Seasonal Reflections - 2024

ജോസഫ് - ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 10-04-2021 - Saturday

ജീവന്റെയും സ്നേഹത്തിന്റെയും കാവൽക്കാരനായ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി.

വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന പരിശുദ്ധ കന്യകാ മറിയം ദൈവാത്മാവിൻ്റെ പ്രവർത്തനത്തിൽ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ( ലൂക്കാ 1, 26-38) സ്വപ്നത്തിൽ ദൈവദൂതൻ നൽകിയ നിർദ്ദേശമനുസരിച്ച് മറിയത്തെ ഭാര്യയായി നസറത്തിലെ യൗസേപ്പു സ്വീകരിക്കുന്നു. (മത്താ1, 18-25). ഈ രീതിയിൽ അമ്മയ്ക്കും ശിശുവിനും അവൻ ആവശ്യമായ അഭയം നൽകുന്നു. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശത്തിനായി നാം നിലകൊള്ളുന്നുവെങ്കിൽ, ഓരോ മനുഷ്യനും ദൈവം നൽകിയ അന്തസ്സു പവിത്രമായി സൂക്ഷിക്കാൻ കഴിയണമെങ്കിൽ, യൗസേപ്പിതാവിൻ്റെ ചൈതന്യം നമുക്കാവശ്യമാണ്.

അധികാര മോഹിയും രക്തദാഹിയുമായ ഹേറോദോസ് രാജാവ് ഉണ്ണിശോയുടെ ജീവൻ അപഹരിക്കാൻ അവസരം തേടിയപ്പോൾ, വിശുദ്ധ യൗസേപ്പിതാവിൻ്റെ ധീരവും നിർണ്ണായകവുമായ പ്രവർത്തനം ഉണ്ണീശോയെ ഹേറോദോസിൻ്റെ കൊലപാതക ശ്രമത്തിൽ നിന്നു രക്ഷിച്ചു. ദൈവദൂതൻ കല്പിച്ച ഈജിപ്തിലേക്കുള്ള പലായനം കന്യകാമറിയത്തിനും ദിവ്യശിശുവിനും സംരക്ഷണമേകി.

വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും സ്നേഹപൂർവ്വമായ സുരക്ഷിതത്വത്തിൽ വളരാൻ ദൈവപുത്രൻ പോലും ആഗ്രഹിച്ചുവെങ്കിൽ ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് മാതാപിതാക്കളുടെ സ്നേഹപൂർവ്വമായ പരിലാളനയും സ്നേഹവും കിട്ടി വളരാൻ അവകാശമുണ്ട്. ചൂഷണം, അക്രമം, ലൈംഗീക ദുരുപയോഗം തുടങ്ങി കുട്ടികളുടെ അന്തസ്സിനെ ഹനിക്കുന്ന ഏതു സാഹചര്യത്തിൽ നിന്നു അകന്നു നിൽക്കുവാനും കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽ വളർത്തുവാനും ജീവൻ്റെയും സ്നേഹത്തിൻ്റെയും കാവൽക്കാരനായ യൗസേപ്പിതാവു നമ്മെ ക്ഷണിക്കുന്നു.


Related Articles »