Seasonal Reflections - 2024

ജോസഫ് - കുടുംബങ്ങളുടെ ശക്തി

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 05-04-2021 - Monday

വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയിലെ മറ്റൊരു അഭിസംബോധനയായ - കുടുംബങ്ങളുടെ ശക്തിയായ വിശുദ്ധ യൗസേപ്പേ (Familiarum columen) ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നതാണ് ഇന്നത്തെ ചിന്താവിഷയം. യൗസേപ്പിതാവ് തൻ്റെ മാതൃകയിലൂടെയും മദ്ധ്യസ്ഥതയിലൂടെയും കുടുംബങ്ങളുടെ ശക്തിയും സഹായവുമായി മാറുന്നു. യൗസേപ്പിൻ്റെ മാതൃക കുടുംബങ്ങൾക്കു ലക്ഷ്യബോധം നൽകുകയും അവൻ്റെ ശക്തിയേറിയ മാദ്ധ്യസ്ഥം ദൈവശക്തിയിൽ കൂടുതൽ ആശ്രയിക്കാൻ കുടുബാംഗങ്ങൾക്കു കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്നു. കുടുംബത്തിനു വേണ്ടി സമർപ്പണം ചെയ്യാനും ത്യാഗങ്ങൾ അനുഷ്ഠിക്കാനും യൗസേപ്പിതാവ് യാതൊരു വൈമനസ്യവും കാട്ടിയിരുന്നില്ല. എപ്പോഴും സംലഭ്യനായ പിതാവായിരുന്നു നസറത്തിലെ തിരുക്കുടുബത്തിൻ്റെ തലവൻ.

കുടുംബത്തിലെ ശുശ്രൂഷ എത്ര ദൈവീകവും മഹത്തരവുമാണന്ന് യൗസേപ്പിതാവ് കാണിച്ചു തരുന്നു. യഥാർത്ഥ മനുഷ്യത്വത്തെ നഷ്ടപ്പെടുത്താതെ തന്നെ എല്ലാ കാര്യങ്ങളിലും ദൈവുമായി എങ്ങനെ ബന്ധപ്പെടാമെന്നു തിരുക്കുടുംബത്തിലെ ജീവിതത്തിലൂടെ യൗസേപ്പിതാവു തുറന്നു കാട്ടുന്നു.

ഒരു കുടുംബത്തിൽ ദൈവവുമായുള്ള ബന്ധം എത്രയോ കൂടുതൽ അടുപ്പമുള്ളതും സജീവവും ആകുന്നുവോ അത്രകണ്ട് കുടുബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മാനുഷികവും ഹൃദ്യവുമായി തീരുന്നു. ജിവിതമെന്ന വലിയ ദൈവ ദാനത്തിൻ്റെ ശുശ്രൂഷയിൽ ദൈവീക - മാനുഷിക സ്നേഹങ്ങളോടു തുറവിയുള്ളവരാകാൻ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം നമുക്കു കരുത്താണ്.

കത്തോലിക്കാ സഭയിൽ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ

ദിനമായ മാർച്ച് 19നു കുടുംബ വർഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു. പ്രസ്തുത വർഷത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ രണ്ടാമത്തേത് വിവാഹമെന്ന കൂദാശായെ ഒരു ദൈവദാനമായും അതു ഉൾക്കൊള്ളുന്ന മനുഷ്യസ്നേഹത്തിൻ്റെ രൂപാന്തരീകരണ ശക്തിയെ പ്രഘോഷിക്കുക എന്നതാണല്ലോ. ഇതിനായി വിശുദ്ധ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം നമുക്കു തേടാം.


Related Articles »