News

ജൂൺ മാസത്തിൽ നമ്മുടെ ജീവിതത്തെ ഈശോയുടെ തിരുഹൃദയത്തിനു മുൻപിൽ തുറന്നു വയ്ക്കാം

സ്വന്തം ലേഖകന്‍ 31-05-2023 - Wednesday

ജൂണ്‍ മാസം യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്കുവെണ്ടി തിരുസഭ പ്രത്യേകമാം വിധം നീക്കി വച്ചിരിക്കുന്നു . ക്രിസ്തുവിന്റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം.

യേശുവിന്റെ തിരുഹൃദയതിരുനാളിന്റെ ആഘോഷത്തെ കുറിച്ച് സംസാരിക്കവേ ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പാ ഇപ്രകാരം പറയുകയുണ്ടായി: “ബൈബിളിന്റെ ഭാഷയില്‍ “ഹൃദയം” എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളും, വിചാരങ്ങളും സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗമാണ്. രക്ഷകന്റെ ഹൃദയത്തോടുള്ള ഭക്തിയിലൂടെ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്നേഹത്തേയും, ലോകം മുഴുവനുമുള്ള സകലരുടേയും മോക്ഷത്തിനുവേണ്ടിയുള്ള അവന്റെ ആഗ്രഹവും, അവന്റെ അനന്തമായ കാരുണ്യത്തേയുമാണ് നാം ആദരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത്, തന്റെ അവസാനം വരെ നമ്മെ സ്നേഹിച്ചുകൊണ്ട് കുരിശില്‍ കിടന്നുകൊണ്ട് കുന്തത്താല്‍ മുറിവേല്‍പ്പിക്കപ്പെടുകയും, അതില്‍ നിന്നും ചോരയും വെള്ളവും ഒഴുക്കിയ, ഒരിക്കലും നശിക്കാത്ത പുതുജീവന്റെ ഉറവിടമായ ആ തിരുഹൃദയത്തെ നാം ആരാധിക്കുന്നു എന്നതാണ്.” (ബെനഡിക്ട് XVI, Angelus 5 June 2005)

തിരുഹൃദയഭക്തി നമ്മോടു ആവശ്യപ്പെടുന്നത്, ആദ്യമായി വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയുമാണ്, കാരണം വിശുദ്ധ കുര്‍ബ്ബാനയില്‍ യേശു സന്നിഹിതനാണ്, കൂടാതെ അവന്‍ തന്റെ തിരുഹൃദയവും, കരുണാമയമായ സ്നേഹവും ഇതിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനൊപ്പം സമയം ചിലവഴിക്കുകയും, അവനെ ആരാധിക്കുകയും ചെയ്യുക എന്നത് യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്, 17-മത്തെ നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരിറ്റ മേരിയോട്: "മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”! എന്ന് യേശു ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ ഒമ്പത്‌ മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്ക്, യേശുവിന്റെ സ്നേഹം മുഴുവനും കവിഞ്ഞൊഴുകുന്ന തിരു ഹൃദയത്തിന്റെ അമിതമായ കാരുണ്യത്താല്‍ ഭാഗ്യപ്പെട്ട മരണവും മറ്റ് അനുഗ്രഹങ്ങളും അവിടുന്നു വാഗ്ദാനം ചെയ്തു. അവരുടെ അവസാന നിമിഷങ്ങളില്‍ യേശുവിന്റെ ദിവ്യ ഹൃദയം അവരുടെ സുരക്ഷിതമായ അഭയകേന്ദ്രമായി മാറുമെന്ന് അവിടുന്നു വിശുദ്ധ മാര്‍ഗരിറ്റ മേരിയോട് വെളിപ്പെടുത്തി.

ഈ സന്ദേശത്തിന്റെ പൂര്‍ത്തീകരണമെന്നവിധം കര്‍ത്താവ് 20-മത്തെ നൂറ്റാണ്ടില്‍ വിശുദ്ധ ഫൗസ്റ്റീനക്ക്‌, തന്റെ അളവില്ലാത്ത കാരുണ്യത്തിന്റെ അഗാധത വെളിപ്പെടുത്തി കൊടുത്തു. “കരുണയുടെ ജീവനുള്ള ഉറവിടമെന്ന നിലയില്‍ ഞാന്‍ എന്റെ ഹൃദയം തുറന്നിരിക്കുന്നു, അപാരമായ ആത്മവിശ്വാസത്തോട് കൂടി ഈ കരുണയുടെ കടലിനെ സമീപിക്കുന്ന എല്ലാവർക്കും പുതുജീവന്‍ ലഭിക്കും, പാപികള്‍ക്ക് മോചനം ലഭിക്കുകയും, നന്മയില്‍ ശക്തിപ്പെടുകയും ചെയ്യും. എന്റെ കാരുണ്യത്തില്‍ വിശ്വസിക്കുന്നവരുടെ ആത്മാക്കളില്‍ അവരുടെ മരണസമയത്ത് ഞാന്‍ ദൈവീക സമാധാനം നിറക്കും. ആയതിനാല്‍ എന്റെ മകളേ, എന്റെ കരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നത് തുടരുക. പാപികളോട് എന്റെ അതിരുകളില്ലാത്ത കരുണയെക്കുറിച്ചും, അനുകമ്പയെ കുറിച്ചും പറയുകയാണെങ്കില്‍ അവരുടെ ഹൃദയങ്ങൾ മയപ്പെടുമെന്ന്പുരോഹിതരോട് പറയുക. എന്റെ കരുണയെക്കുറിച്ച് പ്രഘോഷിക്കുകയും, പുകഴ്ത്തുകയും ചെയ്യുന്ന പുരോഹിതര്‍ക്ക് ഞാന്‍ അത്ഭുതകരമായ ശക്തിയും, അവരുടെ വാക്കുകളില്‍ സാന്ത്വനവും നല്‍കും, കൂടാതെ അവര്‍ സംസാരിക്കുന്ന ഹൃദയങ്ങളെ ഞാന്‍ പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യും.” കര്‍ത്താവ് വെളിപ്പെടുത്തിയ ലോക പ്രശസ്തമായ ഈ കാര്യങ്ങൾ വിശുദ്ധ ഫൗസ്റ്റീന തന്റെ ഡയറിയില്‍ കുറിച്ചു വച്ചു. (Book 5,21 January 1938)

നമ്മെ അവന്‍ എത്രത്തോളം സ്നേഹിക്കുന്നു എന്ന് നാം മനസ്സിലാക്കുമ്പോൾ യേശുവിന്റെ തിരുഹൃദയത്തോടുള്ള നമ്മുടെ അഭിലാഷവും വർദ്ധിക്കുന്നു.

എന്ത്കൊണ്ടാണ് സമൂഹത്തിനും, സംസ്കാരത്തിനും, രാഷ്‌ട്രങ്ങൾക്കും ഇക്കാലത്ത്‌ യേശുവിന്റെ ഹൃദയത്തെ അത്യാവശ്യമായി വരുന്നത്? മനുഷ്യന്‍ ദൈവസ്നേഹത്തില്‍ നിന്നും എത്രത്തോളം അകലുന്നുവോ അത്രത്തോളം അവന്‍ 'ഹൃദയ ശൂന്യനായി' തീരുന്നു. കാരണം അവന്‍ ജീവ ജലത്തിന്റെ ഉറവയെ ഉപേക്ഷിച്ചു. അതിനാല്‍ നമ്മളെ ക്രിസ്തുവിനാല്‍ സ്നേഹിക്കപ്പെടാന്‍ അനുവദിക്കുകയും, നമ്മുടെ സ്നേഹം കൊണ്ട് ഇതിനു പ്രതിഫലം നല്‍കുകയും വേണം.

ചരിത്രത്തിലുടനീളം നിരവധിതവണ പ്രമുഖരായ മാർപാപ്പാമാര്‍ 'യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന കരുണയെക്കുറിച്ച്' മനുഷ്യകുലത്തെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ “ദൈവീക കാരുണ്യത്തിന്റെ അപ്പസ്തോലനാവുക” എന്ന ഉപദേശത്തോടു കൂടി തിരുസഭയെ മൂന്നാം സഹസ്രാബ്ദത്തിലേക്ക്‌ പ്രവേശിപ്പിച്ചു.

ക്രിസ്തുവിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ തുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തികൊണ്ട് ബെനഡിക്ട്‌ പതിനാറാമന്‍ മാർപാപ്പാ പറഞ്ഞു- “തുറക്കുക, നിങ്ങളുടെ കവാടങ്ങള്‍ യേശുവിന് വേണ്ടി മലര്‍ക്കെ തുറന്നിടുക”. ഫ്രാൻസിസ് മാർപാപ്പ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും പുറപ്പെടുന്ന അനന്തമായ കരുണയെക്കുറിച്ച് ലോകത്തോട്‌ പ്രഘോഷിച്ചു കൊണ്ട് കരുണയുടെ വർഷം പ്രഖ്യാപിച്ചു.

ജൂൺ മാസത്തിൽ, തിരുഹൃദയ വണക്കമാസ പ്രാർത്ഥനകളിലൂടെയും വിശുദ്ധ കുര്‍ബ്ബാനയിലൂടെയും ദിവ്യ കാരുണ്യ ആരാധനയിലൂടെയും തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കാം. ഈ ഭക്തിയിലൂടെ ദൈവം നല്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നമ്മുടെ ജീവിതത്തെ ഈശോയുടെ തിരുഹൃദയത്തിനു മുൻപിൽ തുറന്നു വയ്ക്കാം.

തിരുഹൃദയ വണക്കമാസ പ്രാർത്ഥനകൾ ജൂൺ ഒന്നാം തിയതി മുതൽ ഓരോ ദിവസവും പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. വണക്കമാസ പ്രാർത്ഥനകൾക്കായി പ്രവാചക ശബ്ദത്തിലെ 'Christian Prayer' വിഭാഗം സന്ദർശിക്കുക.

തിരുഹൃദയ വണക്കമാസ പ്രാർത്ഥനകൾ നാളെ ജൂൺ ഒന്നാം തിയതി മുതൽ ഓരോ ദിവസവും പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. വണക്കമാസ പ്രാർത്ഥനകൾക്കായി പ്രവാചക ശബ്ദത്തിലെ 'Christian Prayer' വിഭാഗം സന്ദർശിക്കുക.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 44