Faith And Reason - 2024

ബ്രസീലില്‍ കാറിലുണ്ടായ തീപിടുത്തത്തില്‍ അത്ഭുതമായി ജപമാലയും തിരുഹൃദയ പ്രാര്‍ത്ഥനയും

പ്രവാചക ശബ്ദം 26-01-2021 - Tuesday

സാവോപോളോ: ബ്രസീലില്‍ തീപിടുത്തത്തില്‍ കാര്‍ കത്തി നശിച്ചിട്ടും യാതൊരു കേടുപാടും സംഭവിക്കാത്ത ദിവ്യകാരുണ്യം സൂക്ഷിക്കുന്ന പാത്രത്തിന്റേയും, ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയുടേയും, ജപമാലയുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും തരംഗമാകുന്നു. വിശുദ്ധ കുര്‍ബാനയില്‍ സഹായിക്കുന്ന ശുശ്രൂഷിയായ മരിയ എമിലിയ സില്‍വേര കാസ്റ്റാള്‍ഡിയുടെ കാറാണ് അഗ്നിയ്ക്കിരയായത്. തന്റെ കാറിലുണ്ടായിരുന്ന സകലതും കത്തിനശിച്ചിട്ടും ദിവ്യകാരുണ്യം സൂക്ഷിക്കുന്ന പാത്രത്തിനും, മാസാദ്യ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്ക് ഉപയോഗിച്ചിരുന്ന തിരുഹൃദയ പ്രാര്‍ത്ഥനയ്ക്കും ജപമാലയ്ക്കും യാതൊരു പോറല്‍ പോലും ഏറ്റില്ലെന്നാണ് കാസ്റ്റാകാള്‍ഡി പറയുന്നത്.

ഒഴിച്ചുകൂടുവാന്‍ കഴിയാത്ത കാരണങ്ങളാല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് നല്‍കുവാനായി ദിവ്യകാരുണ്യം കൊണ്ടുപോകുന്ന പാത്രമാണിത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഈ അത്ഭുതത്തിന്റെ ചിത്രങ്ങളാണ് ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ കാറിന്റെ സീറ്റും, യാതൊരു കേടുപാടും കൂടാതെ സീറ്റിലിരിക്കുന്ന വസ്തുക്കളും ചിത്രങ്ങളില്‍ വ്യക്തമാണ്. പാത്രത്തില്‍ തിരുവോസ്തി ഉണ്ടായിരുന്നു എന്ന്‍ തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ടെങ്കിലും പാത്രം ശൂന്യമായിരിന്നുവെന്നു കാസ്റ്റാള്‍ഡി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവോസ്തി വിതരണം ചെയ്തതിനു ശേഷം പാത്രം തുടച്ച് വൃത്തിയാക്കിയിരുന്നതിനാല്‍ തിരുവോസ്തിയുടെ അവശേഷിപ്പുകള്‍ പാത്രത്തില്‍ ഉണ്ടായിരിക്കുവാന്‍ സാധ്യതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തീപിടുത്തമുണ്ടായതിന് ശേഷം 15 മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്സ് തീയണച്ചിരിന്നു. കാറില്‍ നിന്നും വിശുദ്ധ വസ്തുക്കള്‍ പുറത്തെടുക്കുവാന്‍ താന്‍ ശ്രമിച്ചുവെങ്കിലും തനിക്ക് പൊള്ളല്‍ ഏല്‍ക്കുമെന്ന ഭയത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ അതിനു അനുവദിച്ചില്ലെന്നും കാസ്റ്റാള്‍ഡി പറഞ്ഞു. "യേശു ക്രിസ്തു എല്ലായിടത്തും സന്നിഹിതനാണ്, അവിടുന്ന് ജീവിക്കുന്ന ദൈവമാണ്" തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »