Social Media

പി.ടി തോമസും ഗാഡ്ഗിൽ റിപ്പോർട്ടും കത്തോലിക്ക സഭയും

വി‌.ടി 23-12-2021 - Thursday

ഇടുക്കിയിൽ 2013ലുണ്ടായ ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങളും അവ്യക്തതകളും ഇന്നും നിലനിൽക്കുന്നുണ്ട്. മറ്റു പല വിഷയങ്ങളിലുമെന്നതുപോലെ അവസരം ലഭിക്കുമ്പോഴെല്ലാം ഈ വിഷയവും കൂടുതൽ സങ്കീർണ്ണമാക്കാനും മുതലെടുപ്പുകൾ നടത്താനും മുന്നോട്ടുവരുന്നവരെ പലപ്പോഴായി കണ്ടിട്ടുണ്ട്. 2012ൽ ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കർഷക സമൂഹത്തിൽ ഉടലെടുത്ത ആശങ്കകളുടെ തുടർച്ചയായി അരങ്ങേറിയ സംഭവ പരമ്പരകളായിരുന്നു അത്.

ഇടുക്കി ജില്ലയിലെ നിവാസികളിൽ വലിയൊരുവിഭാഗം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത ആശങ്കകൾ ഉള്ളവരുമായിരുന്നപ്പോൾ അവരുടെ പക്ഷത്തുനിന്ന് ചിന്തിക്കാനും ഇടപെടലുകൾ നടത്താനും ഇടുക്കി എംപി ആയിരുന്ന പി.ടി തോമസ് തയ്യാറായില്ല. എന്നാൽ, ആ ആശങ്കയെ ഏറ്റെടുത്ത് ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഇടുക്കി മെത്രാൻ മുന്നോട്ടുവരികയും ശക്തമായി ജനപക്ഷത്ത് നിന്ന് സംസാരിക്കുകയും ചെയ്തു.

വളരെ വേഗത്തിൽ ആ രണ്ടുപക്ഷങ്ങളിൽ ഒന്ന് പരിസ്ഥിതി സ്നേഹിയുടേതും മറ്റേത് പരിസ്ഥിതി വിരോധിയുടേതുമായി ചിത്രീകരിക്കപ്പെട്ടു. പരിസ്ഥിതി സ്നേഹം ഉണ്ടോ ഇല്ലയോ എന്നുള്ളതായിരുന്നില്ല യഥാർത്ഥ വിഷയം. കാരണം, പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്ത കർഷകരും സാധാരണക്കാരും വൈദികരും മെത്രാന്മാരും ഉണ്ടാവാനിടയില്ല. ഇവിടെ കർഷകർക്ക് ആശങ്ക സൃഷ്ടിച്ച, ജീവിതം വഴിമുട്ടുമെന്ന് അനേകർ ഭയപ്പെടാൻ കാരണമായ ചിലതുകൂടിയുണ്ടായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിലെ ചില നിർദ്ദേശങ്ങളായിരുന്നു അത്.

ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ ചില നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കർഷക സമൂഹത്തിൽ വലിയൊരു വിഭാഗത്തിനും കനത്ത ആശങ്കകൾ അക്കാലത്തുണ്ടായിരുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും കാര്യമായ പ്രതിനിഷേധങ്ങൾ അതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. 2013 നവംബറിൽ കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ ചില അക്രമസംഭവങ്ങൾ അരങ്ങേറുകപോലുമുണ്ടായി. എന്നാൽ, ഏറ്റവും വൈകാരികമായി മാറിയത് ഇടുക്കി ജില്ലയിലെ കർഷകരുടെ പ്രശ്നങ്ങളാണ്.

കാരണം പ്രസ്തുത റിപ്പോർട്ടുകളിലെ ചില നിർദ്ദേശങ്ങളനുസരിച്ച് പശ്ചിമഘട്ട മേഖലകളിൽ പുതുതായി പട്ടയം അനുവദിക്കാൻ സാധിക്കുകയില്ല. നിയമപ്രകാരം പട്ടയം അവകാശമായുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇനിയും പട്ടയം ലഭിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി ഇടുക്കിയിലുണ്ടായിരുന്നു. മറ്റു ജില്ലകളിൽ അത്തരം ഭൂമി താരതമ്യേന കുറവാണ്. നാലും അഞ്ചും പതിറ്റാണ്ടുകളായി അവിടെ ജീവിച്ചുവന്നിരുന്ന ആ കർഷകരുടെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ല. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കപ്പെട്ടാൽ നിലവിൽ പട്ടയം ലഭിച്ചിട്ടില്ലാത്ത കർഷകരെല്ലാം അനധികൃത കയ്യേറ്റക്കാരായി മാറും എന്നുള്ളത് തീർച്ചയായിരുന്നു.

അത് മാത്രമായിരുന്നില്ല ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകൾ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ആശങ്കകളും. പ്രഫ. മാധവ് ഗാഡ്ഗിലോ കസ്തൂരിരംഗനോ അർത്ഥമാക്കിയിട്ടില്ലെങ്കിൽ പോലും, നിയമങ്ങളും നിയന്ത്രണങ്ങളും സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടാനുള്ള സാധ്യത പരക്കെ ആശങ്കകൾക്ക് ഇടനൽകി. 900 കിലോമീറ്റർ നീണ്ടുകിടക്കുന്ന പശ്ചിമ ഘട്ട മേഖലയെ പൊതുവായിക്കണ്ട് നിയന്ത്രണങ്ങൾ നിശ്ചയിക്കുമ്പോൾ കേരളത്തിന്റെ വിവിധ മേഖലകളിൽ വിവിധ സാഹചര്യങ്ങളിൽ ജീവിച്ചുപോന്നിരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്കകൾ വേണ്ടരീതിയിൽ അവിടെ പരിഗണിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, സമാനമായ ചില നിയമങ്ങൾ നടപ്പാക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറിയതും, ഉദ്യോഗസ്ഥ ആധിപത്യവും അഴിമതിയും വർദ്ധിച്ചതുമായി ബന്ധപ്പെട്ട ചില അനുഭവ വിവരണങ്ങളും മലയോര - ഹൈറേഞ്ച് മേഖലകളിൽ അധിവസിച്ചിരുന്നവരെ ആശങ്കയിലാഴ്ത്തി.

ഇത്തരം മേഖലകളിൽ കൃഷി ചെയ്ത് ജീവിച്ചിരുന്നവരിൽ ഭൂരിപക്ഷവും ക്രൈസ്തവർ ആയിരുന്നതിനാലും അത് ഒരു യഥാർത്ഥ പ്രതിസന്ധി ആയിരുന്നതിനാലും സ്വാഭാവികമായും വൈദികരും മെത്രാന്മാരും ജനങ്ങളുടെ ആശങ്കകളിൽ പങ്കുചേർന്ന് രംഗത്തുവന്നു. 2012 മുതൽ ഗാഡ്ഗിൽ റിപ്പോർട്ട് വെളിയിൽ വന്നത് മുതൽ രൂപപ്പെട്ടിരുന്ന ആശങ്കകളിൽ കാര്യക്ഷമമായി ഇടപെടണമെന്ന് പലരും ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും കാര്യമായി ഒന്നും ചെയ്തില്ല. സർക്കാർ ഇടപെടലോ, ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിയുന്ന ഏതെങ്കിലും രീതിയിലുള്ള പ്രവർത്തനങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിൽ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങാൻ നിർബ്ബന്ധിതരായി.

പരിസ്ഥിതിവാദികൾ എന്ന പേരിൽ രംഗത്തുവന്ന ചിലർ അക്കാലത്ത് കർഷകരെയും കുടിയേറ്റ ജനതയെയും കുറ്റക്കാരായി ചിത്രീകരിക്കുകയും ബുദ്ധിജീവികൾ ചമഞ്ഞ് മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു. തങ്ങൾക്കുവേണ്ടി സംസാരിക്കാനും ഇടപെടാനും ആരുമുണ്ടാവില്ല എന്ന ബോധ്യത്തിൽനിന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി പോലുള്ള സംഘടനകൾ രൂപംകൊള്ളുന്നത്.

ഈ ഘട്ടത്തിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ സ്വാഭാവികമായും സ്ഥലം എംപി ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട വ്യക്തിയാണ്. എന്നാൽ, ഇടുക്കി ജനതയുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് പി. ടി. തോമസ് മറ്റൊരു നിലപാട് സ്വീകരിക്കുകയും ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ഇടുക്കി രൂപതയ്ക്കും മെത്രാനും വൈദികർക്കും എതിരെ സംസാരിക്കുകയും ചെയ്തു. തങ്ങളുടെ പ്രശ്നത്തിൽ ഇടപെടില്ല എന്ന് വ്യക്തമായതോടെ ഇടുക്കിയിലെ ഭൂരിപക്ഷം ജനങ്ങൾ അദ്ദേഹത്തെ തള്ളിപ്പറയാൻ മടികാണിച്ചില്ല.

ഗാഡ്ഗിൽ റിപ്പോർട്ട് മുഴുവൻ പഠിച്ചിട്ടാണ് പി. ടി. അത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്ന് പലരും അന്നും ഇന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നത് കാണാറുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹം സ്വീകരിക്കുമായിരുന്ന നിലപാട് ഇതാകുമായിരുന്നില്ല. വളരെ മികച്ച ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനും മനുഷ്യ സ്നേഹിയുമായ പ്രൊഫ. മാധവ് ഗാഡ്ഗിൽ തന്റെ റിപ്പോർട്ടിൽ ചേർത്തിരുന്ന പല ആശയങ്ങളും നിർദ്ദേശങ്ങളും കർഷക പക്ഷം ചേർന്നുള്ളത് തന്നെയായിരുന്നു.

എന്നാൽ, ശരിയായ ബോധ്യങ്ങളുടെ അഭാവത്തിലാവണം, കേരളത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കാജനകമായ ചില നിർദ്ദേശങ്ങളും അതിലുണ്ടായിരുന്നു. അത്തരമൊരു സാഹചര്യം ഉടലെടുത്തപ്പോൾ ആ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ആരംഭഘട്ടത്തിൽ തന്നെ ഏറ്റെടുക്കാൻ എംപി എന്ന നിലയിൽ പി. ടി. ക്ക് കഴിയുമായിരുന്നു. ഒരുപക്ഷേ, പി. ടി.ക്കേ അത് കഴിയുമായിരുന്നുള്ളൂ. ആ ഘട്ടത്തിൽ പരിസ്ഥിതിസ്നേഹിയും ബുദ്ധിജീവിയും ചമഞ്ഞ് മറ്റൊരു നിലപാട് സ്വീകരിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ഒരു ജനപ്രതിനിധി അടിസ്ഥാനപരമായി ജന - പ്രതിനിധി തന്നെയാണ്. ജനവും പ്രകൃതിയും ഇവിടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

എന്നാൽ, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടുവേണം ഭരണകർത്താക്കൾ പ്രകൃതിയെ സംരക്ഷിക്കാനുള്ള നയങ്ങൾ രൂപപ്പെടുത്താൻ. അതുവേണമെന്നുതന്നെയാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പോലും അടിവരയിട്ട് പറഞ്ഞിട്ടുള്ളതും. എന്നാൽ, ഭരണകർത്താക്കളുടെയും ജനപ്രതിനിധികളുടെയും വിവേകരഹിതമായ പ്രവൃത്തികളും, ഇടപെടലുകൾ ആവശ്യമുള്ളപ്പോഴുള്ള നിഷ്ക്രിയത്വവും വിഷയത്തെ അതിസങ്കീർണ്ണമാക്കി തീർത്തു എന്ന് പറയാതിരിക്കാനാവില്ല.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇന്ന് ഈ നാട്ടിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന നിയമങ്ങൾക്ക് ചില പിന്നാമ്പുറങ്ങൾക്കൂടിയുണ്ടെന്നും, അവയുടെ ഉദ്ദേശ ശുദ്ധി സംശയനീയമാണെന്നതും ഒട്ടേറെപ്പേർ ചിന്തിക്കുന്ന വിഷയമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പും അതിനുശേഷവും ഇത്തരം ഗൗരവമേറിയ ചിന്തകൾ അനേകർ പങ്കുവയ്ക്കുകയുണ്ടായിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് തന്നെയും ലഭ്യമാകാൻ ഇടയായത് ദൽഹി ഹൈക്കോടതി ഇടപെടലാണ് എന്നുള്ളതും, ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചയായ അതേകാലഘട്ടത്തിൽ തന്നെ ലോക പൈതൃക പ്രദേശങ്ങളുടെ പട്ടികയിൽ പശ്ചിമഘട്ടം ഇടം പിടിച്ചതും തുടങ്ങി പല വസ്തുതകളും ചില അന്തർദേശീയ ഗൂഢാലോചനകളുടെ സൂചനകൾ നൽകുന്നുണ്ട്. റിപ്പോർട്ടുകൾക്ക് ഉള്ളിൽനിന്ന് മാത്രമല്ല പുറത്തുനിന്നും രൂപംകൊണ്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇന്നോളവും ഭരണകൂടങ്ങളോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ല.

അതേസമയം, ജനങ്ങളുടെ ആശങ്കകളുടെ ആഴം ഉൾക്കൊണ്ട് അവർക്കൊപ്പം നിന്ന കത്തോലിക്കാ സഭയെയും മെത്രാന്മാരെയും വൈദികരെയും അവഹേളിക്കാനും അവരെക്കുറിച്ചുള്ള ഇല്ലാക്കഥകൾ പ്രചരിപ്പിക്കാനും പലരും മത്സരിക്കുകയും ചെയ്തു. ബുദ്ധിജീവി കുപ്പായമണിഞ്ഞ കപട പരിസ്ഥിതി വാദികളുടെ പക്ഷം ചേർന്ന് സഭയ്‌ക്കെതിരായ പ്രചരണങ്ങൾ ഇന്നും തുടരുന്നു. രാഷ്ട്രീയ മുതലെടുപ്പുകളുടെയും വാശിയുടെയും ഭാഗമായി വർഷങ്ങൾ കഴിഞ്ഞിട്ടും ആവർത്തിക്കപ്പെടുന്ന ചില കള്ളങ്ങളുണ്ട്. അതിലൊന്നാണ് അന്നത്തെ ഇടുക്കി മെത്രാന്റെ അറിവോടെ വൈദികരും വിശ്വാസികളും ചേർന്ന് പി.ടി.യുടെ ശവമടക്ക് പ്രതീകാത്മകമായി നടത്തി എന്നുള്ളത്. ചില വൈദികരുടെ സാന്നിധ്യത്തിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ശവപ്പെട്ടിയിലാക്കികൊണ്ടുള്ള പ്രകടനങ്ങൾ നടക്കുകയുണ്ടായിരുന്നു.

എന്നാൽ, പി.ടി.യുടെ കോലം വച്ച് പ്രതിഷേധം സംഘടിപ്പിച്ചത് ചില രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലാണ്. അതിൽ വൈദികരുടെ പങ്കാളിത്തമോ അവരുടെ അറിവോ ഉണ്ടായിരുന്നില്ല. എന്നാൽ, പല പ്രകടനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും കൂട്ടിക്കലർത്തി ചില തൽപരകക്ഷികൾ പ്രചരിപ്പിച്ച വീഡിയോ അനേകരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷെ അതേ തെറ്റിദ്ധാരണയായിരിക്കണം പി.ടി.ക്കും ഉണ്ടായിരുന്നത്.

പലപ്പോഴും സ്ഥാപിത താൽപ്പര്യങ്ങളോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും അൽപ്പംകൂടി ജനപക്ഷത്ത് നിൽക്കാനും നീതിയോടും ന്യായത്തോടും സത്യത്തോടും വിശ്വസ്തത പുലർത്താനും ശ്രമിച്ചുതുടങ്ങുന്നതുവരെ ഇത്തരം നാടകങ്ങളും, അനാവശ്യ വിവാദങ്ങളും നാം കണ്ടുകൊണ്ടിരിക്കും. ഏതെങ്കിലും ഒരുകാലത്ത് എല്ലാവരും യാഥാർഥ്യങ്ങൾ തിരിച്ചറിയുകയും നെല്ലിനെയും പതിരിനെയും വേർതിരിക്കാൻ പര്യാപ്തരാവുകയും ചെയ്യുമെന്ന് കരുതാം. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »