Seasonal Reflections - 2024

യൗസേപ്പിതാവിന്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 27-02-2021 - Saturday

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും. ഇരുവരും വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തരായിരുന്നു. ലൂയിസ് മാർട്ടിൻ്റെ ഒരു മാമ്മോദീസാ പേര് ജോസഫ് എന്നായിരുന്നു. ഇവര്‍ ജന്മമേകിയ 9 മക്കളില്‍ 5 പെണ്‍മക്കളാണ് ജീവിച്ചിരുന്നത്. അവർ അഞ്ചു പേരും സന്യാസിനിമാരായി. ജനിച്ച ഉടനെ മരണമടഞ്ഞ രണ്ടു പുത്രന്മാർക്ക് അവർ നൽകിയ പേര് ജോസഫ് എന്നായിരുന്നു.

യൗസേപ്പിതാവിൻ്റെ ഒരു തിരുസ്വരൂപം സെലി മാർട്ടിൻ്റെ കൈവശമുണ്ടായിരുന്നു. ആ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിക്കുക അവൾക്കു ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. നൽമരണ മദ്ധ്യസ്ഥനായ യൗസേപ്പിതാവിനോട് തനിക്കറിയാവുന്ന ആരെങ്കിലും മരണക്കിടക്കയിലാണങ്കിൽ സെലി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.

വാച്ചു നിർമ്മാണം തൊഴിലായി സ്വീകരിച്ചിരുന്ന ലൂയി യൗസേപ്പിതാവിനെപ്പോലെ അതീവ ശ്രദ്ധയോടെയാണ് ജോലി ചെയ്തിരുന്നത്. കൂടെ ജോലി ചെയ്തിരുന്നവരോടുള്ള പരിഗണനയിലും നസറത്തിലെ തിരുകുടുംബത്തിലെ പോലെ ഒരു നല്ല അപ്പനാകാനും ലൂയി മാർട്ടിനു മാതൃക വിശുദ്ധ യൗസേപ്പിതാവായിരുന്നു.

എല്ലാ കാര്യങ്ങളിലും ദൈവത്തിനു പ്രഥമസ്ഥാനം നൽകുക, എല്ലാത്തിലും ദൈവതിരുമനസ്സിനു വിധേയപ്പെടുക ഇതായിരുന്നു ഈ വിശുദ്ധ ദമ്പതികളുടെ ജീവിതാദർശം ഇതവർക്കു ലഭിച്ചത് നസറത്തിലെ വിശുദ്ധനായ കുടുംബനാഥനിൽ നിന്നായിരുന്നു.


Related Articles »