Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- വിശുദ്ധ മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 20-03-2024 - Wednesday

"മരണം വരെ സ്ഥിരതയോടെ ഉപവി പ്രവർത്തികൾ ചെയ്യുക" - വിശുദ്ധ മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല (1878-1963).

മെക്സിക്കയിൽ നിന്നുള്ള ഒരു സന്യാസിനിയാണ് മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോൾ മരിയയുടെ വിവാഹം ഉറപ്പിച്ചതാണ്. വിവാഹത്തിനു ഏതാനും ദിവസങ്ങൾക്കു മുമ്പ് തൻ്റെ ദൈവവിളി ഒരു ഭാര്യയോ അമ്മയോ ആകാനല്ല മറിച്ച് ഒരു സന്യാസിനിയും ആതുര ശുശ്രൂഷകയുമാകാനാണ് എന്നവൾ വിവേചിച്ചറിഞ്ഞു. അവളുടെ ആത്മീയ പിതാവിനൊപ്പം ചേർന്ന് Handmaids of Santa

Margarita and the Poor എന്ന സന്യാസിനി സമൂഹത്തിൻ്റെ സഹസ്ഥാപകയായി. ദരിദ്രരിൽ ദരിദ്രരായവരുടെ ഇടയിൽ സേവനം ചെയ്യാനായി ചിലപ്പോൾ സന്യാസവസ്ത്രം മാറ്റി അവരുടെ വസ്ത്രമണിഞ്ഞ് മരിയയും സഹോദരിമാരും ജോലി ചെയ്തിരുന്നു. മെക്സിക്കോയിലെ ക്രിസ്റ്റാ യുദ്ധത്തിൻ്റെ സമയത്തു അവരുടെ സന്യാസസഭയുടെ ആശുപത്രികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തിരുന്നു. ലാളിത്യം, വിനയം ദൈവകരങ്ങളിൽ നിന്നു എല്ലാം സ്വീകരിക്കാനുള്ള സന്നദ്ധത ഇവയെല്ലാം മദർ മരിയയുടെ സ്വഭാവ സവിശേഷതകൾ ആയിരുന്നു. മദറിൻ്റെ ജീവിതത്തിൻ്റെ അവസാന രണ്ടു വർഷങ്ങൾ ഗുരുതരമായ രോഗത്താൽ വളരെ ക്ലേശിച്ചു 1963 ജൂൺ 24നു എൺപത്തിയഞ്ചാമത്തെ വയസ്സിൽ മദർ സ്വർഗ്ഗത്തിലേക്ക് യാത്രയായി. 2013 മെയ് 12നു ഫ്രാൻസീസ് പാപ്പ മദർ മരിയയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി.

✝️ വിശുദ്ധ മരിയ ഗ്വാഡുലപേ ഗ്രാസിയ സവാലയോടൊപ്പം പ്രാർത്ഥിക്കാം.

വിശുദ്ധ മദർ മരിയയേ, അമ്പതു വർഷം തുടർച്ചയായി നീ ദരിദ്രരെ സ്നേഹിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തുവല്ലോ. നിൻ്റെ മഹനീയമായ മാതൃക ഈ നോമ്പുകാലത്തു കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഞങ്ങൾക്കു പ്രചോദനമാകട്ടെ. ആമ്മേൻ.


Related Articles »