News

ഉയർന്ന ഐടി ജോലി ഉപേക്ഷിച്ചു വൈദികനായ പോള്‍ മേസണെ ഇംഗ്ലണ്ടിലെ സൗത്ത്‌വാര്‍ക്ക് രൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്തു

സ്വന്തം ലേഖകന്‍ 04-06-2016 - Saturday

ലണ്ടന്‍: യുകെയിലെ സൗത്ത്‌വാര്‍ക്ക് രൂപതയ്ക്കായി പുതിയ സഹായമെത്രാനെ അഭിഷേകം ചെയ്തു. ദീര്‍ഘനാള്‍ ഉയർന്ന ഐടി ഉദ്യോഗസ്ഥനായി ജോലി നോക്കിയ ശേഷം പുരോഹിതനായ പോള്‍ മേസണാണ് സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത്. രൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ സ്മിത്താണ് മെത്രാന്‍ അഭിഷേകത്തിനു നേതൃത്വം വഹിച്ചത്. സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. നോര്‍ത്ത് ഷീള്‍ഡിലെ ഡുര്‍ഹാമില്‍ നിന്നുള്ള ബിഷപ്പ് പോള്‍ മേസണ്‍ നിരവധി പ്രശസ്ത ഐടി കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. 1990-ല്‍ ആണ് അദ്ദേഹം വൈദികനായി പഠനം നടത്തുവാന്‍ റോമിലേക്ക് പോയത്. വൈദികനായ ശേഷം 10 വര്‍ഷം ആശുപത്രിയില്‍ ചാപ്ലെയ്‌നായി അദ്ദേഹം പ്രവര്‍ത്തിച്ചു. പീന്നിട് അലന്‍ഹാള്‍ സെമിനാരിയുടെ പാസ്റ്ററല്‍ ഡയറക്ടറായി അദ്ദേഹം സേവനം ചെയ്തു.

"വളരെ മനോഹരവും വൈവിധ്യമാര്‍ന്നതുമായ ഒരു രൂപതയാണ് സൗത്ത്‌വാര്‍ക്ക്. രൂപതയിലെ വൈദികര്‍ ഊര്‍ജസ്വലരും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരുമാണ്. നിങ്ങളോടു കൂടി തുടര്‍ന്നും രൂപതയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കത്തോലിക്ക വിശ്വാസത്തെ പ്രചരിപ്പിക്കുന്നതിനും ദൈവത്തിന്റെ കാരുണ്യം എല്ലാവരിലേക്കും എത്തിക്കുന്നതിനുമായി നമുക്ക് പ്രവര്‍ത്തിക്കാം". ബിഷപ്പ് പോള്‍ മേസണ്‍ പറഞ്ഞു.

യൂറോപ്പിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികളില്‍ വലിയൊരു പങ്കും ചേക്കേറിയിരിക്കുന്നത് സൗത്ത്‌വാര്‍ക്ക് രൂപതയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ്. ഇവിടെയുള്ള ദേവാലയങ്ങളില്‍ വിവിധ ഭാഷകളില്‍ വിശുദ്ധ ബലിയും അര്‍പ്പിക്കുന്നുണ്ട്. അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടുവാന്‍ കഴിയുന്ന രൂപതയാണ് സൗത്ത്‌വാര്‍ക്കെന്നും നവാഭിഷിക്ത ബിഷപ്പ് പറഞ്ഞു.

"കെന്റ്, മെഡ്വേ, ഡോവര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം രൂക്ഷമാണ്. പുരോഹിതര്‍ക്ക് ലഭിച്ചിരിക്കുന്ന കുപ്പായം ഇവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെന്നു പ്രവര്‍ത്തിക്കുവാനുള്ള വിളിയായി വേണം നാം കരുതുവാന്‍". ബിഷപ്പ് പോള്‍ മേസണ്‍ വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അടുത്തിടെ അദ്ദേഹം ഒരു അഭയാര്‍ത്ഥി ക്യാമ്പും സന്ദര്‍ശിച്ചിരുന്നു. പുതിയ ബിഷപ്പിനോട് ചേര്‍ന്ന് മേഖലയില്‍ സഭയുടെ വളര്‍ച്ചയ്ക്കും സേവനത്തിനും പുതിയ ഉയരങ്ങള്‍ കണ്ടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു രൂപതയിലെ വിശ്വാസികള്‍.