Faith And Reason

ഡൗണ്‍ സിന്‍ഡ്രോം, കുഞ്ഞിനെ ഉപേക്ഷിച്ചില്ലെങ്കില്‍ ബാധ്യതയെന്ന് ഡോക്ടര്‍മാര്‍: പ്രാര്‍ത്ഥനയോടെ സ്വീകരിച്ച കുഞ്ഞ് ഇന്ന് പൂര്‍ണ്ണ ആരോഗ്യവതി; ജീവന്റെ സാക്ഷ്യവുമായി മാധ്യമപ്രവര്‍ത്തകന്‍

പ്രവാചകശബ്ദം 13-08-2021 - Friday

കൊച്ചി: ഗര്‍ഭഛിദ്ര അനുകൂല പ്രതികൂലവാദങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നതിനിടെ ശക്തമായ ജീവന്റെ സാക്ഷ്യവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍. 24 ന്യൂസ് റീജിയണല്‍ ബ്യൂറോ ചീഫ് ടോം കുര്യാക്കോസാണ് തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ശക്തമായ ജീവന്റെ സാക്ഷ്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജീവിതപങ്കാളി ഗര്‍ഭിണിയായി അഞ്ചാം മാസത്തെ സ്കാനിംഗില്‍ കുഞ്ഞിന് ഡൗൺ സിൻഡ്രോമാണെന്നും ഉപേക്ഷിച്ചില്ലെങ്കില്‍ ബാധ്യതയായി മാറുമെന്ന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതും എന്നാല്‍ ജീവന്റെ മൂല്യത്തെ മാനിച്ച് പ്രാര്‍ത്ഥനയോടെ കുഞ്ഞിനെ സ്വീകരിച്ചതും കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായി പിറന്നതും അടക്കമുള്ള കാര്യങ്ങളാണ് ടോം തന്റെ പോസ്റ്റില്‍ വിവരിക്കുന്നത്.

ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടിയുള്ള ബോളിവുഡ് ചിത്രം 'മിമി'യുടെ കഥ വിവരിച്ചുക്കൊണ്ടാണ് ഈ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമ കഥയുടെ വെളിച്ചത്തില്‍ സ്വന്തം ജീവിതത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കണമെന്ന് തോന്നിയെന്ന വാക്കുകളോടെയാണ് സ്വന്തം ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയും അതിനെ അടിയുറച്ച തീരുമാനവും പ്രാര്‍ത്ഥനയും കൊണ്ടും അതിജീവിച്ച സംഭവം അദ്ദേഹം വിവരിക്കുന്നത്. ഡൗൺ സിൻഡ്രോം ഉള്ള കുട്ടിയാണെങ്കിലും മനുഷ്യജീവനല്ലേ എന്ന തിരിച്ചറിവിൽ ഡോക്ടറോട് കാര്യം വ്യക്തമാക്കിയതടക്കമുള്ള കാര്യങ്ങള്‍ ഹൃദയസ്പര്‍ശിയായ രീതിയിലാണ് ടോം കുറിച്ചിരിക്കുന്നത്. തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ദൈവത്തിലുള്ള വിശ്വാസം, ഒരു കുഞ്ഞ് ജീവനെ നശിപ്പിക്കരുതെന്ന തോന്നല്‍, സഭ പകർന്നു നൽകിയ പാഠം എന്നിവയൊക്കെയാകാമെന്നും ടോം പറയുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ജീവന്റെ മഹത്വത്തെ സംബന്ധിച്ചുള്ള കുറിപ്പ് ചോദ്യം ചെയ്യാന്‍ വരുന്നവര്‍ക്ക് ശക്തമായ താക്കീത് കൊടുത്തുക്കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മാധ്യമ പ്രവർത്തകർ പുരോഗമനവാദികളല്ലേ, ഇത്തരം വിശ്വാസപ്രമാണങ്ങളെ കൂട്ടുപിടിക്കാമോ എന്ന് ഉള്ളിൽ ചോദിക്കുന്നവരോട് മറുപടി ഒന്നേയുള്ളൂവെന്നും എനിക്ക് എൻ്റേതായ വിശ്വാസമുണ്ട്, രാഷ്ട്രീയമുണ്ട്, കാഴ്ചപ്പാടുകളുണ്ടെന്നും എന്നാല്‍ മാധ്യമപ്രവർത്തനം സ്വതന്ത്രമായിരിക്കുമെന്നാണ് അദ്ദേഹം അവസാനമായി കുറിച്ചിരിക്കുന്നത്.

ടോം ജോസഫിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ‍

ലക്ഷ്മൺ ഉത്തേഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം "മിമി" റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ഭ്രൂണഹത്യക്കെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്. വാടക ഗർഭപാത്രം അന്വേഷിച്ചെത്തിയ രണ്ട് അമേരിക്കൻ ദമ്പതികളിൽ നിന്ന് തുടങ്ങുന്ന കഥ. അവർ മിമി എന്നൊരു പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നും ഇതിനായി കണ്ടെത്തുന്നു. 20 ലക്ഷം രൂപ അവർ പ്രതിഫലമായി വാഗ്ദാനം ചെയ്തു. അങ്ങനെ ഐവിഎഫ് പ്രക്രിയയിലൂടെ മിമി ഗർഭിണിയായി. ഇതിനിടയിലാണ് മിമിയുടെ ഉദരത്തിൽ ഉള്ള കുട്ടിക്ക് ഡൗൺ സിൻഡ്രോം ആണെന്ന് അമേരിക്കൻ ദമ്പതികൾ അറിയുന്നത്. ആ കുട്ടിയെ തങ്ങൾക്ക് വേണ്ടെന്നും, ഭ്രൂണഹത്യ ചെയ്യുന്നതാണ് ഉചിതമെന്ന് മിമിയോട് നിർദ്ദേശിക്കുകയും ചെയ്തതിനുശേഷം അവർ തിരിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ മിമി തന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിനെ നശിപ്പിക്കാൻ തയ്യാറായില്ല.



ഏതാനും നാളുകൾക്ക് ശേഷം ഡൗൺ സിൻഡ്രോം ബാധിക്കുമന്ന് ഡോക്ടർമാർ വിധിയെഴുതിയ കുട്ടി പൂർണ്ണ ആരോഗ്യവാനായി ജനിച്ചു. ഏതാനും നാളുകൾക്ക് ശേഷം ഇരുവരെയും സമൂഹ മാധ്യമങ്ങളിൽ അവിചാരിതമായി കണ്ട അമേരിക്കൻ ദമ്പതികൾ തങ്ങളുടെ കുട്ടിയെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെത്തി. ഒടുവിൽ വേദനയോടെ ആണെങ്കിലും കുട്ടിയെ തിരികെ നൽകാമെന്ന് മിമി പറഞ്ഞു. ആ കുട്ടിയും ഗർഭം നൽകിയ മിമിയും തമ്മിലുള്ള സ്നേഹം കണ്ടതോടെ അവർ പിന്മാറുകയും മറ്റൊരു കുട്ടിയെ ദത്തെടുത്ത് അമേരിക്കയിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നു. ഇവിടെയാണ് ചിത്രം അവസാനിക്കുന്നത്.

ഈ സിനിമാ കഥ കേട്ടപ്പോൾ സ്വന്തം ജീവിതത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കണമെന്ന് തോന്നി. അതാണ് ഇവിടെ കുറിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏത് ദമ്പതികളും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു കുഞ്ഞ്. എൻ്റെ ഭാര്യ പിങ്കു, ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച് അഞ്ചാം മാസത്തെ സ്കാനിങ്ങിലാണ് ഉദരത്തിലുള്ള കുട്ടിക്ക് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിക്കുന്നതാകും ഉചിതമെന്നും ഇല്ലെങ്കിൽ ഈ കുട്ടി ഭാവിയിൽ നിങ്ങൾക്ക് ബാധ്യതയാകുമെന്നും ഡോക്ടർ വിശദീകരിച്ചു.

ഇത് കേട്ടതോടെ പൊട്ടിക്കരഞ്ഞ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് പോലും കഴിയാത്ത അവസ്ഥ. ഉടൻ എൻ്റെ മമ്മിയെയും പിങ്കുവിൻ്റെ അമ്മയെയും വിളിച്ച് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ മറ്റൊന്നും ചിന്തിച്ചില്ല, ഡൗൺ സിൻഡ്രോം ഉള്ള കുട്ടിയാണെങ്കിലും മനുഷ്യജീവനല്ലേ എന്ന തിരിച്ചറിവിൽ ഞങ്ങൾ ഡോക്ടറോട് കാര്യം വ്യക്തമാക്കി, ഈ ഗർഭധാരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അത് ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസമാകാം, ഒരു കുഞ്ഞ് ജീവനെ നശിപ്പിക്കരുതെന്ന തോന്നലാകാം, ഞങ്ങളുടെ സഭ പകർന്നു നൽകിയ പാഠമാകാം.

പിന്നീടുള്ള നാലു മാസം ഉള്ളിൽ തീയുമായാണ് കഴിഞ്ഞത്. പക്ഷെ ദൈവം നല്ലത് മാത്രമേ തരൂ എന്ന വിശ്വാസം മുറുകേ പിടിച്ചു. നിരവധി പേരുടെ പ്രാർത്ഥന (ഞങ്ങളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, വൈദീകർ - പ്രത്യേകിച്ച് ഷിബു അച്ചൻ, ബിജിൽ അച്ചൻ).. പ്രാർത്ഥനയുടെ നാളുകൾക്ക് ശേഷം 2016 ജനുവരി 22 ന് ഞങ്ങളുടെ മിലു (മിറേല - മിറക്കിൾ ഓഫ് ഗോഡ്) ജനിച്ചു. പൂർണ്ണ ആരോഗ്യവതി... ദൈവത്തോടുള്ള വിശ്വാസത്തിൽ ശാസ്ത്രം തോറ്റതാകാം... (ഉള്ളിൽ വിമർശിക്കുന്നവരോട് വിനയത്തോടെ പറയട്ടേ, അത് ഞങ്ങളുടെ വിശ്വാസമാണ്).... ഇന്ന് കുഞ്ഞനിയൻ മിക്കുവിനൊപ്പം അവൾ കളിച്ച് ആഘോഷിച്ച് നടക്കുന്നു... ഓൺലൈനിൽ ആണെങ്കിലും ഒന്നാം ക്ലാസുകാരിയായി.

കൂടുതൽ കുട്ടികളുടെയും ഭ്രൂണഹത്യയുടെയും പേര് പറഞ്ഞ് വിമർശിക്കുന്നവരോട് പ്രത്യേകിച്ച് മറുപടിയില്ല. പക്ഷെ ഞങ്ങളുടെ അനുഭവം ഒരു സാക്ഷ്യമായി പങ്കുവയ്ക്കുകയാണ്. ഗർഭത്തിലുള്ള കുഞ്ഞിനും ജീവനുണ്ടെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്ന് മാത്രമാണ് അപേക്ഷ. പക്ഷെ പരീക്ഷണ ഘട്ടത്തിൽ വിശ്വാസത്തെ മുറുകെ പിടിച്ച് ധീരമായ തീരുമാനമെടുത്ത പ്രിയപ്പെട്ട പിങ്കു, എല്ലാത്തിനും പ്രാർത്ഥനയോടെ പിന്തുണ നൽകിയ മമ്മി, ചാച്ചൻ, അമ്മ, സഹോദരങ്ങൾ...... എല്ലാവരോടും ഒരുപാട് സ്നേഹം. ദൈവത്തിന് ഒരായിരം നന്ദി... ഒപ്പം അനുഗ്രഹിക്കപ്പെട്ട മിലുവിനെയും മിക്കുവിനെയും ചേർത്തുപിടിക്കുന്നു.

[മാധ്യമ പ്രവർത്തകർ പുരോഗമനവാദികളല്ലേ, ഇത്തരം വിശ്വാസപ്രമാണങ്ങളെ കൂട്ടുപിടിക്കാമോ എന്ന് ഉള്ളിൽ ചോദിക്കുന്നവരോട് മറുപടി ഒന്നേയുള്ളൂ... എനിക്ക് എൻ്റേതായ വിശ്വാസമുണ്ട്, രാഷ്ട്രീയമുണ്ട്, കാഴ്ചപ്പാടുകളുണ്ട്.... അതൊന്നും തൊഴിലിടത്ത് പ്രകടിപ്പിക്കില്ല, മാധ്യമപ്രവർത്തനം സ്വതന്ത്രമായിരിക്കും]

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »