India - 2025

ബസ് സ്റ്റാന്‍ഡുകളില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്ന് സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി

പ്രവാചകശബ്ദം 08-09-2021 - Wednesday

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി. മദ്യ വില്‍പ്പനശാലകള്‍ തുറക്കാനുള്ള നീക്കവുമായി മുന്നോട്ടു പോയാല്‍ പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അടുത്തമാസം ഒന്നിനു സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം.

വില്‍പ്പനശാലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ കോടതിയെ സമീപിക്കും. ഇതിനായി എല്ലാ സഭകളുടെയും പിന്തുണതേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലായിടത്തും മദ്യം ലഭ്യമാക്കി കേരളത്തെ മദ്യത്തില്‍ മുക്കിത്താഴ്ത്തി ലഹരി ഭീകരതയാണ് നടക്കുന്നത്. ജനങ്ങളുടെ സമാധാന അന്തരീക്ഷം കളയുവാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍ക്കാരിന്റെ മദ്യനയം ജനഹിതമല്ല. ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ചെയ്യുന്നത് വേദനാജനകമാണ്.

കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷതവഹിച്ചു, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, മദ്യ വര്‍ജന സമിതി ജനറല്‍ സെക്രട്ടറി റവ. അലക്‌സ് പി. ഉമ്മന്‍, പ്രഫ. സാബു ഡി. മാത്യു, ഫാ. മാത്യു കിഴക്കെഅറിഞ്ഞാണിയില്‍, കോശി മാത്യു, റവ. മാത്യൂസ് പി. ഉമ്മന്‍, റവ. ജേക്കബ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »