Social Media - 2024

ചർച്ചയാകാതെ പോകുന്ന പുസ്തകങ്ങളും വെളിപ്പെടുത്തലുകളും

കെസിബിസി ഐക്യജാഗ്രത കമ്മീഷൻ 12-10-2021 - Tuesday

2021 സെപ്റ്റംബറിൽ, താമരശ്ശേരി രൂപതയുടെ മതബോധന വിഭാഗം കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഒരു ഉപപാഠപുസ്തകം വലിയ വിവാദമായിരുന്നു. പ്രണയക്കെണികളിലും മയക്കുമരുന്നിലും മറ്റും യുവജനങ്ങളെ അകപ്പെടുത്തുന്ന ചില പദ്ധതികൾക്കെതിരെയുള്ള ജാഗ്രതാ നിർദ്ദേശത്തിൻറെ ഭാഗമായി, ചുറ്റും സംഭവിക്കുന്ന കാഴ്ചകളുടെ വെളിച്ചത്തിൽ ചില വസ്തുതകൾ അതിൽ വെളിപ്പെടുത്തിയിരുന്നതാണ് വിവാദമായി മാറിയത്. പാലാ രൂപതാ മെത്രാനായ മാർ ജോസഫ് കല്ലറങ്ങാട്ട് തൻറെ പ്രസംഗത്തിൽ പരാമർശിച്ച സൂചനകളെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് സമാനമായി താമരശ്ശേരി രൂപതയുടെ പുസ്തകവും വലിയ കോലാഹലങ്ങൾക്ക് വഴിവച്ചു. തുടർന്ന് ഇസ്ലാം നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറായ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് പുസ്തകത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുവാൻ സന്നദ്ധനാവുകയും ചെയ്തു. എന്നാൽ, കത്തോലിക്കാ സഭ ആസൂത്രിതമായി വർഗീയത പ്രചരിപ്പിക്കുന്നു എന്നാണ് ഈ അവസരങ്ങളിലെല്ലാം സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആരോപണങ്ങൾ ഉയർന്നത്.

കേരളം മുമ്പ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള വലിയ വിവാദങ്ങൾ ഇത്തരം കാര്യങ്ങളെ ചൊല്ലി നടക്കുമ്പോഴും, ഗൗരവമുള്ള ചില വിഷയങ്ങളും ഗ്രന്ഥങ്ങളും മറ്റും പൊതുസമൂഹത്തിൽ യാതൊരു ചർച്ചയ്ക്കും ഇടയാകാതെ പോകുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. അടുത്ത നാളുകളിലായി സമൂഹമാധ്യമങ്ങളിൽ ചിലർ പരാമർശിച്ചുകണ്ട 'വിജയത്തിൻറെ വാതിൽ, വാളിൻറെ തണലിൽ' എന്ന ഗ്രന്ഥം ഒരു ഉദാഹരണമാണ്. ഇബൻ നുഹാസ് എന്ന് അറിയപ്പെടുന്ന ഈജിപ്ഷ്യൻ ഇമാം അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്ക്വി അൽ ദുമയന്തി പതിനഞ്ചാം നീറ്റാണ്ടിൽ രചിച്ച 'മഷാറി അൽ അഷ്വാക് ഇലാ മസാരി അൽ ഉഷാക്' എന്ന പുസ്തകത്തിൻറെ പരിഭാഷയാണ് ഇത്. ദേശദ്രോഹപരവും മതതീവ്രവാദപരവും ആയ ഉള്ളടക്കങ്ങൾ ഉള്ള, മതവിദ്വേഷം പരത്തുന്ന ഈ പുസ്തകം യുവാക്കളെ വഴിതെറ്റിക്കുമെന്നും തീവ്രവാദ സംഘടനകളിൽ ചേരാൻ കാരണമാകുമെന്നുമുള്ളതിനാൽ അത് നിരോധിക്കണമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും, ഇപ്പോഴത്തെ ഡിജിപി അനിൽ കാന്തും സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്തിട്ടുള്ളതാണ്.

2020 ഡിസംബർ 23നാണ് ഈ ഗ്രന്ഥം നിരോധിക്കണമെന്ന് ബെഹ്റ സർക്കാരിനോട് ആവശ്യപ്പെട്ടത്. 2021 ജൂലൈ 21ന് അനിൽ കാന്തും അതേ ആവശ്യം ഉന്നയിക്കുകയുണ്ടായി. രണ്ടു ഡിജിപിമാരുടെ ശിപാർശ ഉണ്ടായിട്ടും ഇനിയും വ്യക്തമായൊരു തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ആ പുസ്തകത്തെക്കുറിച്ച് അന്വേഷിക്കാൻ കാലാവധി വ്യക്തമാക്കാതെ ഒരു കമ്മീഷനെ നിയോഗിക്കുക മാത്രമാണ് സർക്കാർ നിലവിൽ ചെയ്തിരിക്കുന്നത്.

മുന്നൂറിൽപരം പേജുകളുള്ള ഈ ഗ്രന്ഥം പിഡിഎഫ് രൂപത്തിലും അല്ലാതെയും ലഭ്യമാണ്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണെന്നത് വ്യക്തമല്ല. ഒരു പണ്ഡിതൻ എന്നതിനൊപ്പം, മുജാഹിദും (ജിഹാദ് ചെയ്യുന്നവൻ) റോമൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ പതിനഞ്ചാം നൂറ്റാണ്ടിൽ കൊല്ലപ്പെട്ട വ്യക്തിയുമാണ് ഈ ഗ്രന്ഥത്തിൻറെ രചയിതാവായ ഇമാം നുഹാസ്. ജിഹാദിനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മികച്ച ഗ്രന്ഥമായാണ് 20ാം നൂറ്റാണ്ടിൽ ജിഹാദി പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ച ഷെയ്ക്ക് അബദുള്ള അസാം ഇതിനെ ചിത്രീകരിച്ചിട്ടുള്ളത്.

എന്താണ് ജിഹാദ് എന്നും എങ്ങനെയാണ് അത് ചെയ്യേണ്ടതെന്നും അതെങ്ങനെയാണ് ഇസ്ലാം മതവിശ്വാസികളുടെ കടമയാകുന്നതെന്നും തുടങ്ങിയ വിഷയങ്ങൾ ഖുറാൻ വചനങ്ങളുടെയും മറ്റ് ഇസ്ലാമിക പ്രബോധനങ്ങളുടെയും, മുൻകാലങ്ങളിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതരുടെ വാക്കുകളിലൂടെയും വ്യക്തമായി വിവരിച്ചിരിക്കുന്ന ആ ഗ്രന്ഥം ഇന്ന് ഈ ലോകത്തിൽ നടക്കുന്ന ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നുണ്ട്. അതോടൊപ്പം, ഇസ്ലാം വിശ്വാസികളെ ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതുമാണ് ഇതിൻറെ ഉള്ളടക്കം. ഇതേ കാരണത്താലാണ് ഈ ഗ്രന്ഥം നിരോധിക്കണമെന്ന് പോലീസ് മേധാവിമാർ ആവശ്യപ്പെട്ടിട്ടുള്ളത്.

മുൻവർഷങ്ങളിലും സമാനസ്വഭാവമുള്ള ചില പുസ്തകങ്ങൾക്കെതിരെ പോലീസ് സർക്കാരിന് റിപ്പോർട്ട് നൽകുകയും അപൂർവ്വമായ ചില നടപടികൾ സ്വീകരിക്കുകയും ഉണ്ടായിട്ടുണ്ട്. ഓരോ കാലങ്ങളിലും കേരളത്തിൽ നടന്നിട്ടുള്ള വിവിധ ഭീകര പ്രവർത്തനങ്ങൾക്ക് (തടിയൻറവിട നസീറിൻറെ നേതൃത്വത്തിൽ കാഷ്മീരിലേക്കു തീവ്രവാദികളെ തിരഞ്ഞെടുത്ത സംഭവം, കോഴിക്കോട്ട് നടന്ന ഇരട്ട ബോംബ് സ്ഫോടനം, പ്രൊഫ. ജോസഫിൻറെ കൈവെട്ട് തുടങ്ങിയവ) പ്രചോദനമായത് ഇത്തരം ചില പുസ്തകങ്ങളാണ് എന്ന വിലയിരുത്തലിൽ അതത് കാലങ്ങളിൽ പോലീസ് എത്തിച്ചേർന്നിട്ടുണ്ട്.

അത്തരം അന്വേഷണങ്ങളുടെ വെളിച്ചത്തിൽ ചില റെയ്ഡുകൾ നടക്കുകയും പുസ്തകങ്ങൾ പിടിച്ചെടുത്ത് പ്രസാധകർക്കെതിരെ കേസെടുക്കുകയുമുണ്ടായിട്ടുണ്ട്. 2013 സെപ്റ്റംബർ നാലിന് പോലീസ് തിരൂരങ്ങാടിയിലെ ഒരു ബുക്ക് സ്റ്റാൾ റെയ്ഡ് ചെയ്ത് 'ദാവത്തും ജിഹാദും' എന്ന പുസ്തകം പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള പുസ്തകങ്ങൾ വ്യാപകമായി സമൂഹത്തിൽ പ്രചരിക്കുന്നുണ്ട് എന്നത് വ്യക്തമായിട്ടും, അതെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനോ നടപടികൾ സ്വീകരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. ഇത്തരം വിഷയങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളും പൂർണ്ണ നിശബ്ദതയാണ് എക്കാലവും പുലർത്തുന്നത് എന്നുള്ളതും കൗതുകകരമാണ്.

ഇത്തരത്തിൽ കേരളസമൂഹത്തിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് കത്തോലിക്കാ സഭാനേതൃത്വം വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുമ്പോൾ മാത്രമാണ് പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുള്ളത് എന്നുള്ളതാണ് വിചിത്രമായ കാര്യം. അതേസമയം, മറ്റുചില പ്രധാന വ്യക്തിത്വങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഇക്കാര്യം പറയുമ്പോൾ വാർത്തകൾ പോലുമാകാതെ പോവുകയും ചെയ്യുന്നു. ഇസ്ലാമിക ഭീകരവാദത്തിൻറെയും തീവ്രവാദികളുടെയും സാന്നിധ്യം കേരളസമൂഹത്തിലുണ്ട് എന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് മുൻ ഡിജിപിയും വിരമിച്ചതിന് ശേഷമാണെങ്കിൽ പോലും, ചുരുങ്ങിയത് മൂന്ന് മുൻ ഡിജിപിമാരും വ്യക്തമാക്കിയിട്ടുണ്ട്.

അത്തരം വെളിപ്പെടുത്തലുകൾ സാധാരണയായി പലരും അവഗണിക്കുകയാണ് ഇതുവരെയും ചെയ്തിട്ടുള്ളത്. പാലാ രൂപതാദ്ധ്യക്ഷൻ ഒരു ദേവാലയത്തിൽ വിശ്വാസികളോട് മാത്രമായി പറഞ്ഞതും, ലോകം മുഴുവൻ തിരിച്ചറിയുന്നതുമായ ചില വസ്തുതകളെ ചൊല്ലി വലിയ വിവാദങ്ങൾക്കും പ്രതിഷേധപരമ്പരകൾക്കും തിരികൊളുത്തിയ വ്യക്തികളും സംഘടനകളും തുടങ്ങി ആരും തന്നെ മേൽപ്പറഞ്ഞ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചുകണ്ടിട്ടില്ല. ഇത്തരം വിചിത്രമായ നിലപാടുകളും പ്രതികരണ ശൈലികളിലെ കൗതുകകരമായ വ്യത്യാസങ്ങളും മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഈ വിഷയങ്ങളിലെ ഇരട്ടത്താപ്പുകളും പലതും പറയാതെ പറയുന്നുണ്ട്. ബുദ്ധിയും വിവേകവുമുള്ളവർ അതൊക്കെ മനസ്സിലാക്കുന്നുണ്ട് എന്നുള്ളത് നിശ്ചയം.

(കെസിബിസി ഐക്യജാഗ്രത കമ്മീഷൻ ജാഗ്രത ന്യൂസ് ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) ‍

More Archives >>

Page 1 of 30