News

അഭയാര്‍ത്ഥികള്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസത്തിലേക്ക്; ക്രിസ്തുവില്‍ തങ്ങള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്നു മുസ്ലീം വിശ്വാസികളുടെ സാക്ഷ്യം

സ്വന്തം ലേഖകന്‍ 10-06-2016 - Friday

ബെര്‍ളിന്‍: ആഭ്യന്തര കലാപങ്ങളും ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ ഭീഷണിയും കണക്കിലെടുത്തു യൂറോപ്പിലേക്ക് പലായനം ചെയ്ത മുസ്ലീം മതവിശ്വാസികള്‍, കൂട്ടത്തോടെ ക്രിസ്തുവിന്റെ രക്ഷാ മാര്‍ഗത്തിലേക്ക് എത്തുന്നുവെന്ന്‍ 'ദി ഗാര്‍ഡിയന്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ രീതിയിലുള്ള മതപരിവര്‍ത്തനമാണ് മുസ്ലീം മതവിശ്വാസത്തില്‍ നിന്നും ക്രൈസ്തവ മതത്തിലേക്ക് നടക്കുന്നത്. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാന്‍ ഓസ്ട്രിയായില്‍ മാത്രം ലഭിച്ചത് 300 അപേക്ഷകളാണ്. ഇതില്‍ 70 ശതമാനം പേരും അഭയാര്‍ത്ഥികളായ മുസ്ലീം മതവിശ്വാസികളാണ്.

ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ളിനിലെ ട്രിനിറ്റി ദേവാലയത്തില്‍ വരുന്ന വിശ്വാസികളുടെ എണ്ണം 150-ല്‍ നിന്നും ഉയര്‍ന്ന് 700-ല്‍ എത്തി നില്‍ക്കുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മാത്രം എത്തിയ 80 മുസ്ലീം മതവിശ്വാസികളാണ് മാമോദിസ സ്വീകരിച്ച് സഭയോട് ചേര്‍ന്നത്. മുസ്ലീം മതവിശ്വാസത്തില്‍ ഉള്ള അടിമകരമായ ജീവിതമാണ് ഭൂരിഭാഗം ആളുകളേയും ക്രിസ്തീയവിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. സുവിശേഷത്തിനു വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുമെത്തിയ ഇവര്‍ക്ക് സുവിശേഷത്തിലെ രക്ഷാകരമായ വചനങ്ങള്‍ നല്‍കുന്നത് ആത്മധൈര്യവും പ്രത്യാശയുമാണ്.

"ഞാന്‍ എന്റെ ജീവിതത്തില്‍ മുഴുവനും അന്വേഷിച്ചത് സന്തോഷവും സമാധാനവുമാണ്. എന്നാല്‍ ഇസ്ലാമില്‍ ഇതില്ല, ഞാന്‍ അത് അവിടെ കണ്ടെത്തിയുമില്ല. ക്രൈസ്തവ വിശ്വാസി ആയിരിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സന്തോഷത്തോടെ ജീവിക്കുക എന്നതു കൂടിയാണ്" ഷിയാ രാജ്യമായ ഇറാനില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയ ഷിമ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രന്‍റക്സ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, പട്ടിണിയും തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മൂലം 1.8 മില്യണ്‍ അഭയാര്‍ത്ഥികളാണ് യുറോപ്പിലേക്ക് കുടിയേറിയിരിക്കുന്നത്. ഇതില്‍ തന്നെ ജര്‍മ്മനിയിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറ്റം നടത്തിയിരിക്കുന്നത്.

ഇറാനില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയ ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സോല്‍മാസ് പറയുന്നത് ഇങ്ങനെയാണ്; "ഇസ്ലാമായിരുന്നപ്പോള്‍ ഞങ്ങള്‍ ഭയത്തില്‍ ജീവിച്ചിരുന്നു. ദൈവത്തെ ഭയപ്പെട്ടിരുന്നു. ശിക്ഷകളെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഏകദൈവവും രക്ഷകനുമായ യേശു സ്‌നേഹത്തിന്റെ പ്രതീകമാണ്". മുസ്ലീം വിശ്വാസത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറുന്നവര്‍ക്ക് തീവ്രവാദികളില്‍ നിന്നും മറ്റു മുസ്ലീങ്ങളില്‍ നിന്നും വലിയ ഭീഷണിയാണ് ഉയരുന്നത്. ജീവന്‍ തന്നെ അപായപ്പെടുത്തുമെന്നതാണ് ഇവര്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുന്ന ഭീഷണി. ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ മുസ്ലീം മതവിശ്വാസികളാല്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഒരു മാസം മുമ്പ് 'ഓപ്പണ്‍ ഡോര്‍' എന്ന സംഘടന പുറത്തു വിട്ടിരുന്നു.


Related Articles »