India - 2024

ജീവന്റെ ചൈതന്യം പകരാന്‍ സിസ്റ്റര്‍ ചൈതന്യയും; വൃക്ക ദാനം ചെയ്യാന്‍ ഒരുങ്ങി കൊണ്ട് സിഎംസി സന്യാസി.

സ്വന്തം ലേഖകന്‍ 05-06-2016 - Sunday

കൊച്ചി: വൃക്കദാനത്തിനൊരുങ്ങി ഒരു സന്യാസിനി കൂടി. സിഎംസി സന്യസ്ത സഭയുടെ ഇടുക്കി പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ചൈതന്യയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ വൃക്കരോഗിക്കു തന്റെ വൃക്കകളിലൊന്നു നല്‍കുന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കും. ഇതിനു മുന്നോടിയായുള്ള ക്രോസ് മാച്ചിംഗും മറ്റു നടപടികളും ഇന്നലെ പൂര്‍ത്തിയായി. വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തന രംഗത്താണ് സിസ്റ്റര്‍ ചൈതന്യയുടെ ശുശ്രൂഷ.

ജന്മനാ എച്ച്‌ഐവി ബാധിതരായ കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടിയുള്ള പ്രയത്‌നങ്ങളിലാണു സിസ്റ്റര്‍ ചൈതന്യ ഇപ്പോള്‍. നേരത്തേ അധ്യാപനരംഗത്തും സിസ്റ്റര്‍ സേവനം ചെയ്തിട്ടുണ്ട്. പാലാ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെയും സിഎംസി സഭാംഗമായ സിസ്റ്റര്‍ ലിറ്റില്‍ തെരേസിന്റെയും വൃക്കദാനത്തില്‍നിന്നുള്ള പ്രചോദനമാണ് ഇത്തരമൊരു നന്മ ചെയ്യാന്‍ നിമിത്തമായതെന്നു സിസ്റ്റര്‍ ചൈതന്യ പറയുന്നു.

കിഡ്‌നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ പരിചയപ്പെടുത്തിയ ആലപ്പുഴ മുഹമ്മ സ്വദേശി ഷാജി വര്‍ക്കിക്കാണു സിസ്റ്റര്‍ ചൈതന്യ വൃക്ക നല്‍കുന്നത്. നിര്‍മാണരംഗത്തുള്ള ഷാജി ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ഡയാലിസിസ് നടത്തിയാണു ജീവന്‍ നിലനിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും പ്രമേഹരോഗമുള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഫാ. ഡേവിസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തേതന്നെ വൃക്ക ദാനത്തിനു സന്നദ്ധയാണെന്നു സിസ്റ്റര്‍ ചൈതന്യ ഫാ. ചിറമ്മലിനെ അറിയിച്ചിരുന്നു.

ഷാജിക്കു വൃക്ക നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ സിസ്റ്റര്‍ ചൈതന്യ സമ്മതം അറിയിക്കുകയായിരുന്നുവെന്നു ഫാ. ചിറമ്മല്‍ പറഞ്ഞു. തുടര്‍ന്നുള്ള പരിശോധനകള്‍ ലിസി ആശുപത്രിയില്‍ വൈകാതെതന്നെ പൂര്‍ത്തിയാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓതറൈസേഷന്‍ കമ്മിറ്റിക്കു മുമ്പാകെ സിസ്റ്റര്‍ ചൈതന്യ ഇന്നലെ ഹാജരായിരുന്നു. ഇനി ആശുപത്രിയില്‍നിന്നു ശസ്ത്രക്രിയയുടെ തീയതിക്കുള്ള കാത്തിരിപ്പാണ്.

ഇടുക്കി കൈലാസം കാരക്കുന്നേല്‍ വീട്ടില്‍ മാത്യു-അമ്മിണി ദമ്പതികളുടെ നാലു പെണ്‍മക്കളില്‍ രണ്ടാമത്തേതാണു സിസ്റ്റര്‍ ചൈതന്യ. സിഎംസി സഭയുടെഇടുക്കി പ്രൊവിന്‍സില്‍ തന്നെയുള്ള സിസ്റ്റര്‍ അല്‍ഫോന്‍സ സഹോദരിയാണ്. സഭാ നേതൃത്വത്തിന്റെയും വീട്ടുകാരുടെയും പൂര്‍ണ സമ്മതവും പ്രോത്സാഹനവും വൃക്കദാനത്തിനുള്ള തീരുമാനത്തിനു പിന്നിലുണ്ടെന്നും സിസ്റ്റര്‍ ചൈതന്യ പറയുന്നു.

ഏവരുടെയും പ്രാര്‍ഥന തനിക്കും വൃക്ക സ്വീകരിക്കുന്ന ഷാജിക്കും ആവശ്യമുണ്ടെന്നും സിസ്റ്റര്‍ ഓര്‍മിപ്പിച്ചു. ഇടുക്കി നെടുങ്കണ്ടം മഠത്തിലെ അംഗമാണ് സിസ്റ്റര്‍ ഇപ്പോള്‍. വൃക്കദാനം നടത്തിയശേഷം വിശ്രമിക്കുന്ന ബിഷപ് മാര്‍ ജേക്കബ് മുരിക്കനുമായി സിസ്റ്റര്‍ ചൈതന്യ ഇന്നലെ കൂടിക്കാഴ്ച നടത്തി. സിഎംസി സഭയില്‍നിന്നു വൃക്കദാനം നടത്തുന്ന രണ്ടാമത്തെ സന്യാസിനിയാണു സിസ്റ്റര്‍ ചൈതന്യ. സഭയിലെ എല്ലാ അംഗങ്ങളും അവയവദാനത്തിനു സന്നദ്ധതയറിയിച്ചു സമ്മതപത്രം കൈമാറിയിട്ടുണ്ട്.