Faith And Reason - 2024

"ക്രൈസ്തവ വിശ്വാസത്തില്‍ തനിക്ക് അഭിമാനം": ന്യൂ സൗത്ത് വെയിൽസിന്റെ പുതിയ പ്രീമിയർ പെറോറ്റെറ്റ്

പ്രവാചകശബ്ദം 06-10-2021 - Wednesday

ന്യൂ സൗത്ത് വെയിൽസ്: ക്രൈസ്തവ വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളും മുറുകെ പിടിക്കുന്ന ഓസ്ട്രേലിയയിലെ ഡൊമിനിക് പെറോറ്റെറ്റ് എന്ന ലിബറൽ പാർട്ടി അംഗം ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ പുതിയ പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രീമിയർ ആയിരുന്ന ഗ്ലാഡിസ് ബെർജിക്ലിയാൻ രാജിവെച്ച ഒഴിവിലാണ് ചൊവ്വാഴ്ച അദ്ദേഹം പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഓസ്ട്രേലിയയില്‍ സംസ്ഥാന സർക്കാരിന്റെ നേതാവിനെയാണ് പ്രീമിയർ എന്ന് വിളിക്കുന്നത്. തന്റെ ക്രൈസ്തവ വിശ്വാസത്തെ പറ്റി അഭിമാനമുണ്ടെന്നും, അത് പ്രീമിയർ എന്ന നിലയിൽ പ്രവർത്തിക്കാൻ വിഘാതമാണെന്ന് തോന്നുന്നില്ലെന്നും ഡൊമിനിക് പെറോറ്റെറ്റ് പറഞ്ഞു. മതവിശ്വാസം ഏതായാലും, എല്ലാ ആളുകളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

പതിമൂന്നു മക്കളുള്ള യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ന്യൂ സൗത്ത് വെയിൽസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറാണ് 39 വയസ്സുകാരനും, ആറു കുട്ടികളുടെ പിതാവുമായ ഡൊമിനിക് പെറോറ്റെറ്റ്. സംസ്ഥാനത്തെ മറ്റുള്ള ആളുകളെ പോലെ തന്നെ തന്റെ ക്രൈസ്തവ വിശ്വാസത്തെ പറ്റി തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആഴമേറിയ ക്രൈസ്തവ വിശ്വാസം നിരവധി തവണ പരസ്യമായി ഏറ്റുപറഞ്ഞ പെരോറ്റെറ്റ് ഗര്‍ഭഛിദ്രം അടക്കമുള്ള ധാര്‍മ്മിക മൂല്യച്യുതികളെ ശക്തമായി എതിര്‍ത്തിരിന്നു.

2019 ൽ സ്വവർഗ ലൈംഗികതയെ എതിർക്കുന്ന ബൈബിൾ വചനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിന്റെ പേരിൽ റഗ്ബി താരം ഇസ്രയേൽ ഫോലുവിനെ ഓസ്‌ട്രേലിയൻ ടീമിൽനിന്ന് പുറത്താക്കിയപ്പോൾ അദ്ദേഹത്തിന് പരസ്യമായി പിന്തുണയുമായി പെരോറ്റെറ്റ് രംഗത്തെത്തിയിരിന്നു. ദൈവവിശ്വാസികളുടെ, വിശ്വാസം മറച്ചുവെക്കാൻ തയാറായില്ലെങ്കിൽ അവരെ പൊതുജീവിതത്തിൽനിന്ന് തച്ചുടയ്ക്കുന്ന പ്രവണത ശക്തിപ്രാപിക്കുന്നുവെന്ന പ്രതികരണമാണ് പെറോറ്റെറ്റ് അന്ന് നടത്തിയത്. 2011 മുതൽ സംസ്ഥാനത്തെ പാർലമെന്റ് അംഗമാണ് പെറോറ്റെറ്റ്.

More Archives >>

Page 1 of 59