Seasonal Reflections - 2024

സകല വിശുദ്ധരും വിശുദ്ധ യൗസേപ്പിതാവും

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 01-11-2021 - Monday

നവംബർ ഒന്നാം തീയതി സകല വിശുദ്ധന്മാരുടെയും തിരുനാൾ ആണ്. തിരുസഭയിലെ ഏതു വിശുദ്ധർക്കും മാതൃകയും പ്രചോദനവുമായിരുന്നു നസറത്തിലെ യൗസേപ്പിതാവ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു.

സ്വർഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തിൽ അടിസ്ഥാനമിട്ടതാണ്. വിശുദ്ധർ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സർവ്വവ്യാപികളോ സർവ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. "സ്വർഗത്തിൽ ക്രിസ്തുവിനോടു കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതൽ ദൃഢമായി വിശുദ്ധിയിൽ ഉറപ്പിക്കുന്നു. ... ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കൽ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ല.( CCC 956)

ക്രിസ്തുവിനോടുള്ള ഐക്യമാണ് വിശുദ്ധിയുടെ ഉരകല്ല്.ഈ ഐക്യം എത്രമാത്രം ശക്തമാണോ അത്രമാത്രം സുന്ദരമാകും ഓരോ വിശ്വാസിയുടെയും മുഖം. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിശുദ്ധിയിൽ മനോഹരമായി ശോഭിച്ചതായിരുന്നു യൗസേപ്പിതാവിൻ്റെ മുഖം. ആന്തരിക പരിശുദ്ധിയായിരുന്നു ആ വിശുദ്ധ ജീവിതത്തെ കൂടുതൽ ആകർഷകമാക്കിയത് വിശുദ്ധിയിലേക്കു വളരാനും വിശുദ്ധനും വിശുദ്ധയുമാകാനും സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ യൗസേപ്പിതാവ് തരുന്ന സൂത്രവാക്യം ഈശോയോടുള്ള വ്യക്തിബന്ധത്തിൽ ഓരോ നിമിഷവും ഐക്യപ്പെട്ടു വളരുക എന്നാണ്.

More Archives >>

Page 1 of 31