News - 2024

പ്രാര്‍ത്ഥന സഫലം: ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയവരില്‍ ശേഷിക്കുന്ന 12 മിഷ്ണറിമാരും മോചിതരായി

പ്രവാചകശബ്ദം 17-12-2021 - Friday

പോര്‍ട്ട്‌-ഒ-പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ കുപ്രസിദ്ധ കുറ്റവാളി സംഘടനയായ ‘400 മാവോസോ’ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്റ്റ്യന്‍ എയിഡ് മിനിസ്ട്രീസിലെ 12 പേരും മോചിതരായി. ആകെ 17 പേരെയാണ് തട്ടിക്കൊണ്ടു പോയതെങ്കിലും 5 പേര്‍ നേരത്തെ മോചിതരായിരിന്നു. നീതിന്യായ പൊതുസുരക്ഷ മന്ത്രി ബെര്‍ട്ടോ ഡോഴ്സിയാണ് മോചന വാര്‍ത്ത അറിയിച്ചത്. വ്യാഴാഴ്ച രാവിലെ 5 മണിക്ക് മോര്‍ണെ കാബ്രിറ്റിന് സമീപത്തായിട്ടാണ് ബന്ധികളെ കണ്ടെത്തിയതെന്നു ഹെയ്തി സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. 400 മാവോസോ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ അടുത്ത് നിന്നും പ്രദേശവാസികളാണ് മിഷണറിമാരെ കണ്ടെത്തി പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ബന്ധികളില്‍ 2 പേര്‍ നവംബര്‍ 21നും, രണ്ടാഴ്ചകള്‍ക്ക് ശേഷം 3 പേരും മോചിതരായിരുന്നു.

ഒക്ടോബര്‍ 16-നാണ് ഹെയ്തിയിലെ പോര്‍ട്ട്‌ ഒ പ്രിന്‍സിന് സമീപമുള്ള ക്രോയിക്സ് ഡെസ് ബൊക്കെറ്റില്‍ നിന്നും 17 പേരടങ്ങുന്ന മിഷ്ണറി സംഘത്തെ കുറ്റവാളി സംഘം തട്ടിക്കൊണ്ടുപോയത്. 16 അമേരിക്കക്കാരും, ഒരു കാനഡ സ്വദേശിയും ഉള്‍പ്പെടുന്ന സംഘത്തില്‍ 8 മാസം പ്രായമുള്ള കുട്ടി മുതല്‍ 48 വയസ്സ് പ്രായമുള്ളവര്‍ വരെ ഉള്‍പ്പെട്ടിരുന്നു. മോചിതരായവര്‍ വളരെ ക്ഷീണിതരായിട്ടാണ് കാണപ്പെട്ടതെന്നും, വൈദ്യ പരിശോധനക്ക് വിധേയരാക്കിയതായും അധികൃതര്‍ അറിയിച്ചു. ബന്ധികളുടെ മോചനത്തിനായി ഓരോരുത്തര്‍ക്കും 10 ലക്ഷം ഡോളര്‍ വീതം നല്‍കണമെന്നാണ് 400 മാവോസോ സംഘം തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. മോചന ദ്രവ്യം നല്‍കിയാണ്‌ ബന്ധികളുടെ മോചനം സാധ്യമാക്കിയതെന്നു സൂചനകളുണ്ട്.

അതേസമയം മോചന ദ്രവ്യമായി കൊടുത്തതു എത്രയാണെന്ന് വ്യക്തമല്ല. 10 ലക്ഷത്തില്‍ നിന്നും വളരെ കുറഞ്ഞ തുകയാണ് മോചന ദ്രവ്യമായി നല്‍കിയതെന്നാണ് സൂചന. മിഷ്ണറിമാരുടെ മോചനത്തില്‍ ക്രിസ്റ്റ്യന്‍ എയിഡ് മിനിസ്ട്രീസ് ആഹ്ലാദം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടുവെന്നും, തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ മോചിതരാണെന്നും മിഷ്ണറിമാരുടെ മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സി.എ.എം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മിഷണറിമാര്‍ മോചിതരായ വാര്‍ത്തയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റും സ്വാഗതം ചെയ്തിട്ടുണ്ട്. മോചനം സാദ്ധ്യമാക്കിയതില്‍ ഹെയ്തിക്കും, അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ക്കും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നന്ദി അറിയിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »