Youth Zone - 2024

പുതുവര്‍ഷത്തില്‍ യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ സമഗ്ര പദ്ധതിയുമായി പോളിഷ് സഭ

പ്രവാചകശബ്ദം 04-01-2022 - Tuesday

വാര്‍സോ: 2022-ല്‍ യുവജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുവാനുള്ള പദ്ധതിയുമായി മധ്യ യൂറോപ്യന്‍ രാജ്യമായ പോളണ്ടിലെ കത്തോലിക്ക സഭ. പോളിഷ് മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലായ ബിഷപ്പ് ആര്‍തര്‍ മിസിന്‍സ്കിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുവതലമുറയുമായുള്ള അടുപ്പം കൂടുതല്‍ ഊഷ്മളമാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന്‍ പറഞ്ഞ ബിഷപ്പ്, ഇത് സാര്‍വ്വത്രിക സഭ നേരിടുന്ന വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. സുവിശേഷ സന്ദേശങ്ങളുമായി യുവജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും പോളണ്ടിലെ ഇടവകകളിലെ കത്തോലിക്ക സമൂഹവും, സംഘടനകളും ഈ ലക്ഷ്യം മുന്‍നിറുത്തിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു.

ഇതിനായി യുവതലമുറയുടെ ദൈനംദിന ജീവിതവും പ്രവര്‍ത്തനങ്ങളുമായി അടുക്കുന്നതിന് ആശയവിനിമയത്തിനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. പോളണ്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയെ ചൊല്ലി സഭാ നേതാക്കള്‍ക്കിടയില്‍ ആശങ്ക വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലുബ്ലിന്‍ അതിരൂപതയുടെ സഹായ മെത്രാന്‍ കൂടിയായ ബിഷപ്പ് മിസിന്‍സ്കിയുടെ ഈ അറിയിപ്പ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ പോളണ്ടിലെ യുവജനങ്ങളില്‍ വിശ്വാസത്തോടുള്ള ആഭിമുഖ്യം പകുതിയായി കുറഞ്ഞിട്ടുണ്ടെന്നു പോളിഷ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള കത്തോലിക്ക ഇന്‍ഫര്‍മേഷന്‍ ഏജന്‍സി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ പോളണ്ടിലെ സെമിനാരികളില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് പോളിഷ് സഭയും ഇക്കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നു. അതേസമയം 3.8 കോടിയോളം വരുന്ന പോളിഷ് ജനസംഖ്യയിലെ 91.9 ശതമാനവും പറയുന്നത് തങ്ങള്‍ വിശ്വാസികളാണെന്നാണ്. 36.9 ശതമാനം കത്തോലിക്കരും തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുമാണ്. പോളിഷ് സഭയുടെ സിനഡല്‍ കൂടിയാലോചനകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ വര്‍ഷവും അത് തുടരുമെന്നും, ഇടവകകളും, സംഘടനാ പ്രതിനിധികളും, അല്‍മായരും ഈ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 24