Seasonal Reflections - 2024

ഈശോയ്ക്ക് സ്വർഗ്ഗീയപിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐക്കൺ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 19-02-2021 - Friday

ബാലനായ ഈശോയെ കൈകളിലേന്തിയ യൗസേപ്പിതാവിൻ്റെ ഒരു ഐക്കണാണ് ഇന്നത്തെ ചിന്താവിഷയം.ഈശോയ്ക്കു സ്വർഗ്ഗീയ പിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധമാണ് ഈ ഐക്കണിൻ്റെ ഇതിവൃത്തം. അമേരിക്കയിലെ ഒറിഗൺ ( Oregon) സംസ്ഥാനത്തുള്ള മൗണ്ട് എയ്ഞ്ചൽ ബനഡിക്ടൈൻ ആബിയിലെ ബ്രദർ ക്ലൗഡേ ലെയ്നാണ് ( Brother Claude Lane) ഈ ഐക്കൺ വരച്ചിരിക്കുന്നത്. തിരുക്കുടുംബം ജറുസലേം ദൈവാലയത്തിൽ നിന്നു തിരികെയുള്ള യാത്രയിലാണ്. (യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന്‌ ജറുസലെമില്‍ പോയിരുന്നു. ലൂക്കാ 2 : 41).

ബാലനായിരുന്നിട്ടും, ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനോടും അവന്റെ വാസസ്ഥലത്തോടുമുള്ള തീക്ഷ്ണത സപ്ഷ്ടമായി ഇവിടെ പ്രകടമാക്കുന്നു. ദൈവാലയത്തിൽ ധരിക്കുന്ന വെളുത്ത വസ്ത്രമാണ് ഈശോയും യൗസേപ്പിതാവും അണിഞ്ഞിരിക്കുന്നത്. വെളുത്ത നിറം പരമ്പരാഗതമായി ദൈവ പിതാവിനു നൽകുന്ന നിറമാണ് അതു തന്നെ ഈശോയ്ക്കും യൗസേപ്പിതാവിനു ഐക്കൺ രചിതാവ് നൽകിയിരിക്കുന്നു. ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയെ ആദരിക്കുന്നതാണ് വെളുത്ത നിറം.

ഈശോയ്ക്ക് തന്റെ ഭൗമിക പിതാവിനോടും സ്വർഗ്ഗീയപിതാവിനോടും ഉള്ള ബന്ധത്തിൻ്റെ ഒരു ധ്യാനമാണ് ഈ ഐക്കൺ. യൗസേപ്പ് നീതിമാനാണെന്ന് കാണിക്കാൻ ഈശോ തോറയുടെ ചുരുൾ തന്റെ വളർത്തു പിതാവിന്റെ തലയിൽ വയ്ച്ചിരിക്കുന്നു. "ആകയാല്‍, എന്‍െറ ഈ വചനം ഹൃദയത്തിലും മനസ്‌സിലും സൂക്‌ഷിക്കുവിന്‍.

അടയാളമായി അവയെ നിങ്ങളുടെ കൈയില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍." (നിയമാവര്‍ത്തനം 11:18) എന്ന വചനത്തിലേക്കാണ് ഈ ഭാഗം വിരൽ ചൂണ്ടുന്നത്. മാംസം ധരിച്ച വചനം ഈശോ തന്നെയാണെന്നും ഈ ആംഗ്യം സൂചിപ്പിക്കുന്നു .ഈശോ യൗസേപ്പിൻ്റെ കരങ്ങളിൽ നിന്നു കുതിച്ചു ചാടി സ്വർഗ്ഗത്തിലേക്കും ദൈവാലയത്തിലേക്കും നോക്കുന്നത് "അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളയും" (യോഹന്നാന്‍ 2:17) എന്ന തിരുവചനത്തിലേക്കാണ് വെളിച്ചം വീശുന്നത്.

ഈശോയെ സ്വർഗ്ഗീയ പിതാവിനെ അബ്ബാ എന്നു വിളിക്കുമ്പോൾ ഭൗമിക പിതാവിൽ ആ വിളിയുടെ അർത്ഥവും സാരാംശവും മനസ്സിലാക്കിയിരിക്കണം. സ്വർഗ്ഗീയ പിതാവിൻ്റെ സ്നേഹം യാർത്ഥത്തിൽ മക്കൾക്കു മനസ്സിലാക്കി കൊടുക്കാൻ മാതാപിതാക്കൾക്കുള്ള പങ്ക് ഈ ഐക്കൺ പറയാതെ പറയുന്നുണ്ട്.

More Archives >>

Page 1 of 8