Charity - 2025
ശസ്ത്രക്രിയ വിജയകരം: ബിബിനെ ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദി; ഇനി വേണ്ടത് പ്രാര്‍ത്ഥനാസഹായം
പ്രവാചക ശബ്ദം 20-02-2021 - Saturday
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എറണാകുളം നോര്‍ത്ത് കുത്തിയകോട് ഇടവകാംഗമായ ബിബിന്‍ എന്ന യുവാവിന് വേണ്ടി ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് പ്രവാചകശബ്ദത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച (17/02/2021) വാര്‍ത്ത നല്‍കിയിരിന്നു. പിറ്റേദിവസം വ്യാഴാഴ്ച (18/02/2021) നടക്കേണ്ടിയിരിക്കുന്ന ശസ്ത്രക്രിയയ്ക്ക് അടിയന്തരസഹായം തേടിയായിരിന്നു വാര്‍ത്ത. ചുരുങ്ങിയ സമയം കൊണ്ട് പ്രസ്തുത വാര്‍ത്തയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡിനിടെയുള്ള സാമ്പത്തിക ഞെരുക്കങ്ങളെ പോലും മറന്നു ഹൃദയം തുറന്നു സഹായിച്ച അനേകം ആളുകളുടെ സമയോചിത ഇടപെടല്‍ മൂലം ചികിത്സയ്ക്കു ആവശ്യമായ മുഴുവന്‍ തുകയും ലഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പ്രവാചകശബ്ദത്തിന്റെ ഓരോ വായനക്കാരോടും യേശു നാമത്തില്‍ നന്ദി പറയുകയാണ്.
ഇതിനിടെ ബിബിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 'മുന്നില്‍ എന്ത്' എന്ന ഒറ്റ ചോദ്യവുമായി നില്‍ക്കുമ്പോള്‍ അപ്രതീക്ഷിത സഹായവും പ്രാര്‍ത്ഥനയുമായി കടന്നുവന്ന ഓരോ സഹോദരങ്ങളോടും പ്രാര്‍ത്ഥനയുടെ രൂപത്തില്‍ നന്ദി അറിയിക്കുകയാണെന്ന് ബിബിന്റെ സഹോദരന്‍ എബിനും അമ്മയും നിറകണ്ണുകളോടെ പറയുന്നു. നിലവില്‍ ബിബിന് മൂന്നാഴ്ചയോളം ആശുപത്രിയില്‍ തുടരേണ്ടതുണ്ട്. പിന്നീട് തുടര്‍ചികിത്സകളും. ഇതിന് ആവശ്യമായ തുക കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ സാമ്പത്തികമായി ഇനി പണം കൈമാറേണ്ടതില്ല.
അതേസമയം വായനക്കാരോട് കുടുംബം പ്രത്യേകമായി പ്രാര്‍ത്ഥനസഹായം യാചിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം കഠിനമായ വേദനയിലൂടെയാണ് ബിബിന്‍ കടന്നുപോകുന്നത്. വേദനകളെ അതിജീവിക്കുവാനുള്ള കൃപ ആ മകന് ലഭിക്കുന്നതിനും തുടര്‍ ചികിത്സകള്‍ വിജയകരമാകുന്നതിനും വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.
"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്‍െറ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല" (മര്‍ക്കോസ് 9:41). സാമ്പത്തികമായും പ്രാര്‍ത്ഥന കൊണ്ടും പിന്തുണ നല്‍കി ബിബിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച എല്ലാ മാന്യവായനക്കാരോടും ഒരിക്കല്‍ കൂടി യേശു നാമത്തില്‍ നന്ദി പറയുന്നു.
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.