Faith And Reason

രോഗാവസ്ഥയിലും, ദുരിത സമയത്തും പ്രത്യാശ കൈവിടരുത്: തിരുനാള്‍ ദിനത്തില്‍ ആഹ്വാനവുമായി ലൂർദ്ദ് തീർത്ഥാടന കേന്ദ്രം

പ്രവാചക ശബ്ദം 12-02-2021 - Friday

ലൂർദ്ദ്: രോഗാവസ്ഥയിലും, ദുരിത സമയത്തും പ്രത്യാശ കൈവിടരുതെന്ന ആഹ്വാനവുമായി ലൂർദ്ദിലേക്കുള്ള മാർപാപ്പയുടെ പ്രതിനിധി ബിഷപ്പ് അൻറ്റോയിൻ ഹീറോർഡ്. ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നലെ ഫെബ്രുവരി 11 ലൂർദിൽവെച്ചാണ് അദ്ദേഹം കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചെത്തിയ തീർത്ഥാടകരോടും, വിർച്വലായി തീർത്ഥാടനത്തിൽ പങ്കെടുത്തവരോടും തന്റെ സന്ദേശം പങ്കുവെച്ചത്. പരിശുദ്ധ കന്യകാമറിയത്തിന് ജീവിതത്തിലെ സഹനങ്ങളും വേദനകളും സമർപ്പിക്കാനും, സമാധാനം കണ്ടെത്താനും ആളുകൾ എത്തിച്ചേരുന്ന സ്ഥലമാണ് ലൂർദെന്ന് ബിഷപ്പ് സ്മരിച്ചു. പ്രതിസന്ധിഘട്ടത്തിൽ നിരവധി പേർക്ക് ഇവിടെ വരാൻ സാധിക്കാത്തത് വിഷമമുണ്ടാക്കിയതായി മനസ്സിലാക്കുന്നു. എന്നാൽ തിരശ്ശീലക്ക് പിന്നിലൂടെയും, അന്തരീക്ഷത്തിലൂടെയും ലോകത്തെ മുഴുവൻ പ്രാർത്ഥനയുടെ ശക്തി ലൂർദിലെ മാതാവിന്റെ സമീപമെത്തുമെന്നും ലില്ലി രൂപതയുടെ സഹായമെത്രാൻ കൂടിയായ അദ്ദേഹം പറഞ്ഞു.

ലൂർദ്ദിലെ വിശുദ്ധ പയസ് പത്താമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും, മരിയൻ ഗ്രോട്ടോയിൽ നടന്ന പ്രാർത്ഥനയിലും ഏകദേശം ആറായിരത്തോളം ആളുകൾ മാത്രമാണ് പങ്കെടുത്തത്. കൊറോണ വൈറസ് മൂലം ലൂർദ്ദിലേക്കുള്ള 95% തീർത്ഥാടനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. 1992-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആരംഭിച്ച ലോക രോഗി ദിനവും ലൂർദ് മാതാവിൻറെ തിരുനാൾ ദിവസവും ഒരേ ദിനം തന്നെയാണ് ലോകമെമ്പാടും വിശ്വാസികൾ ആചരിക്കുന്നത്. വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നു ഇടമായിട്ടാണ് ലൂർദ് തീർത്ഥാടന കേന്ദ്രം അറിയപ്പെടുന്നത്. 1858 ഫെബ്രുവരി 11നു വിശുദ്ധ ബർണദീത്തയ്ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതോടു കൂടിയാണ് ഇവിടം ലോകശ്രദ്ധയിലേക്ക് വരുന്നത്. ഏകദേശം ഏഴായിരത്തോളം അത്ഭുതങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നൂറെണ്ണത്തിന് മാത്രമാണ് ലൂര്‍ദ്ദിലെ സഭാനേതൃത്വം പഠനങ്ങൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 49