Social Media - 2021

ലാ സാലെറ്റിലെ മാതാവിന്റെ പ്രത്യക്ഷീകരണവും സന്ദേശവും

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 19-09-2021 - Sunday

പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു . സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതി ചെയ്യുന്നത്.11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14 വയസ്സുള്ള മെലാനി കാൽവാട്ടിനോയും ആയിരുന്നു ആ കുട്ടികൾ.

കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീയെ കണ്ടപ്പോൾ കുട്ടികൾ അടുത്തെത്തി . അവരെ കണ്ടപ്പോൾ, " സ്ത്രീ" എഴുന്നേറ്റു നിന്ന് ഫ്രഞ്ച് ഭാഷയിലും പ്രാദേശിക ഭാഷയിലും അവരോടു സംസാരിച്ചു. അതിനുശേഷം, ആ സ്ത്രീ കുത്തനെയുള്ള പാതയിലൂടെ നടന്നുപോയി. കുട്ടികൾ പറയുന്നതനുസരിച്ച്, സ്ത്രീയുടെ കഴുത്തിൽ അണിഞ്ഞിരുന്ന കുരിശിൽ ഒരു പ്രകാശം പുറപ്പെട്ടിരുന്നു. ഈ സംഭവം നാട്ടിലെങ്ങും പെട്ടന്നു പരക്കുകയും തീർത്ഥാടകർ അങ്ങോട്ടു പ്രവഹിക്കുകയും ചെയ്തു.

ക്രിസ്തുവിലേക്ക് എല്ലാവരും തിരിയുക എന്നതാണ് ലാ സലെറ്റെയുടെ ദർശനങ്ങളുടെ കേന്ദ്ര സന്ദേശം. പ്രാർത്ഥന, ഞായറാഴ്ച കുർബാന , നോമ്പുകാല പരിത്യാഗം, ഞായറാഴ്ച ആചരണം എന്നിവയെക്കുറിച്ച് മാതാവു സംസാരിച്ചു. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായി ഫ്രാൻസിലെ വിശ്വാസ ജീവിതത്തിൽ ഇടിവു സംഭവിച്ചിരുന്നു. 1800 കളുടെ മധ്യത്തിൽ, വിശുദ്ധ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവു സംഭവിച്ചിരുന്നു.

കുട്ടികളുടെ വിവരണമനുസരിച്ച്, ആഴ്ചയുടെ ഏഴാം ദിവസം വിശ്രമദിനമായി മാനിക്കാനും ദൈവനാമത്തെ ബഹുമാനിക്കാനും കന്യക ആളുകളെ ക്ഷണിച്ചു. വരാനിരിക്കുന്ന ദൈവ കോപത്തെ കുറിച്ച് അവൾ ദുഃഖത്തോടെ മുന്നറിയിപ്പുനൽകി, പ്രത്യേകിച്ച് വലിയൊരു ഭക്ഷ്യക്ഷാമം വരുന്നതായും അറിയിച്ചു.

അവസാനമായി പരിശുദ്ധ മറിയം ഇപ്രകാരം പറഞ്ഞു: “എന്നിരുന്നാലും, ആളുകൾ അനുതപിച്ചാൽ കല്ലുകളും പാറകളും ഗോതമ്പിന്റെ കൂമ്പാരങ്ങളായി മാറും. എന്റെ മക്കളേ, നിങ്ങൾ ഇത് എല്ലാവർക്കുമായി അറിയിക്കണം. ”

പിന്നീട് 1846–1847 വർഷത്തിനിടയിൽ ശീതകാലത്തിനു തൊട്ടുമുമ്പായി യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിലും അയർലണ്ടിലുമായി വലിയൊരു ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ കന്യക നൽകിയ ഈ സന്ദേശത്തെ യൂറോപ്പിലെ ജനങ്ങൾ കൂടുതൽ ഭക്തിയോടും ഗൗരവ്വത്തോടും കൂടെ ശ്രദ്ധിക്കാൻ തുടങ്ങി.

അഞ്ചുവർഷത്തെ അന്വേഷണത്തിന് ശേഷം ഗ്രെനോബിളിലെ ബിഷപ്പ് ഫിലിബർട്ട് ഡി ബ്രൂയിലാർഡ് ഈ മരിയൻ പ്രത്യക്ഷത്തിന്റെ ആധികാരികത അംഗീകരിച്ചു. “ഇത് സത്യത്തിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നു,” എന്നദ്ദേഹം പറഞ്ഞു. 1865-ൽ ഒരു പള്ളി പണിയാൻ അദ്ദേഹം അനുമതി നൽകി. 1879-ൽ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ അതിനെ ഒരു ബസിലിക്കയുടെ തലത്തിലേക്ക് ഉയർത്തി. 1852-ൽ മിഷനറീസ് ഓഫ് ലാ സാലെറ്റും 1872-ൽ സഹോദരിമാരുടെ ഒരു സഭയും സ്ഥാപിതമായി. വിശുദ്ധ ജോൺ വിയാനി തുടക്കത്തിൽ ഈ പ്രത്യക്ഷീകരണം അംഗീകരിക്കാൻ മടിച്ചുവെങ്കിലും പിന്നീട്‌ അതിൻ്റെ തീവ്ര പിന്തുണക്കാരനായി.

ലാ സാലെറ്റിന്റെ മാതാവിൻ്റെ സന്ദേശങ്ങൾ യൂറോപ്പ് ക്രൈസ്തവ ഇതര രാജ്യങ്ങളായി മാറുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്. ഫ്രാൻസിലെ കത്തോലിക്കരിൽ 5% പേർ മാത്രമാണ് ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുള്ളു. 2004 ൽ ഫ്രാൻസ് എല്ലാ മതചിഹ്നങ്ങളുടെയും ഉപയോഗം സ്കൂളുകളിൽ നിരോധിച്ചു. ഫ്രാൻസിലെ പള്ളികൾ നശിപ്പിക്കപ്പെടുന്നതും തിരുസ്വരൂപങ്ങൾ തകർക്കുന്നതും പതിവായി. “സഭയുടെ മൂത്ത മകൾ” എന്നറിയപ്പെടുന്ന ഫ്രാൻസ് മതേതരത്വത്തിൻ്റെ പേരിൽ ക്രിസ്തുവിനെ മറക്കുമ്പോൾ സഭ യാകുന്ന അവൻ്റെ മണവാട്ടി അനുഭവിക്കുന്ന വേദന വലുതാണ്.

ഓരോ വ്യക്തിയും ധാർമ്മിക ജീവിതം നയിക്കാനും ദൈവഹിതം പിന്തുടരാനും അതുവഴി തിരുസഭ മാതാവിനെ സ്നേഹിക്കുവാനും ലാസലെറ്റു മാതാവു നമ്മെ ക്ഷണിക്കുന്നു.


Related Articles »