Youth Zone - 2024

'ജീവനു വേണ്ടി ഒരാഴ്ച': ദയാവധം പ്രാബല്യത്തിലാക്കാനിരിക്കെ ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം

പ്രവാചകശബ്ദം 18-06-2021 - Friday

മാഡ്രിഡ്: ദയാവധവും, അസിസ്റ്റഡ് സൂയിസൈഡും നിയമപരമാക്കുന്ന നിയമം സ്പെയിനില്‍ പ്രാബല്യത്തില്‍ വരുവാനിരിക്കേ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം. ഇന്നു ജൂണ്‍ 18ന് ആരംഭിക്കുന്ന “ജീവനുവേണ്ടി ഒരാഴ്ച” എന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞം ജൂണ്‍ 25നാണ് അവസാനിക്കുക. ദയാവധത്തിന്റെ അവസാനവും, ആത്മാക്കളുടെ മാനസാന്തരവുമാണ് ഈ പരിപാടികൊണ്ട് യുവജനങ്ങള്‍ ഉദ്ദേശിക്കുന്നത്. അബോര്‍ഷനെതിരേ നടക്കുന്ന പ്രചാരണത്തോളം ദയാവധത്തിനെതിരെ പ്രചാരണം നടക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഒരു സംഘം യുവതീ-യുവാക്കളാണ് “ജീവനുവേണ്ടി ഒരാഴ്ച” എന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

30 മിനിറ്റ് നീളുന്ന പ്രാര്‍ത്ഥനാ സ്ലോട്ടുകളാണ് “ജീവനുവേണ്ടിയുള്ള ഒരാഴ്ച” പ്രാര്‍ത്ഥനാവാരത്തെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തിന്റെ ഏത് മൂലയിലുള്ള വ്യക്തിക്കും തന്റെ സൗകര്യത്തിനനുസരിച്ചുള്ള സ്ലോട്ട് തിരഞ്ഞെടുത്ത് പ്രാര്‍ത്ഥിക്കാവുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം. ആരോഗ്യപരിപാലന മേഖലയിലുള്ളവരുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ പ്രാബല്യത്തില്‍ കൊണ്ടുവന്ന ദയാവധ നിയമം രാജ്യത്തില്‍ നിന്നു ഒഴിവാക്കപ്പെടുവാനാണ് ഉപവാസപ്രാര്‍ത്ഥനായജ്ഞമെന്ന്‍ സംഘാടകര്‍ പറഞ്ഞു. ഭരണഘടനയ്ക്കെതിരാണ് ഈ നിയമനിര്‍മ്മാണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ദയാവധം ഒരു ആരോഗ്യപരിപാലന മാര്‍ഗ്ഗമായി മാറുമെന്ന ആശങ്ക പങ്കുവെച്ച സംഘാടകര്‍, ദയാവധം നിയമപരമാക്കുന്നതിനു പകരം പാലിയേറ്റീവ് കെയര്‍ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നാണ് പറയുന്നത്.

ദയാവധം ഒരു കുറ്റമാണെന്നും, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ദയാവധം ആഗ്രഹിക്കുന്നവരെ സേവിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും “ജീവനുവേണ്ടി ഒരാഴ്ച” ഭാരവാഹികള്‍ ഓര്‍മ്മപ്പെടുത്തി. ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയാത്ത ഗുരുതരമായ രോഗമുള്ള സ്പാനിഷ് പൗരന്‍മാരായ രോഗികള്‍ക്കോ, നിയമാനുസൃതമായി സ്പെയിനില്‍ താമസിക്കുന്ന രോഗികള്‍ക്കോ ദയാവധത്തിന് അപേക്ഷിക്കാമെന്നാണ് നിയമത്തില്‍ പറയുന്നത്. മറ്റുള്ളവരുമായി സംവദിക്കുവാന്‍ കഴിയാതെ ശാരീരികവും, മാനസികവുമായ വേദന അനുഭവിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സ്പെയിനില്‍ ദയാവധം നിയമപരമാക്കപ്പെട്ടത്. ബെല്‍ജിയം, കാനഡ, കൊളംബിയ, ലക്സംബര്‍ഗ്‌, നെതര്‍ലന്‍ഡ്‌സ്‌, ഓസ്ട്രേലിയയില്‍ വിക്ടോറിയ എന്നീ രാജ്യങ്ങളില്‍ ദയാവധം നിയമപരമാണ്.


Related Articles »