News - 2025

രക്ഷയുടെ വഴിയുടെ E- Book പുറത്തിറങ്ങി

പ്രവാചക ശബ്ദം 19-01-2021 - Tuesday

സത്യദൈവവും ലോകരക്ഷകനുമായ മിശിഹായുടെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാന്‍ തിരുസഭയുടെ അംഗീകാരത്തോട് കൂടി പുറത്തിറക്കിയ പ്രാർത്ഥനാസമാഹാരമായ 'രക്ഷയുടെ വഴി'യുടെ E- Book പി‌ഡി‌എഫ് വേര്‍ഷന്‍ പുറത്തിറങ്ങി.

ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ രണ്ടു സുപ്രധാന വശങ്ങളാണ് മിശിഹായുടെ മനുഷ്യാവതാരവും അവിടുത്തെ കുരിശുമരണവും. ഈശോയുടെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കുവാൻ കുരിശിന്റെ വഴി അടക്കമുള്ള നിരവധി പ്രാർത്ഥനകൾ ഇന്ന് ലഭ്യമാണ്. എന്നാൽ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാൻ സഹായകമായ പ്രാർത്ഥനകൾ കുറവാണ് എന്നുതന്നെ തന്നെ പറയാം. ഇതിന് ഒരു പരിഹാരമാവുകയാണ് രക്ഷയുടെ വഴി എന്ന പ്രാർത്ഥനാ സമാഹാരത്തിലൂടെ.

മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്റെയും കടമയും ആവശ്യവുമാണ്. ഇതിന് സഹായകമാകുന്ന വിധത്തിലാണ് രക്ഷയുടെ വഴിയിലെ പ്രാർത്ഥനകളും ഗാനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിന്റമനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തതുമുതൽ നിരവധി രക്ഷാകര സംഭവങ്ങൾ ലോകത്തിത്തിന്റെമേൽ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് മിശിഹായുടെ മനുഷ്യാവതാരത്തിന്റെ മഹാരഹസ്യങ്ങളിലേക്ക് കടന്നുചെല്ലുവാനും അങ്ങനെ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടുവാനും "രക്ഷയുടെ വഴി" നമ്മെ സഹായിക്കും.

ഈ പ്രാര്‍ത്ഥനാസമാഹാരത്തിന്റെ പി‌ഡി‌എഫ് വേര്‍ഷന്‍റെ അവസാന ഭാഗത്ത് പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിച്ച ബൈബിള്‍ ഭാഗങ്ങള്‍, തിരുസഭയിലെ വിവിധ അപ്പസ്തോലിക രേഖകള്‍, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ എന്നിവ ഉള്‍പ്പെടുന്ന 101 ഭാഗങ്ങളുടെ റഫറന്‍സും, രക്ഷയുടെ വഴിയുടെ ഭാഗമായ വിശുദ്ധ നാട്ടിലെ 28 പുണ്യസ്ഥലങ്ങളുടെ ചിത്രങ്ങളും വിവരണവും ചേര്‍ത്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ഓരോ സംഭവത്തിന്റെയും ധ്യാനചിന്തകള്‍ക്ക് മുന്നോടിയായി ഗാനത്തിന്റെ ഈണം പരിചയപ്പെടാന്‍ സഹായകമായ വിധത്തില്‍ അതാത് ഗാനങ്ങളുടെ യൂട്യൂബ് ലിങ്കും പി‌ഡി‌എഫ് ഫയലില്‍ ലഭ്യമാണ്. പ്രമുഖ ക്രിസ്ത്യൻ ഓൺലൈൻ മാധ്യമമായ പ്രവാചകശബ്ദമാണ് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം ഈ പ്രാർത്ഥനാസമാഹാരം തയ്യാറാക്കിയത്. കത്തോലിക്കാ സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിച്ചിരിന്നു. ഇതോടെ 'രക്ഷയുടെ വഴി' പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറിയിരിന്നു.

'രക്ഷയുടെ വഴി'യിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ അതിമനോഹരമായി ആലപിച്ചിരിക്കുന്നു. പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ചു നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. ദേവാലയങ്ങളിലും, പ്രാര്‍ത്ഥനാകൂട്ടായ്മകളിലും, കുടുംബങ്ങളിലും, വ്യക്തിപരമായും ചൊല്ലാവുന്ന ഈ പ്രാര്‍ത്ഥന സമാഹാരം ആഴമായ ക്രിസ്തുഅനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് നിരവധിപേർ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

'രക്ഷയുടെ വഴി' പി‌ഡി‌എഫ് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്: Tag: Rakshayude Vazhy, Rakshayude Vazhy Prayer, Raksha, Vazhy


Related Articles »