Seasonal Reflections - 2024

സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ച യൗസേപ്പിതാവും മാർട്ടിൻ ഡീ പോറസും

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 03-11-2021 - Wednesday

അമേരിക്കയിലെ ഫ്രാൻസീസ് അസ്സീസി എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ (1579-1639) തിരുനാൾ ദിനമാണ് നവംബർ 3. യൗസേപ്പിതാവിന്റെ വർഷത്തിലെ ഡീപോറസിൻ്റെ തിരുനാൾ ദിനത്തിൽ ഈശോയുടെ വളർത്തപ്പനെപ്പോലെ സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ച വിശുദ്ധ മാർട്ടിനെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കും. ഹുവാൻ ഡീ പോറസ് എന്ന ഒരു സ്പാനീഷ് പ്രഭുവായിരുന്നു മാർട്ടിന്റെ ശാരീരിക പിതാവ് പക്ഷേ അപമാനം ഭയന്നും സൽപ്പേരു സംരക്ഷണത്തിനുമായി അമ്മയായ അന്നാ വെലാസ് ക്യുവെസിനെയും അവരുടെ രണ്ടു മക്കളെയും ബോധപൂർവ്വം ഹുവാൻ മറന്നു.

മാർട്ടിനു എട്ടു വയസ്സുള്ളപ്പോഴാണ് ഹുവാൻ ഡീ പോറസ് മാർട്ടിനെ തന്റെ പുത്രനാണന്നു അംഗീകരിച്ചത്. ഭൂമിയിൽ തന്റെ സംരക്ഷണം ഏറ്റെടുക്കാൻ ജന്മം നൽകിയ പിതാവ് സന്നദ്ധനാകാത്തതിനാൽ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹത്തിലും കാരുണ്യത്തിലും ചെറുപ്പം മുതലേ കൊച്ചു മാർട്ടിൻ ആശ്രയിക്കാൻ തുടങ്ങി . ബാലനായിരിക്കുമ്പോൾ ദൈവാലയത്തിന്റെ സമീപത്തുകൂടി യാത്ര ചെയ്താൽ ദേവാലയത്തിന്റെ അകത്തു കയറി സ്വർഗ്ഗീയ പിതാവിനെ സന്ദർശിക്കുന്ന ഒരു അവസരവും മാർട്ടിൻ ഒഴിവാക്കിയിരുന്നില്ല.

പിതാവിന്റെ തിരസ്കരണം നിരാശയിലേക്കും വെറുപ്പിലേക്കും പ്രതികാരത്തിലേക്കും വഴുതിപ്പോകാതെ ക്ഷമയിലും സൗഖ്യത്തിലും മാർട്ടിനെ രൂപപ്പെടുത്തിയതു ദൈവ പിതാവിന്റെ സ്നേഹം ഇളം പ്രായത്തിലെ അനുഭവിച്ചതു മൂലമാണ്. സ്വർഗ്ഗീയ പിതാവിനെ സ്നേഹിച്ചു അവൻ്റെ പദ്ധതികൾ ഭൂമിയിൽ നൂറു ശതമാനം വിശ്വസ്തയോടെ നിറവേറ്റിയ വിശുദ്ധരായിരുന്നു യൗസേപ്പിതാവും വിശുദ്ധ മാർട്ടിനും. സ്വർഗ്ഗീയ താതനെ ജിവിത സർവ്വസ്വവുമായി സ്നേഹിക്കുവാനും അവൻ്റെ സംരക്ഷണയിൽ വളർന്നു വരാനും ഇന്നേ ദിനം നമുക്കു ശ്രമിക്കാം.

More Archives >>

Page 1 of 31