Seasonal Reflections - 2024

ജോസഫ്- ഈശോയെ കാണിച്ചു തരുന്നവൻ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 21-01-2021 - Thursday

ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ബസിലിക്കയ്ക്കു (Basilica of Santa Croce) സമീപം വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു ദൈവാലയമുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ട് ലോകത്തിനു കാണിച്ചു കൊടുക്കുന്ന യൗസേപ്പിതാവിൻ്റെ ചിത്രം. ലോകത്തിനു രക്ഷകനായ ഈശോയെ കാണിച്ചു കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിത ദൗത്യം. ആ ലക്ഷ്യം പൂർത്തീകരിക്കാനായി എന്തു ത്യാഗം സഹിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവൻ സ്വയം സന്നദ്ധനായി. ജാഗ്രതയോടെ അതിനായി നിലകൊണ്ടു. അഭിമാനപൂർവ്വം തൻ്റെ വളർത്തു മകനെ ലോകത്തിനു കാണിച്ചു കൊടുത്തു.

തന്നിലേക്കു വരുന്നവരെ ഈശോയിലേക്കു നയിക്കുന്ന വിശുദ്ധ സാന്നിധ്യമാണ് ജോസഫ്. ക്രിസ്തുവിനെ കാട്ടികൊടുക്കുന്ന ഒരു സമൂഹ നിർമ്മതി അതാണ് നവസുവിശേഷവത്കരണം നമ്മിൽ നിന്നാവശ്യപ്പെടുന്നത്. ക്രിസ്തു ശിഷ്യൻ്റ ഏറ്റവും വലിയ ദൗത്യം ലോകത്തിനു ക്രിസ്തുവിനെ നൽകുക, അതിനായി ആത്മാർപ്പണം ചെയ്യുക എന്നതാണ്. തൻ്റെ ഓർമ്മിക്കാനായി ഒരു വാക്കു പോലും ഉരിയാടാതെ കടന്നു പോയ യൗസേപ്പിതാവിനു ഒരു നിയോഗമേ ഉണ്ടായിരുന്നുള്ളു രക്ഷ ആവശ്യമായ ലോകത്തിനു രക്ഷനെ കാണിച്ചു കൊടുക്കുക. യൗസേപ്പിനെ സമീപിക്കുന്ന ആരും നിരാശയായി മടങ്ങുകയില്ല. ആത്മാർത്ഥമായി അവനെ നോക്കിയാൽ ക്രിസ്തു ദർശനം നൽകി യൗസേപ്പിതാവ് നമ്മെ അനുഗ്രഹിക്കും.

ലോകത്തിനു ഈശോയെ കാണിച്ചു നൽകുന്ന യൗസേപ്പിതാവിനെപ്പോലെ നമ്മളെ സമീപിക്കുന്നവർക്ക് ഈശോയെ കാണിച്ചു കൊടുക്കാനുള്ള ധൈര്യവും അഭിമാനവും നമുക്കു സ്വന്തമാക്കാം.


Related Articles »