Editor's Pick

വൻമരങ്ങൾ വീഴുമ്പോൾ...! ഒരു സുവിശേഷപ്രഘോഷകന്റെ വീഴ്ച്ചയും ക്രൈസ്തവലോകം ഉയർത്തുന്ന ചോദ്യങ്ങളും

പ്രവാചക ശബ്ദം 31-01-2021 - Sunday

ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ പാപത്തിൽ വീണുപോകുമ്പോൾ അത് പലപ്പോഴും വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്. വിശ്വാസികളുടെ ഹൃദയത്തിൽ അത് മുറിവേൽപ്പിക്കുമ്പോൾ നിരീശ്വരവാദികൾ ഇത്തരം വീഴ്ചകൾ ആഘോഷമാക്കി മാറ്റാറുമുണ്ട്. ദൈവവിശ്വാസം വെറും മിഥ്യയാണെന്നു സ്ഥാപിക്കാൻ ഇത്തരം വാർത്തകളെ അവർ ഫലപ്രദമായി ഉപയോഗിക്കുന്നു. എങ്കിലും ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നവർ പോലും ഉയർത്തുന്ന ഒരു ചോദ്യമുണ്ട് "എന്തുകൊണ്ട്?". ദൈവവചനം ഇരുതല വാളിനേക്കാൾ മൂർച്ഛയുള്ളതാണെങ്കിൽ, എന്തുകൊണ്ടാണ് അത് പ്രഘോഷിക്കുന്ന ചിലരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താത്തത്? ഇരുപത്തിയൊന്നാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ സുവിശേഷ പ്രഘോഷകരിൽ ഒരാളായ രവി സഖറിയാസിന്റെ വീഴ്ചയും സമൂഹത്തിന്റെ മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.

1946-ൽ ഇന്ത്യയിൽ ജനിക്കുകയും തന്റെ ഇരുപതാമത്തെ വയസ്സിൽ കാനഡയിലേക്ക് കുടിയേറി പാർക്കുകയും ചെയ്ത രവി സഖറിയാസ് ക്രിസ്തുവിനെ അറിയുകയും അവിടുത്തെ പിന്തുടർന്നുകൊണ്ട് ആഴമായ വിശ്വാസജീവിതം നയിക്കുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന അദ്ദേഹം പിന്നീട് ദൈവശാസ്തത്തിലും ക്രിസ്ത്യൻ അപ്പോളജിയിലും അഗാധമായ അറിവുനേടുകയും ലോകം അറിയയപ്പെടുന്ന ക്രിസ്ത്യൻ അപ്പോളജിസ്റ്റായി മാറുകയും ചെയ്തു. പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

ഓക്സ്ഫോർഡും കേംബ്രിഡ്ജും അടക്കമുള്ള ലോകത്തിലെ ഉന്നതമായ സർവ്വകലാശാലകളിൽ നടന്ന നിരവധി സംവാദങ്ങളിൽ യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ആശയങ്ങളെ ആധുനിക കാലഘട്ടത്തിന്റെ ചിന്താധാരയിൽ നിന്നുകൊണ്ടുതന്നെ പരാജയപ്പെടുത്തുകയും, ക്രൈസ്തവവിശ്വാസം എല്ലാക്കാലത്തും ശരിയാണെന്നു തെളിയിച്ചുകൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്ത അദ്ദേഹം കാൻസർ രോഗം പിടിപെട്ട് 2020 മെയ് 19ന് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അന്നത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഇപ്രകാരം പറഞ്ഞു "ബില്ലി ഗ്രഹാമിനു ശേഷം ദൈവം ഇരുപതാം നൂറ്റാണ്ടിനു സമ്മാനിച്ച ഏറ്റവും വലിയ സുവിശേഷപ്രഘോഷകനായിരുന്നു രവി സഖറിയാസ്".

ഒരു ഇന്ത്യൻ വംശജനായ സുവിശേഷപ്രഘോഷകന് സ്വപ്‌നം കാണാൻ കഴിയുന്നതിനും അപ്പുറത്തേക്കു വളർന്ന രവി സഖറിയാസിൻറെ മരണശേഷമാണ് അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ പുറത്തുവരാൻ തുടങ്ങിയത്. തന്റെ ബയോഗ്രഫിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും, അദ്ദേഹം ലൈംഗികമായ തിന്മകൾക്ക് അടിമയായിരുന്നുവെന്നും മാധ്യമലോകം വെളിപ്പെടുത്തിയപ്പോൾ അത് അദ്ദേഹത്തെ സ്നേഹിച്ചിരുന്നവർക്ക് നൽകിയ വേദന വലുതായിരുന്നു.

RZIM നൽകിയ മാതൃക ‍

ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന RZIM (Ravi Zacharias International Ministries) എന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് മാതൃകയാക്കേണ്ടതാണ്. രവി സഖറിയായസിൻറെ മരണശേഷം RZIM-ന്റെ സിഇഒ ആയി ചുമതലയേറ്റത് അദ്ദേഹത്തിന്റെ മകൾ സാറാ സഖറിയാസ് തന്നെയായിരുന്നു. സ്വന്തം പിതാവിനെതിരെ ഒരു ആരോപണം ഉയർന്നപ്പോൾ അത് മൂടിവയ്ക്കുവാനോ ന്യായീകരിക്കുവാനോ ശ്രമിക്കാതെ പിതാവിനെതിരെ സ്വതന്ത്രമായ അന്വേഷണം നടത്താൻ അവർ അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തുകയും, അവർ നൽകിയ ഇടക്കാല റിപ്പോർട്ട് RZIM-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രവി സഖറിയാസിന്റെ കഴിഞ്ഞകാല ജീവിതം വഴിതെറ്റിയതായിരുന്നു എന്നുതന്നെയാണ് ഇടക്കാല റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തുവരൂ. ഈ അന്വേഷണത്തിൽ യാതൊരുവിധത്തിലും കൈകടത്തുകയില്ലന്ന് RZIM നൽകിയ ഉറപ്പ് ഒരാൾക്ക് തെറ്റുപറ്റിയാലും ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന് പൊതുവായി തെറ്റുപറ്റുകയില്ല എന്നതിന്റെ തെളിവാണ്.

വചനപ്രഘോഷകർക്ക് തെറ്റുപറ്റാം എന്നാൽ വചനത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല

വചനപ്രഘോഷകർ കേവലം മനുഷ്യരാണ്. എത്രകണ്ട് പ്രശസ്തരായിരുന്നാലും ഈ ലോകത്തിന്റെ സ്വാധീനത്തിൽപെട്ടു ജീവിക്കുന്നവരാണ് അവർ. ഒരു വിശ്വാസി വീണുപോയാൽ അയാൾ മാത്രമേ വഴിതെറ്റുകയുള്ളൂ. എന്നാൽ ഒരു വചനപ്രഘോഷകൻ വീണുപോയാൽ അത് അനേകരുടെ വിശ്വാസജീവിതത്തിൽ ഇടർച്ച വരുത്താമെന്ന് പിശാചിന് ബോധ്യമുണ്ട്. അതിനാൽ വചനപ്രഘോഷകർ നേരിടുന്ന ആത്മീയപോരാട്ടം വളരെ വലുതാണ്.

ത്യാഗപൂർണ്ണവും വിശുദ്ധവുമായ ജീവിതത്തിലൂടെ അനേകരെ ക്രിസ്തുവിലേക്കു നയിക്കുന്ന നിരവധി വചനപ്രഘോഷരെ നമ്മുക്കു കണ്ടെത്താൻ കഴിയും. എങ്കിലും വീണുപോകുന്ന വചനപ്രഘോഷകരും ഉണ്ട് എന്ന യാഥാർഥ്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. മനസ്സിലും ഹൃദയത്തിലും ക്രിസ്തുവിനോട് നാം ഒന്നുചേരുന്ന പ്രക്രിയയിൽ നമ്മെ സഹായിക്കുന്നത് ദൈവവചനമാണ് അല്ലാതെ അത് പ്രഘോഷിക്കുന്നവരുടെ ജീവിതമല്ല എന്ന യാഥാർഥ്യം നാം തിരിച്ചറിയണം.

രവി സഖറിയാസ് എന്ന വചനപ്രഘോഷകനിലൂടെ നിരവധിപേർ ക്രിസ്തുവിനെ അറിയുകയും ആഴമായ ക്രൈസ്തവവിശ്വാസത്തിലൂടെ വിശുദ്ധജീവിതം നയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അദ്ദേഹം വീണുപോയവനായിരുന്നു. ഇത് വലിയൊരു സത്യം ലോകത്തോട് പ്രഘോഷിക്കുന്നുണ്ട്. ദൈവവചനം പ്രഘോഷിക്കപ്പെടുന്ന സ്ഥലങ്ങളിൽ അത്ഭുതങ്ങളും അടയാളങ്ങളും മാനസാന്തരങ്ങളും സംഭവിക്കുന്നത് അത് പ്രഘോഷിക്കുന്നവരുടെ കഴിവുകൊണ്ടോ സാമർഥ്യം കൊണ്ടോ അവരുടെ വിശുദ്ധജീവിതം കൊണ്ടോ അല്ല. അത് ദൈവവചനത്തിന്റെ ശക്തിയാലും വചനം മാംസമായി അവതരിച്ച യേശുക്രിസ്തുവിന്റെ അനന്ത യോഗ്യതയാലും മാത്രമാണ്. അതിനാൽ ഇത്തരം സംഭവങ്ങൾ വചനപ്രഘോഷകരെ എളിമയിലേക്കും ശ്രോതാക്കളെ ക്രിസ്തുവിലേക്കും നയിക്കുന്നതിനു കാരണമാകട്ടെ.

ക്രിസ്തുവിനെ മാത്രം അനുഗമിക്കാൻ വിളിക്കപ്പെട്ടവർ ‍

ക്രിസ്തുവിൽ വിശ്വസിക്കുന്നവർ വിളിക്കപ്പെട്ടിരിക്കുന്നത് വചനപ്രഘോഷകരെ അനുഗമിക്കുവാൻ വേണ്ടിയല്ല. സാക്ഷാൽ ക്രിസ്തുവിനെ തന്നെ അനുഗമിക്കുവാനാണ്. അവിടുന്നു പറയുന്നു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹ 14:6). "എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല" (യോഹ 8:12).

അതിനാൽ നമ്മുടെ ലക്ഷ്യവും മാർഗ്ഗവും സത്യദൈവവും ഏകരക്ഷകനുമായ യേശുക്രിസ്തു മാത്രമായിരിക്കണം. ഇക്കാര്യത്തിൽ വചനപ്രഘോഷകർക്ക് തീർച്ചയായും നമ്മെ സഹായിക്കാൻ കഴിയും, എങ്കിലും അവരും വീണുപോകുന്നവരാണ് എന്ന സത്യം നാം ഒരിക്കലും വിസ്‌മരിച്ചുകൂടാ. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതും ക്രിസ്തുവിനെ മാത്രം അനുഗമിക്കുന്നതുമായ ഒരു ജീവിതമാണ് നമ്മുടേതെങ്കിൽ വചനപ്രഘോഷകരുടെ വീഴ്ച്ച നമ്മുടെ ജീവിതത്തെ തളർത്തുകയില്ല, പിന്നെയോ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും ദൈവത്തിന്റെ കരുണയുടെ മുൻപിൽ അവരെയും സമർപ്പിക്കുവാനുമുള്ള കൃപ നമ്മുക്കു ലഭിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 7