Faith And Reason

കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപം വഴികാട്ടിയായി: അന്ന് ഒളിവില്‍ കഴിഞ്ഞ യുവാവ് തിരുപ്പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 17-11-2021 - Wednesday

കന്ധമാല്‍: ഭാരതത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും തീരാത്ത കളങ്കമാക്കിയ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ കന്ധമാലില്‍ നിന്നും വീണ്ടും തിരുപ്പട്ട സ്വീകരണം. കന്ധമാല്‍ ജില്ലയിലെ ടിയാങ്ങിയ ഗ്രാമത്തില്‍ നിന്നുമുള്ള ബികാഷ് നായക് എന്ന ഇരുപത്തിയൊന്‍പതുകാരനാണ് ഇക്കഴിഞ്ഞ നവംബര്‍ 6-ന് പാട്ന മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ കല്ലുപുരയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തനായത്. നൂറിലേറെ ക്രൈസ്തവരെ നിഷ്കരുണം കൊലചെയ്യുകയും, മുന്നൂറിലധികം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും, ആയിരത്തിലേറെ ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് 2008-ല്‍ ഹിന്ദുത്വവാദികള്‍ നരനായാട്ട് നടത്തിയ ഒഡീഷയിലെ കന്ധമാല്‍ ഇന്നും ക്രൈസ്തവരുടെ ഉള്ളിലെ തീരാവേദനയാണ്.

ടിയാങ്ങിയ ഗ്രാമത്തില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഒന്‍പതാമത്തെ വൈദികനാണ് ഫാ. ബികാഷ്. ഇവരില്‍ ഏഴു പേരും 2008-ലെ കന്ധമാല്‍ കലാപത്തിന്റെ ഇരകളാണ്. നവംബര്‍ 13ന് സ്വന്തം ഗ്രാമമായ ടിയാങ്ങിയയില്‍ ഫാ. ബികാഷ് നായക് തന്റെ പ്രഥമ ബലിയര്‍പ്പണം നടത്തി. 2010-ല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള മാസി ഗുരുകുല്‍ സെമിനാരിയിലൂടെ വൈദീക പഠനം ആരംഭിച്ച ഫാ. ബികാഷ് നാഗ്പൂരിലും, ഡല്‍ഹിയിലുമായിട്ടാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. വര്‍ഗ്ഗീയ വാദികളുടെ പീഡനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ ദൈവരാജ്യത്തിനായി സ്വജീവിതം സമര്‍പ്പിക്കുവാനുള്ള തന്റെ ആഗ്രഹത്തെ തടയുവാന്‍ കഴിഞ്ഞില്ലായെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ഫാ. ബികാഷ് പറഞ്ഞു.

2008-ല്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണത്തിനിടെ തനിക്ക് കാട്ടില്‍ ഒളിവില്‍ കഴിയേണ്ടതായി വന്നുവെന്നും, വര്‍ഗ്ഗീയവാദികളുടെ ഇത്തരത്തിലുള്ള ഭീഷണികള്‍ യേശുവിന് സാക്ഷ്യം വഹിക്കുന്ന കാര്യത്തില്‍ തനിക്ക് ശക്തിപകരുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കട്ടക്ക്-ഭുവനേശ്വര്‍ രൂപതയുടെ ട്രഷററും, തന്റെ സ്വന്തം ഗ്രാമവാസിയും, ബന്ധുവുമായിരുന്ന ഫാ. ബെര്‍ണാര്‍ഡ് ഡിഗാല്‍ ആണ് തന്റെ പ്രചോദനമെന്നു ഫാ. ബികാഷ് പിന്നീട് പറഞ്ഞു.

വര്‍ഗ്ഗീയവാദികളുടെ കൈകളില്‍ നിന്നും ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തിയ തന്റെ മകനെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നായിരിന്നു ഫാ. ബികാഷിന്റെ അമ്മയുടെ പ്രതികരണം. തന്റെ മക്കളോടൊപ്പം ഭക്ഷിക്കാനോ പാനം ചെയ്യാനോ ഇല്ലാതെ കാട്ടില്‍ ചിലവഴിച്ച ഉറക്കമില്ലാത്ത രാത്രികള്‍ ഇപ്പോഴും തന്റെ ഓര്‍മ്മയില്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പോയി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും നവവൈദികന്‍ മറന്നില്ല. ബീഹാറിലെ ബക്സര്‍ രൂപതാ വൈദികനായിട്ടാണ് ഫാ. ബികാഷ് തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. 17 ഇടവകകള്‍ ഉള്ള ബക്സര്‍ രൂപതയില്‍ 19 വൈദികരും 33,000-ത്തോളം വിശ്വാസികളുമാണുള്ളത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »