Social Media - 2025
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ മറിയം ത്രേസ്യാ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 18-03-2021 - Thursday
”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ നിങ്ങൾ ഹൃദയം ചോദിച്ചു വാങ്ങുക” - വിശുദ്ധ മറിയം ത്രേസ്യാ ( 1876- 1926).
കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family ) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് നോമ്പു യാത്രയിലെ ഇന്നത്തെ നമ്മുടെ വഴികാട്ടി. 1876-ല്‍ തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറ എന്ന ഗ്രാമത്തില്‍, ചിറമ്മല്‍ മങ്കടിയന്‍ തറവാട്ടില്‍ തോമാ – താണ്ട ദമ്പതികളുടെ മൂന്നാമത്തെ സന്താനമായി ത്രേസ്യ ജനിച്ചു. ദൈവീക കാര്യങ്ങളോട് ചെറുപ്പം മുതലേ താൽപര്യം പ്രകടിപ്പിച്ച ത്രേസ്യാ .ഒന്‍പത് വയസ്സുള്ളപ്പോള്‍ നിത്യകന്യാത്വം നേര്‍ന്ന് ഈശോയെ തൻ്റെ മണവാളനായി സ്വീകരിച്ചു.
ഫാദര്‍ ജോസഫ് വിതയത്തിലായിരുന്നു ത്രേസ്യായുടെ ആത്മീയഗുരു സ്വീകരിച്ചു. വി. കുര്‍ബാനയും ദിവ്യകാരുണ്യവുമായിരുന്നു ത്രേസ്യായുടെ ജീവസ്രോതസ്സ്. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാൻ 1914 മെയ് 14-ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി ഫാമിലി’എന്ന പേരില്‍ ഒരു സന്ന്യാസിനീസമൂഹത്തിനു രൂപം നൽകി.
വസൂരി ബാധിച്ച ആളുകളുടെ അടുത്ത് മറ്റുള്ളവർ പോകാൻ പോലും അറക്കുന്ന കാലത്ത് രോഗികളുടെ അടുത്തേക്ക് മറിയം ത്രേസ്യയും കൂട്ടാളികളും എത്തുകയും അവർക്ക് വേണ്ട പരിചരണം നൽകുകയും ചെയ്തു.മാറാരോഗങ്ങൾ ബാധിച്ചവരെ സ്വന്തം ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു വരാനും മറിയം ത്രേസ്യ മടി കാണിച്ചിരുന്നില്ല. ഈശോയുടെ സ്നേഹത്തിൻ്റെ തിരുമുറിവുകൾ പഞ്ചക്ഷതങ്ങളായി മറിയം ത്രേസ്യ സ്വന്തം ശരീരത്തിൽ ഏറ്റു വാങ്ങിയിരുന്നു.
അമ്പതാമത്തെ വയസിൽ 1926 ജൂൺ 8 നാണ് മദർ മറിയം ത്രേസ്യ നിര്യാതയായി. .2019 ഒക്ടോബര്‍ 13നു ഫ്രാൻസിസ് മാർപ്പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.സഹനജീവിതത്തിന്റെ അമ്മയായി അറിയപ്പെടുന്ന മറിയം ത്രേസ്യാ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ്.
വിശുദ്ധ മറിയം ത്രേസ്യായോടൊപ്പം പ്രാർത്ഥിക്കാം
വിശുദ്ധ മറിയം ത്രേസ്യായേ, കുടുംബങ്ങളുടെ പുണ്യവതിയേ, ഞങ്ങളുടെ കുടുംബങ്ങളെ തിരക്കുടുംബങ്ങളാക്കാനുള്ള കുറുക്കു വഴി ഈശോയുടെ ഹൃദയം സ്വന്തമാക്കുകയാണന്നു ഞങ്ങൾ തിരിച്ചറിയുന്നു. അതിനായി പ്രയ്നിക്കുവാൻ ഞങ്ങൾക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ