News - 2024

ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകയെ അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടു പോയി

സ്വന്തം ലേഖകന്‍ 11-06-2016 - Saturday

കാബൂള്‍: കത്തോലിക്ക വിശ്വാസിയും സാമൂഹിക പ്രവര്‍ത്തകയുമായ യുവതിയെ അഫ്ഗാനിസ്ഥാനില്‍ ഒരു സംഘം തട്ടിക്കൊണ്ടു പോയി. കൊല്‍ക്കത്ത സ്വദേശിനിയായ ജൂഡിത്ത് ഡിസൂസയെയാണു തട്ടിക്കൊണ്ടു പോയത്. 'അഗാന്‍ ഖാന്‍ നെറ്റ്‌വര്‍ക്ക്' എന്ന സന്നദ്ധ സംഘടനയിലായിരുന്നു നാല്‍പതുകാരിയായ ജൂഡിത്ത് പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ട ബോധവല്‍ക്കരണം അഫ്ഗാന്‍ വനിതകള്‍ക്കു നല്‍കുന്ന പ്രവര്‍ത്തനങ്ങളിലാണ് ജൂഡിത്ത് അടങ്ങിയ സംഘം ശ്രദ്ധ പതിപ്പിച്ചിരുന്നത്.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കൊല്‍ക്കത്ത ബിഷപ്പ് തോമസ് ഡിസൂസ ജൂഡിത്തിന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്നും പറഞ്ഞു. "അവര്‍ വേഗത്തില്‍ മോചിതയാകുകയും തിരികെ എത്തുകയും ചെയ്യട്ടേ. നിരവധി പേരുടെ ജീവിതങ്ങളില്‍ മാറ്റം സൃഷ്ടിച്ച വനിതയാണ് ജൂഡിത്ത്. അവരുടെ കുടുംബത്തിന് ഞാന്‍ എന്റെ പ്രാര്‍ത്ഥന സഹായം വാഗ്ദാനം ചെയ്യുന്നു". പിതാവ് പറഞ്ഞു. കൊല്‍ക്കത്തയിലെ ഫാത്തിമ ഇടവകയിലെ അംഗമാണ് ജൂഡിത്ത്. കഴിഞ്ഞ മാസം മാതാപിതാക്കളെ കാണുവാന്‍ അവര്‍ നാട്ടില്‍ എത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ ജൂഡിത്തിന്റെ മോചനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയില്‍ ജൂഡിത്തിന്റെ മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നു ബിഷപ്പ് തോമസ് ഡിസൂസ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാതാവിന്റെ മധ്യസ്ഥതയിലുള്ള പ്രാര്‍ത്ഥ മൂലം ജൂഡിത്തിന്റെ മോചനം വേഗത്തിലാകുമെന്നും പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. അഫ്ഗാന്‍ ഇന്ത്യന്‍ എംബസിയും സുരക്ഷാ ഉദ്യോഗസ്ഥരും ജൂഡിത്തിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.


Related Articles »