Youth Zone - 2024

കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം: ഒടുവില്‍ ബിഷപ്പ് പറഞ്ഞത് പരോക്ഷമായി ശരിവെച്ച് സി‌പി‌എം

പ്രവാചകശബ്ദം 17-09-2021 - Friday

കൊച്ചി: പ്രഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഎം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി സിപിഎം നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. യുവജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവുമായി പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നു പറഞ്ഞപ്പോൾ വിമർശിച്ച കേന്ദ്രങ്ങളിൽനിന്നു തന്നെ സമാനമായ സൂചനകളോടെ കുറിപ്പ് പുറത്തുവന്നതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തില്‍ നിന്നു തന്നെ തീവ്രവാദത്തിലേക്ക് യുവതികളെ കൂട്ടിക്കൊണ്ടു പോയ അപകടകരമായ സംഭവങ്ങളെ മുന്‍ നിര്‍ത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കുറിപ്പ്.

ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുണ്ടെന്ന് മനസ്സിലാക്കണമെന്നും മാധ്യമം പത്രം മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടും ഇവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

"മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്". കുറിപ്പില്‍ പറയുന്നു.

ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നും പരാമര്‍ശമുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നും വര്‍ഗീയവാദികളുടെ കയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടല്‍ നടത്തേണ്ടതെന്നുംസംഘപരിവാര്‍ തീവ്ര നിലപാടുകളെ സൂക്ഷിക്കണമെന്നും പാര്‍ട്ടി നല്‍കിയ കുറിപ്പില്‍ ജാഗ്രത നിര്‍ദേശമുണ്ട്.

നേരത്തെ, മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞെങ്കിലും മുസ്ലിം സംഘടനകള്‍ സംഘടിതമായി ബിഷപ്പിനെതിരെ രംഗത്തുവന്നിരിന്നു. പറഞ്ഞത് തീവ്ര നിലപാടുള്ളവരെ കുറിച്ചായിരിന്നുവെങ്കിലും ഇതിനെതിരെ സംഘടിതമായ വിമര്‍ശനവുമായി രംഗത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരിന്നു. ഇതിനിടെ സി‌പി‌എം പുറത്തുവിട്ട കുറിപ്പിലും യുവതികളെ കെണിയില്‍ വീഴ്ത്താന്‍ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »