിലാണ് നാം ജീവിക്കുന്നത്. മറ്റുള്ളവർ അറിഞ്ഞില്ലങ്കിൽ ഏതു തോന്നിവാസവും കാണിക്കാം എന്ന മനോഭാവത്തിൽ മാറ്റം വരണം. ഇത്തരക്കാരെക്കുറിച്ചാണ് മലയാളികളുടെ പ്രിയ കവി കുഞ്ഞുണ്ണി മാഷ് "കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം. " എന്നു പാടിയത്.
കാപട്യമുള്ളവരുടെ ജീവിതം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരിക്കും. അത്തരക്കാർ അകത്ത് ഒരു കാര്യം ഒളിപ്പിച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന ഇരട്ട മുഖക്കാരായിരിക്കും. നിലപാടുകൾ ഇല്ലാത്തവരോ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കാത്തവരോ ആയിരിക്കും അവർ.
ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ ക്രിസ്തീയ സമൂഹത്തിൻ്റെ നികൃഷ്ട ശത്രുവാണ് കാപട്യം. കപടതയില്ലാതാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും നമ്മുടെ കൂടെപ്പിറപ്പുകളാകും. നാട്യങ്ങളില്ലാത്ത യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ ആവേശവും അഭിമാനവും.
